തിരുവനന്തപുരം • മേയ് 26ന് നടക്കുന്ന വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷ 56,345 കുട്ടികളും എസ്.എസ്.എൽ.സി പരീക്ഷ 4,22,450 കുട്ടികളുമാണ് എഴുതുന്നത്. മേയ് 27ന് നടക്കുന്ന 11, 12 ക്ലാസുകളിലെ പരീക്ഷ 4,00,704 പേരാണ് എഴുതുന്നത്. സംസ്ഥാനത്തും ലക്ഷദ്വീപ്, ഗൾഫ് എന്നിവിടങ്ങളിലുമായി എസ്.എസ്.എൽ.സിക്ക് 2,945 പരീക്ഷാകേന്ദ്രങ്ങളും ഹയർ സെക്കൻഡറിക്ക് 2,032 കേന്ദ്രങ്ങളും വൊക്കേഷണൽ ഹയർ സെക്കൻഡറിക്ക് 389 കേന്ദ്രങ്ങളുമുണ്ട്.
പരീക്ഷ എഴുതുന്ന മുഴുവൻ കുട്ടികളുടെയും ആരോഗ്യസുരക്ഷ ഉറപ്പുവരുത്തുന്നതിന് പരീക്ഷാഹാളുകൾ, ഫർണിച്ചറുകൾ, സ്‌കൂൾ പരിസരം എന്നിവ അണുവിമുക്തമാക്കുന്നതിനുള്ള നടപടികൾ കേരള ഫയർ ഫോഴ്‌സിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. ആരോഗ്യവകുപ്പ്/ പി.ടി.എ/ സന്നദ്ധ സംഘടനകൾ/ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ എന്നിവരുടെ സഹായവും ലഭിച്ചു.
ആരോഗ്യസുരക്ഷ ഉറപ്പുവരുത്തുന്നതിന് പരീക്ഷ എഴുതുന്ന മുഴുവൻ കുട്ടികൾക്കും 25 ലക്ഷത്തോളം മാസ്‌ക്കുകൾ വിതരണം ചെയ്തു. നാഷണൽ സർവീസ് സ്‌കീം/ സമഗ്ര ശിക്ഷ കേരള എന്നിവ ചേർന്നാണ് മാസ്‌ക്കുകൾ തയ്യാറാക്കിയത്. പരീക്ഷാകേന്ദ്രങ്ങൾക്ക് ആവശ്യമായ ഐ.ആർ തെർമോമീറ്ററുകൾ (5000 എണ്ണം), എക്‌സാമിനേഷൻ ഗ്ലൗസ് (5 ലക്ഷം ജോഡി) എന്നിവ ജില്ലാ വിദ്യാഭ്യാസ ഓഫീസുകൾ മുഖേന വിതരണം നടത്തി. ഉപയോഗശേഷം ഗ്ലൗസുകൾ ഐ.എം.എയുടെ സഹായത്തോടെ ശാസ്ത്രീയമായി ശേഖരിക്കും.
ലോക്ക്ഡൗണിന്റെ പ്രത്യേക സാഹചര്യത്തിൽ കുട്ടികൾക്ക് പരീക്ഷാകേന്ദ്രങ്ങളിലെത്തുന്നതിന് അവർ ആവശ്യപ്പെട്ട ജില്ലകളിലേക്ക് പരീക്ഷാകേന്ദ്രം മാറ്റിനൽകിയിട്ടുണ്ട്. എസ്.എസ്.എൽ.സിക്ക് 1866, ഹയർ സെക്കൻഡറി വിഭാഗത്തിൽ 8,835, വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ 219 എന്ന ക്രമത്തിൽ കുട്ടികൾ ഈ സൗകര്യം പ്രയോജനപ്പെടുത്തി.
Post Your Comments