അഞ്ജു പാര്‍വതി പ്രഭീഷ്
ഇത് ഒരു ഹിന്ദുത്വ തീവ്രവാദമായി കാണാമോ? അന്താരാഷ്ട്ര ഹിന്ദു പരിഷത് എന്ന് പേരുള്ള ( പേരിലെ ഹിന്ദു എന്ന വാക്കിന് സ്ട്രെസ്സ് കൊടുക്കണം) സംഘടന തങ്ങൾ ചെയ്തുവെന്ന് അഭിമാനത്തോടെ പറയുന്ന ഈ ചെയ്തിയെ ഹിന്ദുത്വ തീവ്രവാദം എന്ന് തന്നെ അഡ്രസ് ചെയ്യപ്പെടേണ്ടത് ഇന്നിന്റെ അനിവാര്യതയാണ്. കാരണം അങ്ങനെ അഡ്രസ് ചെയ്യപ്പെട്ടാലേ ഇത് ചെയ്തതിന്റെ ഗുണം ഇവന്മാർക്കും ഇവന്മാരെ കൊണ്ട് ഇത് ചെയ്യിച്ച തേർഡ് പാർട്ടികൾക്കും കിട്ടൂ. തീവ്രവാദത്തിനു മതമില്ലെങ്കിലും തീവ്രവാദികൾക്ക് മതം ഒരു അനിവാര്യതയാണ്. പ്രത്യേകിച്ച് എ എച്ച് പി പോലുള്ള ഒരു സംഘടനയ്ക്കും അതിൽ പ്രവർത്തിക്കുന്നവർക്കും !
ഒരു സിനിമാചിത്രീകരണത്തിനായി ഇട്ട അരക്കോടി രൂപ വരുന്ന ഒരു സെറ്റ് തല്ലി തകർത്ത വാർത്തയ്ക്ക് ത്രില്ല് വരണമെങ്കിൽ ഒന്ന് രണ്ട് അനിവാര്യഘടകങ്ങൾ അതിൽ ഉണ്ടായേ തീരൂ. ഇവിടെ ഈ സംഭവത്തിലാകട്ടെ പള്ളിയുണ്ട്.( സിനിമാ സെറ്റിലെ പള്ളിയാണെങ്കിലും സംഭവം മതപരമാണല്ലോ) പള്ളി പണിത സ്ഥലമാകട്ടെ മഹാദേവക്ഷേത്രത്തിനു മുന്നിലും. വെറും മഹാദേവക്ഷേത്രമല്ല; മറിച്ച് ഹൈന്ദവ പൈതൃകവുമായി അനിഷേധ്യ ബന്ധമുള്ള മഹാദേവക്ഷേത്രത്തിനു മുന്നിലാണ് പള്ളിയുടെ സെറ്റ്! അപ്പോൾ പിന്നെ ഹൈന്ദവതീവ്രവാദം അണപൊട്ടിയൊഴുകാതെയെങ്ങിനെയിരിക്കും? പിന്നെ സംഭവിച്ചത് എന്ത്? അവിടെയാണ് യുക്തിക്ക് തീരെ ദഹിക്കാൻ പറ്റാത്തതുകൊണ്ട് മാത്രം ചോദിക്കേണ്ടി വരുന്ന ചില ചോദ്യങ്ങളുള്ളത്!
ഈ മഹാമാരി കാലത്ത് പെട്ടെന്ന് എ എച്ച് പികാർക്ക് ഇത്ര തീവ്ര ഹിന്ദുത്വം തോന്നാൻ പ്രേരിപ്പിച്ച വികാരമെന്ത്? കാരണം ഒരൊറ്റ ദിവസം കൊണ്ട് പൊട്ടിമുളച്ചതല്ല ഈ സെറ്റ്.പെരിയാർ പുഴയുടെ ഒത്ത നടുവിലായിരുന്ന ഈ സെറ്റ് നിർമ്മാണം കഴിഞ്ഞിട്ട് മാസങ്ങളായി. കഴിഞ്ഞ മൂന്നു മാസമായിട്ടുള്ള ലോക്ഡൗൺ സമയത്ത് ഈ സെറ്റ് അതുപോലെ അവിടെയുണ്ടായിരുന്നല്ലോ?അന്നൊന്നും തോന്നാത്ത മതവികാരം പെട്ടെന്ന് വ്രണപ്പെട്ടതിനു പിന്നിൽ മെറ്റീരിയലിസ്റ്റിക് ഭൗതികവാദമായ പണം അഥവാ തുട്ട് മാത്രമല്ലേ കാരണം? അങ്ങനെയെങ്കിൽ അത് നല്കിയത് ആര്? പണം കൊടുത്ത് ഇവരെ ഈ പണിക്ക് ഇറക്കിവിട്ടത് അസ്സൽ വിളവ് പ്രതീക്ഷിച്ചുതന്നെയാണ്.
പഞ്ചായത്തിന്റെ അനുമതി ഇല്ലാതെ സെറ്റ് ഇട്ടു എന്ന രീതിയിൽ വാർത്ത വരുന്നുണ്ട്. കാലടി മഹാദേവ ക്ഷേത്ര പരിസരത്ത് പഞ്ചായത്തിന്റെ അനുമതിയല്ലാതെ അരക്കോടിരൂപയുടെ ഒരു സിനിമാ സെറ്റ് തച്ചു തകർത്ത ഗുണ്ടായിസത്തെ പള്ളിയുടെ സെറ്റ് എന്ന് ഉറക്കെ പറഞ്ഞ് മതഭീകരതയായി വാഴ്ത്തിപ്പാടുന്നതിൽ എന്ത് ധാർമ്മികതയാണുള്ളത്?
ആമേൻ സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ഉണ്ടാക്കിയ കുമരങ്കരി പള്ളി ഇന്നും അതേ പ്രദേശത്ത് ഉണ്ട്. അതുപോലെ ലൂസിഫർ സിനിമയിലെ പള്ളി ഇന്ന് ഒരു ടൂറിസ്റ്റ് സ്പോട്ടും. കാണുന്ന സ്ഥലത്ത് ഒക്കെ കുരിശു നാട്ടി സ്ഥലം കൈയേറുന്ന ലോബി പരസ്യമായ രഹസ്യമായ കേരളത്തിലെ ഒരു ഹൈന്ദവ സംഘടനയ്ക്കും ഇതിലൊന്നും ഒരു പ്രശ്നമോ വ്രണപ്പെടലും തോന്നിയിട്ടില്ല താനും
സാധാരണയുള്ള മഴക്കാലത്ത് പോലും നിറഞ്ഞുകവിഞ്ഞൊഴുകുന്ന പെരിയാറിന്റെ ഒത്ത നടുക്ക് പണിത ഈ സെറ്റ് പ്രളയം മുൻകൂട്ടി പ്രവചിച്ച ഈ ഇടവപ്പാതിക്ക് നിലനിന്നുപോവില്ലെന്ന് ആർക്കും അറിയാം. ഇനി ഒന്നോ രണ്ടോ ആഴ്ച്ച മാത്രം നിലനിന്നേക്കാവുന്ന ഒരു സെറ്റ് , നിലവിൽ ഇനിയൊരു ദിവസം പോലും ഷൂട്ടിങ് അസാധ്യമാണെന്ന വസ്തുതയുള്ളപ്പോൾ മതവികാരത്തിന്റെ പേരിൽ തച്ചുടയ്ക്കപ്പെടുമ്പോൾ ലാഭം ആർക്കൊക്കെ?അത് പരസ്യമായി ചെയ്ത് അഭിമാനത്തോടെ ചിത്രം സഹിതം വെളിപ്പെടുത്തിയ അഖിലേന്ത്യാ ഹിന്ദു പരിഷത്തിന് കൈനിറയെ കാശിനൊപ്പം ഫ്രീ പബ്ലിസിറ്റി! ഇനിയത് ചെയ്യിച്ചത് സിനിമാക്കാരാണേൽ നല്ല ഒന്നാന്തരം പ്രൊമോഷൻ! മറ്റ് രാഷ്ട്രീയക്കാരാണേൽ അതിക്രമം കാണിച്ചവർക്കെതിരെ പ്രതിഷേധിച്ചതിനും നടപടി എടുത്തതിന്റെയും ക്രെഡിറ്റും ക്രൈസ്തവവോട്ടും! മതം മറയാക്കി ഒരു പ്രശ്നമുണ്ടാക്കിയാൽ കോവിഡ് പ്രതിരോധകേരളത്തിന്റെ പ്രവർത്തനത്തെ തളർത്താൽ ഉള്ള തന്ത്രം! ഈ തന്ത്രങ്ങൾ അല്ല കുതന്ത്രങ്ങൾ ആരുടെ ബുദ്ധിയിൽ ഉദിച്ചതാണെങ്കിലും അവർ നിഷ്കളങ്കരല്ല എന്ന് തിരിച്ചറിയുക മാത്രം ചെയ്യണം നമ്മൾ. കലക്കവെള്ളത്തിൽ മീൻ പിടിക്കുകയെന്ന ‘കലാപ’രിപാടി ഒട്ടേറെ തവണ അരങ്ങേറിയിട്ടുള്ള കളിയരങ്ങിൽ ഇത് തിരിച്ചറിയാനാണോ വിഷമം.
NB: മതത്തിന്റെ പേരും പറഞ്ഞു അതിക്രമം നടത്തുന്ന സാമുഹ്യവിരുദ്ധർക്കെതിരെ ശക്തമായ നിയമനടപടി ഉണ്ടാവണം എന്ന കാര്യത്തിൽ യാതൊരു അഭിപ്രായ വ്യത്യാസവുമില്ല. എ എച്ച് പിയുടെ പേരിലെ ഹിന്ദു എന്ന വാക്ക് മാത്രം ഹൈലൈറ്റ് ചെയ്തു ഈ സംഭവത്തിനെതിരെ പ്രതിഷേധിക്കുകയും മോദിയെ തെറിവിളിക്കുകയും ചെയ്യുന്നവരും ഈ ചെയ്തിയെ വാഴ്ത്തിപ്പാടി അനുകൂലിക്കുന്നവരും ഈ പോസ്റ്റിൽ സോഷ്യൽ സിസ്റ്റൻസിങ്ങ് പാലിക്കുക
Post Your Comments