വാഷിങ്ടന്‍ : ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കത്തില്‍ മധ്യസ്ഥത വഹിയ്ക്കാമെന്ന യുഎസിന്റെ നിലപാട് ഇന്ത്യ തള്ളിയതിനു പിന്നാലെ പ്രതികരണവുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ആ വലിയ തര്‍ക്കത്തെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസാരിച്ചിരുന്നെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള പുതിയ പൊട്ടിത്തെറിയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി അസ്വസ്ഥനാണെന്നും ട്രംപ് പറഞ്ഞു.
ഇന്ത്യയും ചൈനയും തമ്മില്‍ വലിയ സംഘര്‍ഷമാണ് നടന്നു കൊണ്ടിരിക്കുന്നതെന്നു ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. ‘ 130 കോടിയിലധികം ജനസംഖ്യയുള്ള രണ്ടു രാജ്യങ്ങള്‍. ഇരു രാജ്യങ്ങള്‍ക്കും ശക്തമായ സൈനികശേഷിയുണ്ട്. ഇന്ത്യ അസ്വസ്ഥമാണ്, അതേപോലെ ചൈനയും. ഞാന്‍ പ്രധാനമന്ത്രി മോദിയോട് സംസാരിച്ചിരുന്നു. ഇപ്പോള്‍ ചൈനയുമായി നടക്കുന്ന കാര്യത്തില്‍ അദ്ദേഹവും അസ്വസ്ഥനാണ്’- ട്രംപ് പറഞ്ഞു.
കഴിഞ്ഞ ദിവസം ഇന്ത്യയും ചൈനയുമായുള്ള പ്രശ്‌നത്തില്‍ മധ്യസ്ഥത വഹിക്കാന്‍ തയാറാണെന്ന് ട്രംപ് അറിയിച്ചിരുന്നു. എന്നാല്‍ ചൈനയുമായി സൈനിക, നയതന്ത്ര തലത്തില്‍ ചര്‍ച്ചകള്‍ നടക്കുകയാണ്. സമാധാനപരമായി പ്രശ്‌നം പരിഹരിക്കാനാണ് നീക്കമെന്നും യുഎസ് ഇടപെടേണ്ടെന്നുമാണ് ഇന്ത്യ മറുപടി നല്‍കിയത്. ഇതിനെ കുറിച്ച് ചോദിച്ചപ്പോള്‍ നേരത്തെ നല്‍കിയ വാഗ്ദാനം ആവര്‍ത്തിക്കുകയാണ് ട്രംപ് ചെയ്തത്. ‘ഞാന്‍ അത്(മധ്യസ്ഥത) വഹിക്കാന്‍ തയാറാണ്.
ലഡാക്കിലെ പാംഗോങ് തടാകത്തിനു സമീപം ഈമാസം ആദ്യം ഇന്ത്യയുടെയും ചൈനയുടൈയും സൈനികര്‍ തമ്മില്‍ മുഖാമുഖമെത്തി സംഘര്‍ഷമുണ്ടായിരുന്നു. ഇന്ത്യന്‍ സൈന്യത്തിന്റെ പട്രോളിങ് ചൈനീസ് സൈനികര്‍ തടസ്സപ്പെടുത്തിയതാണ് പ്രശ്‌നത്തിനു കാരണമായത്. മേയ് 9നു സമാനമായ പ്രശ്‌നമുണ്ടായിരുന്നു. ടിബറ്റിനു സമീപമുള്ള നാക്കു ലാ മേഖലയില്‍ സൈനികര്‍ തമ്മില്‍ കല്ലേറുണ്ടായി. ഇതിനു പിന്നാലെ അതിര്‍ത്തിയില്‍ സേനാവിന്യാസം അടക്കമുള്ളവ നടക്കുകയാണ്.
യുദ്ധസജ്ജമായിരിക്കാനും പരിശീലനം ഊര്‍ജിതമാക്കാനും സേനയോടു ചൈനീസ് പ്രസിഡന്റ് ഷീ ചിന്‍പിങ് നിര്‍ദേശിച്ചിരുന്നു. സംഘര്‍ഷാവസ്ഥ രൂക്ഷമാകുന്നതിനിടെ സൈനികമായി ഒരുങ്ങിയിരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും നിര്‍ദേശം നല്‍കി. അതിര്‍ത്തിയിലെ പുതിയ താവളങ്ങളില്‍ നിന്നു ചൈനീസ് സൈന്യം പിന്മാറാതെ സംഘര്‍ഷം പരിഹരിക്കാനാവില്ലെന്ന് ഇന്ത്യ നേരത്തെ വ്യക്തമാക്കിയിരുന്നു.
Post Your Comments