KeralaLatest NewsNews

കോവിഡ് സാഹചര്യത്തിൽ ജനങ്ങളെ ആശങ്കയിലാക്കുന്ന തരത്തില്‍ വ്യാജ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിക്കൊരുങ്ങി പൊലീസ്

കാസര്‍കോട്: കോവിഡ് സാഹചര്യത്തിൽ ജനങ്ങളെ ആശങ്കയിലാക്കുന്ന തരത്തില്‍ വ്യാജ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിക്കൊരുങ്ങി പൊലീസ്. രോഗ ബാധയുടെയും ഇളവുകളുടെയും പേരിലാണ് വടക്കന്‍ കേരളത്തില്‍ വ്യാപകമായി വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത്. വിവിധ വാട്സ്‌ആപ് ഗ്രൂപ്പുകള്‍ വഴിയാണ് വ്യാജപ്രചരണം കൊഴുക്കുന്നത്.

ഇത്തരത്തില്‍ വ്യാജപ്രചരണം നടത്തുന്നവരെ കണ്ടെത്താനും അവര്‍ക്കെതിരെ കര്‍ശന നിയമ നടപടി സ്വീകരിക്കാനും പൊലീസ് ജാഗ്രതയിലാണ്. വ്യാജപ്രചരണം നടത്തുന്നവര്‍ക്കെതിരെ ദാക്ഷിണ്യമില്ലാത്ത നടപടി കൈക്കൊള്ളാനാണ് പൊലീസ് തീരുമാനം.

കഴിഞ്ഞ ദിവസം വോര്‍ക്കാടി പഞ്ചായത്തില്‍ ചിലര്‍ വ്യാപകമായി വ്യാജപ്രചരണം നടത്തിയിരുന്നു. കൊവിഡ് ബാധിതന്‍ ബാര്‍ബര്‍ ഷാപ്പിലെത്തി തലമുടി വെട്ടിയെന്നും പഞ്ചായത്താകെ അടച്ചിടാന്‍ പോകുന്നുവെന്നുമായിരുന്നു പ്രചാരണം. ഇത് നാട്ടുകാരെയാകെ പരിഭ്രാന്തരാക്കി. ബഹുഭൂരിഭാഗം നാട്ടുകാരും നിജസ്ഥിതി അന്വേഷിച്ച്‌ പൊലീസ് സ്റ്റേഷനുകളിലേക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പത്രങ്ങളുടെ ഓഫീസിലേക്കും അടിക്കടി ഫോണ്‍ ചെയ്തു.

വ്യാജവാര്‍ത്ത പരക്കെ പ്രചരിച്ചതോടെ പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ളവര്‍ രംഗത്തെത്തിയതാണ് നാട്ടുകാരെ സത്യാവസ്ഥ ബോധ്യപ്പെടുത്തിയത്. ഇത്തരം പ്രചാരണം നടത്തിയവരെ അന്വേഷണത്തില്‍ കണ്ടെത്തിയതായാണ് സൂചന. ഇതിനുപിന്നാലെയാണ് ആരാധനാലയങ്ങള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട മറ്റു ചിലര്‍ വ്യാജ പ്രചാരണം തുടങ്ങിയത്. സൗദി അറേബ്യയില്‍ മസ്ജിദ് തുറക്കാന്‍ അനുമതി കൊടുത്തതിന്റെ ചില ഭാഗങ്ങള്‍ അടര്‍ത്തിയെടുത്ത് കേരളത്തിലും അനുവാദം കൊടുത്തുവെന്ന തരത്തിലായിരുന്നു പ്രചാരണം. ഇതും പൊലീസ് ഏറെ ഗൗരവത്തോടെയാണ് കാണുന്നത്.

ഇത്തരം പ്രചാരണം നടത്തിയ ഗ്രൂപ്പുകളെപ്പറ്റി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഗ്രൂപ്പുകളില്‍ പ്രചരിക്കുന്ന ഇത്തരം സന്ദേശങ്ങളുടെ സത്യാവസ്ഥ മനസിലാക്കാതെ മറ്റു ചിലര്‍ ഇതെടുത്ത് സമൂഹ മാധ്യമങ്ങളില്‍ ഷെയര്‍ ചെയ്യുന്നുമുണ്ട്. വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കാന്‍ ചിലര്‍ ബോധപൂര്‍വം നീക്കം നടത്തുന്നുവെന്നാണ് പൊലീസ് കണ്ടെത്തിയിട്ടുള്ളത്. ഇത്തരം പ്രചാരണങ്ങള്‍ തുടര്‍ന്നാല്‍ അവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു. കൊവിഡിന്റെ പേരില്‍ വ്യാജപ്രചരണം നടത്തിയാല്‍ കര്‍ശന നടപടി കൈക്കൊള്ളുമെന്നും പരാതി ലഭിച്ചാല്‍ കേസെടുക്കുമെന്നും ജില്ലാ പൊലീസ് മേധാവി പി.എസ് സാബു പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button