Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
KeralaLatest NewsNews

സ്‌കോര്‍ ബോര്‍ഡില്‍ 1:1 , ഇതു കണ്ടപ്പോള്‍ ഒഞ്ചിയത്തെ കൊലയും മാഷാ അള്ളാ സ്റ്റിക്കറും 51 വെട്ടും ഓര്‍മ്മയില്‍ വരുന്നു

പാലക്കാട്ടെ നിരപരാധിയുടെ കൊലയില്‍ അഞ്ജു പ്രഭീഷ് എഴുതുന്നു

വാളെടുത്തവന്‍ വാളാലെ എന്നാണ് ചൊല്ല്! എന്നാല്‍ വാളെടുക്കാത്തവരും വാളെടുക്കണമെന്ന് ആഗ്രഹിക്കാത്തവരും വാളിനാല്‍ തീരുന്നതാണ് അഭിനവകേരളത്തിന്റെ ചാവ് ലിസ്റ്റ് . കൊല്ലപ്പെടുന്നവന്‍ താനെന്തിന് കൊല്ലപ്പെടുന്നുവെന്ന് അറിയാതെ തന്നെ വാളിനാല്‍ ഒടുങ്ങുന്ന രാഷ്ട്രീയം. കൊല്ലുന്നവനും അറിയില്ല താനെന്തിന് തനിക്ക് പകയില്ലാത്ത ഒരാളെ കൊല്ലുന്നുവെന്ന്. പക്ഷേ കണക്ക് ടാലിയാവണമെങ്കില്‍ കൊന്നേ തീരൂ.

Read Also : കേരളത്തില്‍ സ്ഥിതി അതീവ ഗുരുതരം, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ശ്രദ്ധയില്‍പ്പെടുത്തും : കെ സുരേന്ദ്രന്‍

അങ്ങനെ പാലക്കാടന്‍ കൊലപാതക കണക്കു പുസ്തകത്തിന്റെ സ്‌കോര്‍ ബോര്‍ഡില്‍ 1: 1 തികഞ്ഞു. ഇതിനു മുമ്പ് സമാസമം തികഞ്ഞ കളി ആലപ്പുഴയിലായിരുന്നു. ഒരു സൈഡില്‍ ഷഹീദായ ഷാനും, സുബൈറും ! മറുവശത്ത് ബലിദാനികളായ രഞ്ജിത് ശ്രീനിവാസനും ശ്രീനിവാസ് കൃഷ്ണനും. ഇവരില്‍ ഷാനും സുബൈറും മുന്‍കൂട്ടി പ്ലാന്‍ ചെയ്ത ആസൂത്രണ കൊലകളിലെ ഇരകളാണെങ്കില്‍ മറുവശത്തെ രണ്ടു പേര്‍ തീര്‍ത്തും അപ്രതീക്ഷിതമായി കൊലക്കത്തിക്ക് ഇരയായവര്‍ ആണ്. ഏതൊരു ആസൂത്രണ കൊലയ്ക്ക് പിന്നിലും ഒരു കാരണമുണ്ടാവും. ഒരു പക്ഷേ ഇര കൂടി പങ്കാളിയായ ഏതെങ്കിലും സംഭവത്തിന്റെ തുടര്‍ച്ചയായിരിക്കും ആസൂത്രണ കൊലയുടെ കാരണം. സഞ്ജിത്ത് വധത്തിനു പിന്നിലുണ്ടെന്നു സംശയിക്കപ്പെട്ടതിന്റെ പേരിലാവണം സുബൈര്‍ ഇരയായത്.

എന്നാല്‍, ശ്രീനിവാസന്‍ ചെയ്ത കുറ്റം ഏതാണ്? എന്താണ്? ഇവിടെയാണ് വാളെടുക്കാത്തവര്‍ വാളിനാല്‍ ഒടുങ്ങുന്ന ക്രിമിനലിസം അഥവാ കിരാതത്വം അരങ്ങേറുന്നത്. കണക്ക് തികയ്ക്കാന്‍ വേണ്ടി മാത്രം നിരപരാധിയായ ഒരു മനുഷ്യനെ കൊല്ലുന്ന പ്രാകൃത രീതിയാണത്.

സുബൈറിന്റെ കൊലയ്ക്ക് പകരമാണ് ശ്രീനിവാസന്റെ കൊലയെങ്കില്‍, ആ കൊലയ്ക്കുള്ള പ്രതികാരമാണ് അതെങ്കില്‍ ആ കൊലയില്‍ ഏതെങ്കിലും നിലയില്‍
പങ്കുള്ള ആളായിരുന്നിരിക്കണം ശ്രീനിവാസന്‍. അതിന്റെ ആസൂത്രണത്തിലോ നടത്തിപ്പിലോ നേരിട്ടോ അല്ലാതെയോ പങ്കുള്ള ആളാവണം. എന്നാല്‍, അങ്ങനെ എന്തെങ്കിലും പങ്ക് ഉണ്ടെന്ന് ശത്രുപക്ഷത്ത് ഉള്ളവര്‍ പോലും കരുതാത്ത ഒരാളാണ് അറിഞ്ഞിടത്തോളം ശ്രീനിവാസന്‍. അങ്ങനെ തന്നെയായിരുന്നു ആലപ്പുഴയില്‍ കൊല്ലപ്പെട്ട അഡ്വ.രഞ്ജിത്തും.

രഞ്ജിത്ത് ആയാലും ശ്രീനിവാസന്‍ ആയാലും ഒരു രാഷ്ട്രീയ പ്രസ്ഥാനത്തില്‍ വിശ്വസിച്ചുകൊണ്ട് ആര്‍ക്കും ഒരു പ്രശ്‌നവും ഉണ്ടാക്കാതെ ജീവിതവുമായി മുന്നോട്ടുപോയവരാണ്. ഇരുവര്‍ക്കും എതിരെ ഒരു പെറ്റിക്കേസു പോലും ഇല്ലായിരുന്നു. ഏതെങ്കിലും രാഷ്ട്രീയ സംഘര്‍ഷത്തിന്റെ ഭാഗമാവുകയോ മതപരമായ ആഹ്വാനങ്ങള്‍ നല്കി വിദ്വേഷം ഉണ്ടാക്കുകയോ ഒന്നും ചെയ്തവരല്ല. അതിനാല്‍ തന്നെ രാഷ്ട്രീയ എതിരാളികള്‍ക്ക് നോട്ടപ്പുള്ളികള്‍ പോലും അല്ലായിരുന്നു.

എന്നിട്ടും ഇവര്‍ ഇരുവരും എന്തിനാണ് കൊല്ലപ്പെട്ടത്? അല്ലെങ്കില്‍ എന്തിന് അവര്‍ അവരെ കൊന്നു? ഇവരെ രണ്ടു പേരെയും കൊല്ലുന്നത് എങ്ങനെയാണ് ഇരുവര്‍ക്കും ഒരു ബന്ധവും ഇല്ലാതിരുന്ന ഷാനിന്റെയോ സുബൈറിന്റെയോ കൊലയ്ക്കുള്ള മറുപടിയോ പ്രതികാരമോ ആവുന്നത്? ഏറ്റവും ക്രൂരമായിട്ടാണ് ഇരുവരെയും അക്രമികള്‍ വാള്‍ കൊണ്ട് വെട്ടിയരിഞ്ഞത്. തങ്ങളോട് ഒരു ശത്രുതയും പുലര്‍ത്താത്ത ഒരാളെ കണ്ണടച്ചു തുറക്കുന്ന വേഗത്തില്‍ കൊത്തിയരിഞ്ഞ് തീര്‍ക്കാന്‍ കഴിയുന്നത് എന്തുകൊണ്ടാണ്? അവരിരുവരും ചെയ്തു പോയ ഏതെങ്കിലുമൊരു തെറ്റിന്റെ പേരില്‍ അല്ല കൊല്ലപ്പെട്ടത്. അവരുടെ ഇടപെടലുകളോ സമീപനങ്ങളോ പെരുമാറ്റമോ ഒന്നും കൊന്നവര്‍ക്ക് ഒരു വിഷയമേ അല്ലായിരുന്നു. അവര്‍ക്ക് ഒന്നിന് 1 എന്ന കണക്ക് ഒപ്പിക്കാന്‍ ഒരാള്‍ വേണമായിരുന്നു. ഇവിടെ ഒന്ന് തീര്‍ന്നാല്‍ നേരത്തോടു നേരം തികയും മുമ്പ് അവിടെയും ഒന്ന് തികയ്ക്കണം എന്ന കാട്ടുനീതിയാണത്. ചോരയ്ക്ക് ചോര കൊണ്ടുള്ള തൂക്കമൊപ്പിക്കലിനു ആരെങ്കിലും വേണം എന്നേയുള്ളൂ. അത് ആര് എന്നത് അപ്രസക്തം. അറക്കേണ്ട കഴുത്ത് അപ്പുറത്തെ രാഷ്ട്രീയത്തില്‍ നിന്നായിരിക്കണം എന്നു മാത്രമേയുള്ളൂ. ആ കഴുത്തിന്റെ ഉടമ എത്ര സാത്വികനായിരുന്നാലും ഏതൊരു അഹിംസാവാദി ആയാലും പ്രശ്‌നമല്ല അവിടെ.

വാളെടുത്തവര്‍ മാത്രമല്ല വാളിനാല്‍ തീരുന്നത്. വാളെടുക്കാത്തവരും വാളിനാല്‍ തീരുന്നുണ്ട്. അതുകൊണ്ട് പ്രതികാരകൊലയെന്ന വരട്ടുവാദം കൊണ്ട് ആഭ്യന്തരമെന്ന മരവാഴയുടെ പിടിപ്പുകേടിനെ മറച്ചുപ്പിടിക്കാന്‍ കഴിയില്ല. ഒപ്പം ഈ 1-1 എന്ന സ്‌കോര്‍ ബോര്‍ഡ് നോക്കി ഗാലറിയില്‍ ഇരിക്കുന്ന ചിലരുടെ സമാധാന വിശുദ്ധ വചനങ്ങള്‍ കാണുമ്പോള്‍, അരുതേ വര്‍ഗ്ഗീയ സംഘര്‍ഷം അരുതേ എന്ന വിലാപം കാണുമ്പോള്‍ ഒഞ്ചിയത്തെ അരും കൊലയും മാഷാ അള്ളാ സ്റ്റിക്കറും 51 വെട്ടും ഒക്കെ ഒരിക്കല്‍ക്കൂടി ഓര്‍മ്മയില്‍ വരുന്നു.

മണ്ണില്‍ വീഴുന്ന എല്ലാ ചോരയുടെ നിറവും ചുമപ്പാണ്. അതിലൂടെ അനാഥമാക്കുന്ന കുടുംബത്തിന്റെ തേങ്ങല്‍ ഈ നാടിന്റെ ശാപമാണ്. കൊലക്കത്തി രാഷ്ട്രീയത്തിന് ഇരയായ ഓരോ മക്കളുടെയും ശാപങ്ങള്‍ കേരളം എത്രത്തോളം അനുഭവിക്കേണ്ടി വരുമെന്ന് നമ്മള്‍ അനുഭവിച്ചു തന്നെ അറിയും. മുച്ചൂടും മുടിക്കാന്‍ പാകത്തിന്ന് മാതൃ-പിതൃ-പുത്രശാപങ്ങള്‍ കേരളത്തില്‍ അങ്ങോളമിങ്ങോളം അലയടിക്കുമ്പോള്‍ പ്രബുദ്ധ ജനത എന്ന ലേബല്‍ സ്വയം കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്യും. ഒപ്പം ലോകസമാധാനത്തിന് കൊടുത്ത കോടികള്‍ കൂടി .

 

shortlink

Related Articles

Post Your Comments

Related Articles


Back to top button