ജനീവ: ഇന്ത്യന്‍ സൈനിക ഉദ്യോഗസ്ഥയ്ക്ക് യു.എന്‍ പുരസ്കാരം. യു.എന്‍ സമാധാന ദൗത്യത്തിന്റെ ഭാഗമായാണ് ഇന്ത്യന്‍ സൈനിക ഉദ്യോഗസ്ഥയ്ക്ക് യു.എന്‍ പുരസ്കാരം ലഭിച്ചത്. മേജര്‍ സുമന്‍ ഗവാനിക്കാണ് 2019ലെ യുണൈറ്റഡ് നേഷന്‍സ് മിലിട്ടറി ജെന്‍ഡര്‍ അഡ്വക്കേറ്റ് ഒഫ് ദി ഇയര്‍ പുരസ്‌കാരം ലഭിച്ചത്. കാര്‍ല മൊന്റയ്‌റോ ദെ കാസ്‌ട്രോ അറൗജോ എന്ന ബ്രസീലിയന്‍ വനിത കമാന്‍ഡറും ഇവര്‍ക്കൊപ്പം പുരസ്‌കാരം പങ്കിടുന്നുണ്ട്. നിലവില്‍ സൗത്ത് സുഡാനിലെ യു.എന്‍ മിഷന്റെ ഭാഗമായി മിലിട്ടറി ഒബ്‌സര്‍വറായി പ്രവര്‍ത്തിക്കുകയാണ് സുമന്‍ ഗവാനി.
ഇതാദ്യമായാണ് യു.എന്നിന്റെ ഈ സുപ്രധാനമായ പുരസ്‌കാരം രണ്ട് വനിതകള്‍ പങ്കിടുന്നത്. ശക്തരായ റോള്‍ മോഡലുകള്‍ക്ക് യു.എന്‍ നല്‍കുന്ന അവാര്‍ഡാണിത്. മാത്രമല്ല ഈ അവാര്‍ഡ് ലഭിക്കുന്ന ആദ്യ ഇന്ത്യന്‍ സൈനിക ഉദ്യോഗസ്ഥയാണ് സുമന്‍ ഗവാനി. മെയ് 29ന് നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം നല്‍കും. യു.എന്‍ സെക്രട്ടറി ജനറല്‍ ചടങ്ങില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ പങ്കെടുക്കും.
സ്ത്രീകള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ തടയാനുള്ള പദ്ധതികള്‍ തയ്യാറാക്കാന്‍ സുഡാന്‍ സര്‍ക്കാരിനെ സഹായിക്കുക എന്ന പ്രവര്‍ത്തനവും ഇവരുടെ ജോലിയുടെ ഭാഗമാണ്.2011-ലാണ് സുമന്‍ ഇന്ത്യന്‍ സൈന്യത്തില്‍ അംഗമായത്. ഓഫീസേഴ്‌സ് അക്കാഡമിയിലെ പരിശീലനത്തിന് ശേഷം ആര്‍മി സിഗ്നല്‍ കോര്‍പ്‌സില്‍ ആണ് സൈനികസേവനം തുടങ്ങിയത്.
Post Your Comments