കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ മീന്‍ കച്ചവടം നടത്തുന്ന ആൾക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ആറ് പഞ്ചായത്തുകള്‍ അടച്ചുപൂട്ടി. ജില്ലയിലെ വടകര താലൂക്കില്‍ ഉൾപ്പെട്ട തൂണേരി ഗ്രാമപഞ്ചായത്തിലെ വ്യക്തിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. പ്രസ്തുത വ്യക്തി ആറു പഞ്ചായത്തുകളിലെ പല വ്യക്തികളുമായും സമ്പർക്കം പുലര്‍ത്തിയിരുന്നു.
ഈ സാഹചര്യത്തിൽ ബന്ധപ്പെട്ട പ്രദേശങ്ങള്‍ അതിതീവ്ര സോണാക്കി കലക്ടര്‍ സാംബശിവ റാവു പ്രഖ്യാപിച്ചു. തൂണേരി, പുറമേരി, നാദാപുരം, കുന്നുമ്മല്‍, കുറ്റിയാടി, വളയം ഗ്രാമപഞ്ചായത്തുകളും വടകര മുനിസിപ്പാലിറ്റിയിലെ 40, 45, 46 വാര്‍ഡുകളുമാണ് കണ്ടെയ്ന്മെന്റ് സോണാക്കിയത്.
അതേസമയം, സംസ്ഥാനത്ത് ഒരാൾ കൂടി ഇന്ന് കോവിഡ് ബാധിച്ച് മരിച്ചു. തിരുവല്ല സ്വദേശി ജോഷിയാണ് മരിച്ചത്. അബുദാബിയിൽ നിന്ന് നാട്ടിലെത്തി ചികിത്സയിലായിരുന്നു. ഈ മാസം 27നാണ് വിദഗ്ദ്ധ ചികിത്സക്കായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിയത്.
ഇദ്ദേഹത്തിന്റെ എല്ലാവരും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിയിട്ടുണ്ട്. മൃതദേഹം പ്രോട്ടോക്കോള്‍ അനുസരിച്ച് സംസ്കാരം നടത്തുവാനാണ് തീരുമാനിച്ചിരിക്കുന്നത്. കേരളത്തിലെ എട്ടാമത്തെ കോവിഡ് മരണമാണിത്.
സംസ്ഥാനത്ത് വ്യാഴാഴ്ചയും ഒരു കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തിരുന്നു. മെയ് 22ന് ജയ്പുര്‍- തിരുവനന്തപുരം സ്‌പെഷ്യല്‍ ട്രെയിനില്‍ തിരുവനന്തപുരത്ത് എത്തിയ 68 വയസ്സുള്ള തെലുങ്കാന സ്വദേശിയാണ് മരിച്ചത്. കുടുംബാംഗങ്ങള്‍ക്കൊപ്പം ആവശ്യമായ രേഖകളില്ലാതെ വന്ന ഇയാളെ പരിശോധനകള്‍ക്കു ശേഷം പൂജപ്പുര ഐ.സി.എമ്മില്‍ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചിരുന്നു.
Post Your Comments