KeralaLatest NewsNews

പുതിയ ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത ഐ. എ. എസിനെ അറിയാം

തിരുവനന്തപുരം • ഡോ.വിശ്വാസ് മേത്ത ഐ.എ.എസ് അടുത്ത ചീഫ് സെക്രട്ടറിയാകും. ആഭ്യന്തരവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയാണ് നിലവിൽ ഡോ. വിശ്വാസ് മേത്ത. 1986ലാണ് ഐ. എ. എസ് ലഭിച്ചത്. ദേശീയതലത്തിൽ ഒൻപതാം റാങ്ക് ആയിരുന്നു. ഐ. എ. എസ് ലഭിക്കുന്നതിന് മുമ്പ് 1985ൽ ഐ. പി. എസ് ലഭിച്ചിരുന്നു. 1983ൽ സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യയിൽ മാനേജ്മെന്റ് ട്രെയിനിയായിരുന്നു. പിന്നീട് ഓയിൽ ആന്റ് നാച്വറൽ ഗ്യാസ് കമ്പനിയിൽ എക്സിക്യൂട്ടീവ് ഓഫീസറായും പ്രവർത്തിച്ചു.

കൊല്ലം ജില്ലയിൽ അസിസ്റ്റന്റ് കളക്റായാണ് കേരളത്തിൽ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. 1987 ജൂൺ മുതൽ 1988 ജൂൺ വരെ കൊല്ലം ജില്ലയിൽ പ്രവർത്തിച്ചു. 1988 ഒക്ടോബർ മുതൽ 1991 ജനുവരി വരെ വയനാട് ജില്ലയിൽ മാനന്തവാടി അസിസ്റ്റന്റ് കളക്ടറായി. 1991 ജനുവരിയിൽ റവന്യു വകുപ്പിൽ ഡെപ്യൂട്ടി സെക്രട്ടറിയായി. 1992 ഫെബ്രുവരിയിൽ കേരള സ്റ്റേറ്റ് കോഓപ്പറേറ്റീവ് റബർ മാർക്കറ്റിംഗ് ഫെഡറേഷൻ ലിമിറ്റഡിൽ എം. ഡിയായി. 1994 നവംബറിൽ ഇടുക്കി ജില്ല കളക്ടറായി. അതേ വർഷം ഡിസംബറിൽ വയനാട് ജില്ലാ കളക്ടറായി. 1996 നംവംബർ മുതൽ മിൽമയുടെ മാനേജിംഗ് ഡയറക്ടറായി പ്രവർത്തിച്ചു.

1998 മാർച്ചിൽ ടൂറിസം ഡെപ്യൂട്ടി സെക്രട്ടറിയായി. 1999 മേയിൽ രാജസ്ഥാനിൽ ഉദയ്പൂരിൽ വെസ്റ്റ് സോൺ കൾച്ചറൽ സെന്റർ ഡയറക്ടറായി പ്രവർത്തിച്ചു. 2005 ജൂണിൽ കേരളത്തിലേക്ക് മടങ്ങിയെത്തിയ അദ്ദേഹം ആരോഗ്യവകുപ്പ് സെക്രട്ടറിയായി ചുമതലയേറ്റു. 2009 ജൂലൈയിൽ വീണ്ടും കേന്ദ്ര ഡെപ്യൂട്ടേഷനിൽ പോയി. ന്യൂഡൽഹി നാഷണൽ ഡിഫൻസ് കോളേജിൽ ജോയിന്റ് സെക്രട്ടറിയും സീനിയർ ഡയറക്ടിംഗ് സ്റ്റാഫായും പ്രവർത്തിച്ചു. തുടർന്ന് 2012 ഏപ്രിലിൽ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിൽ ജോ.സെക്രട്ടറിയായി. 2015 ജനുവരിയിൽ സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായി. 2015 ഏപ്രിലിൽ റവന്യു പ്രിൻസിപ്പൽ സെക്രട്ടറിയായി ചുമതലയേറ്റു. 2016 മാർച്ചിൽ റവന്യു അഡീഷണൽ ചീഫ് സെക്രട്ടറിയായി. 2016 ആഗസ്റ്റിൽ ന്യൂഡൽഹി കേരള ഹൗസിൽ റസിഡന്റ് കമ്മീഷണൽ ആന്റ് അഡീഷണൽ ചീഫ് സെക്രട്ടറിയായി ചുമതലയേറ്റു. 2018 മേയിൽ ആസൂത്രണ സാമ്പത്തികകാര്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയായി. 2018 ഡിസംബറിൽ ജലവിഭവ വകുപ്പിന്റെയും ഭവന വകുപ്പിന്റെയും അഡീഷണൽ ചീഫ് സെക്രട്ടറിയായി. 2019 ഏപ്രിൽ മുതൽ ആഭ്യന്തരം, വിജിൻസ് വകുപ്പുകളുടെ ചുമതലയും ലഭിച്ചു.

ജിയോളജിയിൽ എം എസ്സിയും എം. ബി. എ ബിരുദവും നേടി. 2003ൽ സാംസ്‌കാരിക ടൂറിസവും ഭരണനിർവഹണവും എന്ന വിഷയത്തിൽ പിഎച്ച് ഡി എടുത്തു.

അന്തർദ്ദേശീയ പ്രസിദ്ധീകരണങ്ങളിലുൾപ്പെടെ നിരവധി ലേഖനങ്ങൾ എഴുതിയിട്ടുണ്ട്. കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ പ്രതിരോധ പ്രവർത്തനത്തിന്റെയുൾപ്പെടെ ഏകോപനവും നിർവഹിച്ചു വരുന്നു.

shortlink

Post Your Comments


Back to top button