![covid-free](/wp-content/uploads/2020/05/covid-free.jpg)
തിരുവനന്തപുരം • കോവിഡ് രോഗികള്‍ ഏറിവരുന്ന സാഹചര്യത്തില്‍ അടുത്ത ഘട്ടത്തില്‍ സൗജന്യ ചികിത്സയും നിർത്തേണ്ടിവരുമെന്ന് മാധ്യമപ്രവര്‍ത്തകന്റെ കുറിപ്പ്. സാമ്പത്തികശേഷിയുള്ള എല്ലാവരിൽനിന്നും ചികിത്സക്ക് പണം വാങ്ങേണ്ടിവരും. കാരണം കോവിഡ് രോഗിയെ ആശുപത്രിയിൽ പരിചരിക്കുക എന്നത് വലിയ ചിലവുള്ള ഒന്നാണ്. രോഗിയായ ഒരാളെ നെഗറ്റീവ് ആകുംവരെ ആശുപത്രിയിൽതന്നെ താമസിപ്പിക്കുന്നത് ഉടന്‍ അവസാനിപ്പിക്കേണ്ടി വരുമെന്നും മാധ്യമ പ്രവര്‍ത്തകന്‍ അബ്ദുള്‍ റഷീദ് തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.
പോസിറ്റിവ് എന്ന് അറിഞ്ഞാലുടൻ ആംബുലൻസ് അയച്ചു കൊണ്ടുവന്ന് ആശുപത്രിയിൽ ആക്കുന്നതും അടുത്ത ഘട്ടത്തിൽ അവസാനിക്കും. വലിയ പ്രശ്നങ്ങൾ ഇല്ലെങ്കിൽ വീട്ടിൽതന്നെ ഏകാന്തവാസം മതി. ലോകത്ത് എല്ലായിടത്തും അങ്ങനെയാണ്. ഇന്ത്യയിലും ഇതും കേന്ദ്ര നിർദേശമായി വന്നിട്ടുണ്ട്.ആരും എപ്പോഴും സംസ്ഥാനത്തേക്ക് വന്നോട്ടെ എന്ന നിലപാട് പറ്റില്ല. ആളുകൾ അങ്ങനെ ഇരച്ചുകയറി വന്നാൽ താമസിപ്പിക്കാൻ ഇവിടെ സൗകര്യം ഇല്ല. 14 ദിവസ സർക്കാർ ക്വറന്റീൻ ഏഴു ദിവസമാക്കി കുറയ്ക്കണമെന്ന കേരള നിലപാട് ഇപ്പോൾ കേന്ദ്ര ആരോഗ്യമന്ത്രാലയവും അംഗീകരിച്ചിട്ടുണ്ട്. ലക്ഷക്കണക്കിനാളുകളെ പരസ്പര സമ്പർക്കം ഇല്ലാതെ 14 ദിവസം സർക്കാർ ചെലവിൽ താമസിപ്പിക്കുക അപ്രായോഗികമാണ്. കേരളത്തിലൊന്നും അത് നടപ്പുള്ള കാര്യമല്ല.
ലോകത്ത് എല്ലാ രാജ്യങ്ങളും ഈ മഹാമാരിയെ ഇങ്ങനെയൊക്കെത്തന്നെയാണ് നേരിടുന്നത്. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളും പല വിധ സഹായങ്ങളാൽ ആണ് പിടിച്ചുനിൽക്കുന്നത്. മിക്ക സംസ്ഥാനങ്ങളും പിടിച്ചുനിൽക്കാൻ പ്രയാസപ്പെടുകയാണ്. പിന്നെ കേരളത്തിൽ ഇതൊക്കെ വൻ വിവാദമാകാൻ ഒരു കാരണം അതിഭാവുകത്വം നിറഞ്ഞ അവകാശവാദങ്ങളാണെന്നും അബ്ദുല്‍ റഷീദ് പറയുന്നു.
അബ്ദുള്‍ റഷീദിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം
അടുത്ത ഘട്ടത്തിൽ സൗജന്യ ചികിത്സയും നിർത്തേണ്ടിവരും. സാമ്പത്തികശേഷിയുള്ള എല്ലാവരിൽനിന്നും ചികിത്സക്ക് പണം വാങ്ങേണ്ടിവരും. കാരണം കോവിഡ് രോഗിയെ ആശുപത്രിയിൽ പരിചരിക്കുക എന്നത് വലിയ ചിലവുള്ള ഒന്നാണ്.
ഒരു N95 മാസ്കിന് തന്നെ 150 മുതൽ 500 രൂപ വരെ വിലയുണ്ട്.
രോഗിയായ ഒരാളെ നെഗട്ടീവ് ആകുംവരെ ആശുപത്രിയിൽതന്നെ താമസിപ്പിക്കുന്നത് ഉടൻ അവസാനിപ്പിക്കേണ്ടി വരും. 45 ദിവസംവരെയൊക്കെ ഒരാളെ നെഗട്ടീവ് ആകാൻ വേണ്ടി ആശുപത്രിയിൽ സർക്കാർ ചെലവിൽ താമസിപ്പിക്കേണ്ടതില്ല. മൂന്നു ദിവസം പനിയോ അവശതയോ ഇല്ലെങ്കിൽ അയാളെ ഡിസ്ചാർജ് ചെയ്ത് വീട്ടിലാക്കി വിശ്രമം നിർദേശിച്ചാൽ മതി. സമ്പർക്ക വിലക്ക് പാലിക്കണം എന്നു മാത്രം. ഇപ്പോൾതന്നെ ഇക്കാര്യം കേന്ദ്ര നിർദേശമായി വന്നിട്ടുണ്ട്.
പോസിറ്റിവ് എന്ന് അറിഞ്ഞാലുടൻ ആംബുലൻസ് അയച്ചു കൊണ്ടുവന്ന് ആശുപത്രിയിൽ ആക്കുന്നതും അടുത്ത ഘട്ടത്തിൽ അവസാനിക്കും. വലിയ പ്രശ്നങ്ങൾ ഇല്ലെങ്കിൽ വീട്ടിൽതന്നെ ഏകാന്തവാസം മതി. ലോകത്ത് എല്ലായിടത്തും അങ്ങനെയാണ്. ഇന്ത്യയിലും ഇതും കേന്ദ്ര നിർദേശമായി വന്നിട്ടുണ്ട്.
ആരും എപ്പോഴും സംസ്ഥാനത്തേക്ക് വന്നോട്ടെ എന്ന നിലപാട് പറ്റില്ല. ആളുകൾ അങ്ങനെ ഇരച്ചുകയറി വന്നാൽ താമസിപ്പിക്കാൻ ഇവിടെ സൗകര്യം ഇല്ല. ഇപ്പോൾതന്നെ ഗുജറാത്തും മഹാരാഷ്ട്രയും ട്രെയിനിൽ കേരളത്തിലേക്ക് ആളുകളെ അയയ്ക്കാൻ തുടങ്ങിയപ്പോൾ കേരളം അല്പം സാവകാശം അവരോട് ചോദിച്ചു. ക്വറന്റീനും പരിശോധനയും മറ്റും ഒരുക്കാനുള്ള രണ്ടു മൂന്നു ദിവസങ്ങൾ. ഏത് സംസ്ഥാനത്തിനും ഈ സാവകാശം വേണ്ടിവരും.
14 ദിവസ സർക്കാർ ക്വറന്റീൻ ഏഴു ദിവസമാക്കി കുറയ്ക്കണമെന്ന കേരള നിലപാട് ഇപ്പോൾ കേന്ദ്ര ആരോഗ്യമന്ത്രാലയവും അംഗീകരിച്ചിട്ടുണ്ട്. ലക്ഷക്കണക്കിനാളുകളെ പരസ്പര സമ്പർക്കം ഇല്ലാതെ 14 ദിവസം സർക്കാർ ചെലവിൽ താമസിപ്പിക്കുക അപ്രായോഗികമാണ്. കേരളത്തിലൊന്നും അത് നടപ്പുള്ള കാര്യമല്ല.
ഏത് വെല്ലുവിളിയും നേരിടാൻ നമ്മൾ സജ്ജമൊന്നുമല്ല. ഇനിയും രണ്ടു മൂന്നു ലക്ഷം ആളുകൾ വരാനുണ്ട്. കുറച്ച് ആഴ്ചകൾ ദിവസവും 60 -100 പുതിയ രോഗികൾ ഉണ്ടാകും. നാലോ അഞ്ചോ ലക്ഷം ആളുകളെ വരെ ആകെ നിരീക്ഷണത്തിൽ ആക്കേണ്ടി വരും. രാഷ്ട്രീയ ഭേദമില്ലാതെ എല്ലാ മലയാളികളും പിന്നെ കേന്ദ്രവും കേരളത്തിലെ ജീവനക്കാരുമൊക്കെ സഹായിച്ചു സഹകരിച്ചാൽ വലിയ പരിക്കില്ലാതെ രക്ഷപ്പെട്ടേക്കാം എന്ന് മാത്രം. നല്ല കരുതലും സഹകരണവും എല്ലാവരും പുലർത്തിയാൽ. ഇനി അങ്ങോട്ട് സ്വകാര്യ മേഖലയുടെ പിന്തുണയും വേണം. ഒരാളെയും സർക്കാർ ആയി പിണക്കരുതാത്ത കാലം.
ക്വറന്റീന് പണം വാങ്ങുന്നു എന്ന് പറഞ്ഞു കേരളത്തെയോ പിണറായി സർക്കാറിനെയോ കുറ്റപ്പെടുത്തിയിട്ട് കാര്യമൊന്നും ഇല്ല. ഈ കെട്ടിടങ്ങളൊക്കെ ഏറ്റെടുത്തിരിക്കുന്നത് സൗജന്യമായല്ല. കറന്റ് ബില്ലും വാട്ടർ ബില്ലും അടയ്ക്കാനുള്ള പണമെങ്കിലും തരണമെന്ന് ഉടമകൾ സർക്കാരിനോട് ആവശ്യപ്പെട്ടു കഴിഞ്ഞു. എവിടുന്ന് എടുത്തു കൊടുക്കും? വരുമാനം പാതി പോലും ഇല്ല.
ലോകത്ത് എല്ലാ രാജ്യങ്ങളും ഈ മഹാമാരിയെ ഇങ്ങനെയൊക്കെത്തന്നെയാണ് നേരിടുന്നത്. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളും പല വിധ സഹായങ്ങളാൽ ആണ് പിടിച്ചുനിൽക്കുന്നത്. കുറച്ചു ഡോക്റ്റർമാരെ അയച്ചു സഹായിക്കാമോ എന്ന് ചോദിച്ചു മഹാരാഷ്ട്ര ഇന്നലെ കേരളത്തിന് കത്തയച്ചിട്ടുണ്ട്. മതിയായ ഡോക്ടർമാരും നഴ്‌സുമാരും ഇല്ലെന്ന് അവർ ആ കത്തിൽ പറയുന്നുണ്ട്. മിക്ക സംസ്ഥാനങ്ങളും പിടിച്ചുനിൽക്കാൻ പ്രയാസപ്പെടുകയാണ്.
പിന്നെ കേരളത്തിൽ ഇതൊക്കെ വൻ വിവാദമാകാൻ ഒരു കാരണം അതിഭാവുകത്വം നിറഞ്ഞ അവകാശവാദങ്ങളാണ്. എത്ര പേർ വന്നാലും നമ്മൾ സജ്ജം, ഇതേ മഹാമാരിയോട് പൊരുതുന്ന സകലരേക്കാളും കേമം നമ്മൾ തുടങ്ങിയ വീരവാദങ്ങൾ ഒഴിവാക്കി വസ്തുനിഷ്ഠമായി കാര്യങ്ങൾ ആദ്യമേ പറഞ്ഞാൽതന്നെ പകുതി വിവാദങ്ങൾ ഒഴിവാകും. കൂടുതൽ ആളുകൾ സഹകരിക്കുകയും സഹായിക്കുകയും ചെയ്യും. തങ്ങളല്ലാത്ത സകലരും കേരളത്തെ തകർക്കാൻ നടക്കുന്നവരെന്ന സൈബർ കുപ്രചരണംതന്നെ മതി ഒരുവിധം ആളുകളെ വെറുപ്പിക്കാൻ.
കേരളത്തിനൊപ്പമോ അതിനേക്കാൾ മികച്ച രീതിയിലോ ഈ രോഗത്തെ നേരിടുന്ന ചില സംസ്ഥാനങ്ങൾ എങ്കിലും ചേർന്നതാണ് ഇന്ത്യ എന്നോർത്താൽ നന്ന്.
https://www.facebook.com/abdul.rasheed.73932/posts/10220864648861342
Post Your Comments