ന്യൂഡല്‍ഹി: വന്ദേ ഭാരത് മിഷന്റെ ഭാഗമായി അമേരിക്കയില്‍ നിന്നുള്ള ഇന്ത്യന്‍ പൗരന്മാരെ നാട്ടിലെത്തിക്കുന്നതിന് രണ്ടാം ഘട്ടത്തിൽ പതിനൊന്ന് വിമാനങ്ങള്‍ അയക്കുമെന്ന് കേന്ദ്ര വ്യോമയാന വകുപ്പ് അറിയിച്ചു. എയര്‍ ഇന്ത്യയുടെ വിമാനങ്ങളാണ് രണ്ടാം ഘട്ടത്തിലും സേവനത്തിന് തയ്യാറായി ഉള്ളത്. അമേരിക്കയിലെ ഇന്ത്യന്‍ എംബസ്സിയുടെ നിര്‍ദ്ദേശമനുസരിച്ചാണ് ഇന്ത്യയിലെ മേഖലകള്‍ തിരിച്ച് യാത്രക്കാരെ എത്തിക്കുക. അടുത്തടുത്തുള്ള സംസ്ഥാനങ്ങളിലെ യാത്രക്കാരെ ഒരേ വിമാനത്തില്‍ കയറ്റാവുന്ന തരത്തിലാണ് സംവിധാനം ഒരുക്കിയിട്ടുള്ളത്.
മെയ് 28 മുതല്‍ ജൂണ്‍ 15 വരെയാണ് എംബസിയുടെ കണക്കനുസരിച്ച് രണ്ടാം ഘട്ടത്തിലെ 11 വിമാനങ്ങള്‍ ക്രമപ്പെടുത്തിയിരിക്കുന്നത്. 11 വിമാനങ്ങളില്‍ 4 എണ്ണം ചിക്കാഗോയില്‍ നിന്നും രണ്ടെണ്ണം സാന്‍ ഫ്രാന്‍സിസ്‌കോ, വാഷിംഗ്ടണ്‍ ഡിസി, ന്യൂയോര്‍ക്ക് എന്നിവിടങ്ങളിൽ നിന്നും ഒരെണ്ണം ന്യൂവാക് എന്നീ നഗരത്തില്‍ നിന്നും ഇന്ത്യക്കാരെ കയറ്റും.
വിമാനങ്ങളിലെ സീറ്റുകള്‍ പരിമിതമായതിനാല്‍ വളരെ ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ക്കാണ് മുന്‍ഗണന. ജൂണ്‍ 15ന് ശേഷമുള്ള മൂന്നാം ഘട്ടത്തിന്റെ തയ്യാറെടുപ്പും പൂര്‍ത്തിയായതായി എംബസി അറിയിച്ചു. മെയ്16ന് ആരംഭിച്ച ഇന്ത്യയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ രക്ഷാ ദൗത്യത്തില്‍ ഇതുവരെ 158 വിമാനങ്ങള്‍ ഇന്ത്യയിലേക്ക് 30,000ലധികം യാത്രാക്കാരെ എത്തിച്ചുകഴിഞ്ഞു. ഇന്ത്യയില്‍ നിന്നും വിദേശത്തേക്ക് മടങ്ങിയ10,000 പേരെ 164 വിമാനങ്ങളിലായിട്ടാണ് എത്തിച്ചിരിക്കുന്നതെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു.
Post Your Comments