ഇന്ത്യയില്‍ ലോക്ഡൗണ്‍ നാലാം ഘട്ടം നടപ്പാകുമ്പോഴും വൈറസ് ബാധ പടര്‍ന്നുപിടിക്കുകയാണ്. അതേസമയം, കൊറോണ ബാധിതരില്‍ നല്ലൊരു ശതമാനവും പൂര്‍ണമായും സുഖപ്പെടുന്നതായാണ് റിപ്പോര്‍ട്ട്. അതുകൊണ്ടുതന്നെ ശരിയായ പരിചരണവും ശ്രദ്ധയും കൊണ്ട് രോഗത്തെ ഭേദമാക്കാം എന്നാണ് കഴിഞ്ഞ ദിവസം ആരോഗ്യവകുപ്പ് ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ അറിയിച്ചത്.
Read Also : സംസ്ഥാനത്ത് ഇന്ന് 67 പേര്‍ക്ക് കോവിഡ് 19
പനി, ക്ഷീണം, വരണ്ട ചുമ എന്നിവയാണ് കൊറോണയുടെ പ്രാരംഭലക്ഷണങ്ങള്‍. വൈറസ് ബാധിച്ചവര്‍ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മറ്റും വായിലൂടെയും മൂക്കിലൂടെയും പുറത്തെത്തുന്ന വൈറസ് നിറഞ്ഞ ചെറു സ്രവത്തുള്ളികളിലൂടെ കോവിഡ് 19 മറ്റുള്ളവരിലേക്കും പകരാം. ഈ തുള്ളികള്‍ രോഗിയുടെ ചുറ്റിലുമുള്ള വസ്തുക്കളിലും വിവിധ പ്രതലങ്ങളിലും വന്നുവീണേക്കാം. ഇവിടങ്ങളില്‍ സ്പര്‍ശിക്കുമ്പോഴും മറ്റുള്ളവരിലേക്കു രോഗം പകരാം. ഇത്തരം ഇടങ്ങളില്‍ സ്പര്‍ശിച്ചതിനു ശേഷം കൈ കൊണ്ട് കണ്ണിലോ മൂക്കിലോ വായിലോ തൊടുമ്പോഴാണ് വൈറസ് ആരോഗ്യവാനായ മനുഷ്യന്റെ ശരീരത്തിലെത്തുക.
കോവിഡ് 19 രോഗി തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും പുറത്തുവരുന്ന സ്രവങ്ങള്‍ മറ്റൊരാള്‍ നേരിട്ടു ശ്വസിക്കുന്നതുവഴിയും രോഗം പരക്കാം. രോഗബാധിതനായ ഒരാളില്‍ നിന്ന് ഒരു മീറ്ററെങ്കിലും (3 അടി) ദൂരം കാത്തുസൂക്ഷിക്കണമെന്നു പറയുന്നത് ഇതിനാലാണ്. കോവിഡ് 19 പടരുന്ന മറ്റു വഴികളെപ്പറ്റി ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) ഗവേഷണം തുടരുകയാണ്.
Post Your Comments