അബുദാബി : യുഎഇയിൽ 638പേർക്ക് കൂടി വെള്ളിയാഴ്ച്ച കോവിഡ് സ്ഥിരീകരിച്ചു. രണ്ടു പേർ കൂടി മരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 260ഉം, രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 33,170ഉം ആയതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. 412 പേര്‍ കൂടി സുഖം പ്രാപിച്ചതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 17,097ആയി ഉയർന്നു. 15,813 പേര്‍ ഇപ്പോള്‍ ചികിത്സയിലുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 36,000 പേര്‍ക്ക് കൊവിഡ് പരിശോധന നടത്തിയതായും 20 ലക്ഷത്തിലധികം കൊവിഡ് ടെസ്റ്റുകളാണ് രാജ്യത്ത് ഇതുവരെ നടത്തിയിട്ടുള്ളതെന്നും അധികൃതർ അറിയിച്ചു.
സൗദിയിൽ കോവിഡ് ബാധിച്ച് 17പേർ കൂടി വ്യാഴാഴ്ച്ച മരിച്ചു. ഏഴുപേർ വീതം മക്കയിലും ജിദ്ദയിലും ഒരാൾ മദീനയിലും രണ്ടുപേർ ദമ്മാമിലുമാണ് മരിച്ചത്. 1581 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 458ഉം, രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 81766ഉം ആയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. 2460 പേർ സുഖം പ്രാപിച്ചതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 57013ആയി ഉയർന്നു. നിലവിൽ 24,295 പേരാണ് ആശുപത്രികളിൽ ചികിത്സയിലുള്ളൂ. രാജ്യത്താകെ ഇതുവരെ 787,465 കോവിഡ് പരിശോധനകൾ നടന്നു.
Also read : കുവൈറ്റില്‍ മലയാളി യുവാവിനെ കെട്ടിടത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
ഖത്തറിൽ ആശങ്ക ഒഴിയുന്നില്ല, കഴിഞ്ഞ 24 മണിക്കൂറിനിടെ 3പേർകൂടി കോവിഡ് ബാധിച്ച് മരിച്ചു. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ ആയിരുന്ന 84 ഉം 48 ഉം 65 ഉം വയസുള്ളവരാണ് മരിച്ചത്. വിട്ടുമാറാത്ത മറ്റു രോഗങ്ങള്‍ കൂടിയുള്ളതാണ് ആരോഗ്യനില മോശമാകാന്‍ കാരണം. പ്രവാസിയാണോ സ്വദേശിയാണോ എന്നത് അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല. 1,993 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതുവരെയുള്ള പ്രതിദിന രോഗസംഖ്യയില്‍ വച്ചേറ്റവും ഉയര്‍ന്ന സംഖ്യയാണ് ഇന്നത്തേത്.ഇതോടെ രാജ്യത്ത് മരിച്ചവരുടെ എണ്ണം 36ഉം, രോഗം സ്ഥിരീകരിച്ചവർ 52,907ഉം ആയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
രോഗം ഭേദമാകുന്നവരുടെ പ്രതിദിന എണ്ണത്തിലും വര്‍ധനയുണ്ട്. 5,205 പേര്‍ കൂടി സുഖം പ്രാപിച്ചതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 20,604 ആയി ഉയർന്നു. നിലവിൽ 32,267പേരാണ് ചികിത്സയിലുള്ളത്. 216 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണ്. രോഗബാധിതരുമായി സമ്പര്‍ക്കം പുലര്‍ത്തുന്നവരെ കണ്ടെത്തി പരിശോധനക്ക് വിധേയമാക്കുന്നതിനാല്‍, ഇവരുടെ എണ്ണവും ഉയരുന്നുണ്ട്. 24 മണിക്കൂറിനിടെ 5,864 പേരില്‍ കൂടി കോവിഡ് പരിശോധന നടത്തിയതോടെ പരിശോധനക്ക് വിധേയമായവരുടെ എണ്ണം 2,12,897ആയി ഉയർന്നു.
Post Your Comments