കുമളി • കോവിഡ് പ്രതിസന്ധികളൊന്നും പ്രസാദിന്റെയും ഗായത്രിയുടെയും പുതു ജീവിതാരംഭത്തിന് തടസമായില്ല. വധുവും വരനും കേരള- തമിഴ്നാട് സ്വദേശികളാകുമ്പോൾ ഇരു സംസ്ഥാനത്തിന്റെയും അതിർത്തിയായ കുമളി ചെക്ക് പോസ്റ്റു തന്നെ ഈ വിവാഹത്തിന് അനുയോജ്യമായ മണ്ഡപമായി. കമ്പം കാളിയമ്മൻ കോവിൽ സ്ട്രീറ്റ്, പുതുപ്പെട്ടി രത്തിനം മകൻ പ്രസാദും കോട്ടയം കാരാപ്പുഴ ഗണേശന്റെ മകൾ ഗായത്രിയും തമ്മിലുള്ള വിവാഹത്തിനാണ് കുമളി ചെക്ക് പോസ്റ്റ് സാക്ഷ്യം വഹിച്ചത്. ജെ സി ബി ഓപ്പറേറ്ററും അനുബന്ധ ബിസിനസും ചെയ്യുന്ന പ്രസാദ് കേരളത്തിലാണ് കൂടുതലായും ജോലി ചെയ്തുവരുന്നത്. കേരളവും കോട്ടയവുമായുള്ള ഈ ബന്ധമാണ് വിവാഹത്തിലെത്തിയത്.
വരനും കൂട്ടരും തമിഴ്നാട്ടിൽ നിന്നും വധുവും കൂട്ടരും കോട്ടയത്തുനിന്നും കുമളിയിലെത്തി. വരന് കേരളത്തിലേയ്ക്കുള്ള പാസും വധുവിന് തമിഴ്നാട്ടിലേയ്ക്കുള്ള പാസും ഇല്ലാതിരുന്നതിനാൽ
കേരള ചെക്ക് പോസ്റ്റിൽ വച്ച് താലിചാർത്തി, പരസ്പരം പൂമാലയിട്ട് വിവാഹം സമംഗളം നടന്നു.
അതിർത്തിയിൽ കോവിഡ് പ്രത്യേക ഡ്യൂട്ടി ചെയ്യുന്ന റവന്യു ജീവനക്കാരും അതിർത്തി പോലീസും വോളണ്ടിയേഴ്സും ചെക്ക് പോസ്റ്റിലെ വിവാഹത്തിന് സാക്ഷികളായി. വിവാഹം നടന്നുവെങ്കിലും അതിർത്തി കടക്കാൻ പാസില്ലാത്ത
വധുവിനെ വരനൊപ്പം പറഞ്ഞയ്ക്കുക പ്രായോഗികമായിരുന്നില്ല. ഒടുവിൽ റവന്യു വകുപ്പുദ്യോഗസ്ഥരുടെയും മറ്റ് അധികൃതരുടെയും ശ്രമഫലമായി ഒരു മണിക്കൂറിനുള്ളിൽ അടിയന്തിര പാസ് ലഭ്യമാക്കി ഗായത്രിയെ തമിഴ്നാടിന്റെ മരുമകളാക്കാൻ യാത്രയാക്കി.
Post Your Comments