തിരുവനന്തപുരം: സംസ്ഥാനത്തിന്റെ കോവിഡ് പ്രതിരോധ നടപടികളിൽ ആത്മവിശ്വാസം പ്രകടിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രം കുറ്റപ്പെടുത്തിയ സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളം ഉണ്ടാകില്ലെന്നും ഇത്രയും നാൾ പാലിച്ച ജാഗ്രത തുടർന്നാൽ കേരളത്തിൽ സമൂഹ വ്യാപനം തടഞ്ഞ് നിർത്താനാകുമെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിന്റെ പ്രതിരോധം വ്യത്യസ്തമാകുന്നത് ജനത്തിന്റെയും സർക്കാരിന്റെയും ഐക്യം മൂലമാണ്. ഇത് വികൃതമായി ചിത്രീകരിക്കാൻ ചിലർ ശ്രമിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
കോവിഡ് മഹാമാരി റിപ്പോർട്ട് ചെയ്യപ്പെട്ടപ്പോൾ ആലപ്പുഴയിൽ മാത്രമാണ് സ്രവ പരിശോധനാ സൗകര്യം ഉണ്ടായിരുന്നത്. ഇപ്പോൾ 15 സർക്കാർ സ്ഥാപനങ്ങളിൽ ഐസിഎംആർ അനുമതിയോട് കൂടി ടെസ്റ്റിങ് തുടങ്ങി. ആദ്യ ഘട്ടത്തിൽ കേരളത്തിന് വളരെ കുറച്ച് ടെസ്റ്റ് കിറ്റുകളേ ഐസിഎംആറിൽ നിന്ന് ലഭിച്ചിരുന്നുള്ളൂ. എന്നാൽ ഐസിഎംആർ നിർദ്ദേശ പ്രകാരമുള്ള ടെസ്റ്റിന് കുറവുണ്ടായിരുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് ബാധിച്ച് ഏറ്റവും കുറഞ്ഞ തോതിൽ ആളുകൾ മരിച്ച സംസ്ഥാനങ്ങളിലൊന്ന് കേരളമാണ് 0.5 ആണ് മരണനിരക്ക്. ദേശീയ നിരക്ക് 2.89 ശതമാനമാണ്. രോഗമുക്തി നേടുന്നവരുടെ കാര്യത്തിലും സംസ്ഥാനം മുന്നിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments