
തലശേരി: കൊവിഡ് ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ തിങ്കളാഴ്ച രാത്രി മരിച്ച ധര്‍മ്മടം ചാത്തോടം ഫര്‍സാന മല്‍സിലില്‍ ആസിയയുടെ മൃതദേഹം ഇന്നലെ ഉച്ചയോടെ കോഴിക്കോട് കബറടക്കി.ആസിയ മരണപ്പെട്ടതോടെ ആ കുടുംബവുമായി സമ്ബര്‍ക്കം പുലര്‍ത്തിയ മുഴുവന്‍ ആളുകളുടേയും സ്രവം പരിശോധിക്കാന്‍ അധികൃതര്‍ തീരുമാനിച്ചു. ഇതിനു പുറമെ തലശേരി മത്സ്യ മാര്‍ക്കറ്റ് അധികൃതര്‍ അടച്ചു. മത്സ്യമാര്‍ക്കറ്റുമായി ബന്ധപ്പെട്ടവരുടെ വിശദമായ സമ്പര്‍ക്കപ്പട്ടിക തയാറാക്കി വരികയാണ്. ആസിയയെ ചികിത്സിച്ച തലശേരി സഹകരണ ആശുപത്രിയിലെ പ്രമുഖ ഡോക്ടര്‍ ഉള്‍പ്പെടെ ഹൈ റിസ്കില്പെട്ട 15 ആരോഗ്യ പ്രവര്‍ത്തകരുടേയും കൊവിഡ് പരിശോധന ഫലം നെഗറ്റീവാണ്.
24 അംഗങ്ങളുള്ള ആസിയയുടെ കുടുംബത്തില്‍ ഇതുവരെ എട്ട് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ആസിയയുടെ വീട് സ്ഥിതി ചെയ്യുന്ന ധര്‍മ്മടം പഞ്ചായത്തില്‍ പെട്ട വാര്‍ഡ് പൂര്‍ണമായും അടച്ചു .ഈ വാര്‍ഡിലെ വീടുകളിലേക്ക് നിത്യോപയോഗ സാധനങ്ങള്‍ എത്തിച്ചു നല്കാന് വളണ്ടിയര്‍മാരെ നിയോഗിച്ചു. ഇതിനിടെ ജില്ലയില്‍ എട്ടു പേര്‍ക്കു കൂടി ഇന്നലെ കൊവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. രണ്ടു പേര് ദുബായില്‍ നിന്നും രണ്ടു പേര് മുംബൈയില്‍ നിന്നും വന്നവരാണ്. ബാക്കി നാലു പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ.
മേയ് 17ന് ഐഎക്സ് 344 വിമാനത്തില്‍ കണ്ണൂര്‍ വിമാനത്താവളം വഴിയെത്തിയ മട്ടന്നൂര്‍ സ്വദേശികളായ 13കാരനും ഏഴ് വയസ്സുകാരിയുമാണ് ദുബായില്‍ നിന്നു വന്നവര്‍. പന്ന്യന്നൂര്‍ സ്വദേശികളായ 64കാരനും 62കാരനും മേയ് 18നാണ് മുംബൈയില്‍ നിന്നെത്തിയത്.ധര്‍മടം സ്വദേശികളായ ഒന്‍പത് വയസ്സുകാരികളായ രണ്ടു പേരും 10ഉം 15ഉം വയസ്സുള്ള മറ്റു രണ്ടു പെണ്‍കുട്ടികളുമാണ് സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധിതരായവര്‍. ഇതോടെ ജില്ലയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 196 ആയി. ഇതില്‍ 119 പേര് രോഗം ഭേദമായി ആശുപത്രി വിട്ടു.
Post Your Comments