
അഞ്ചൽ: കൊല്ലം അഞ്ചലിൽ യുവതിയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ സൂരജിന്റെ വീട്ടുകാർക്ക് ക്രിമിനല്‍ സ്വഭാവമാണെന്ന് ഉത്രയുടെ പിതാവ് വിജയസേനന്‍. അതിനാൽത്തന്നെ ചെറുമകനെ വിട്ടുകിട്ടണമെന്ന് ഉത്രയുടെ പിതാവ് വിജയസേനന്‍ ആവശ്യപ്പെട്ടു. അവർക്കൊപ്പം മകന്‍ വളരുന്നതിൽ ആശങ്കയുണ്ട്. കഴിഞ്ഞ ആറുമാസമായി മകളെ കൊല്ലാൻ സൂരജ് ശ്രമിച്ചിരുന്നുവെന്നുള്ള വിവരമാണ് ലഭിക്കുന്നതെന്നും ഉത്രയുടെ പിതാവ് വിജയസേനൻ പറഞ്ഞു.
ഒന്നര വയസുള്ള മകനാണ് ഉത്രയ്ക്കും സൂരജിനും ഉള്ളത്. ഉത്രയെ കൊന്ന ശേഷം മകനെ സൂരജ് ഇവിടെ നിന്നും കൂട്ടിക്കൊണ്ടു പോയിരുന്നു. ഇത്ര ക്രൂരകൃത്യം ചെയ്ത ഒരാളുടെ കൂടെ മകളുടെ കുഞ്ഞ് വളരുന്നത് ആലോചിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറയുന്നു. കേസിൽ ഭർത്താവ് സൂരജിനെ തെളിവെടുപ്പിന് ഇന്ന് ഉത്രയുടെ വീട്ടിൽ എത്തിച്ചിരുന്നു.
സൂരജിന്റെ വീട്ടിലും ഇന്ന് തെളിവെടുപ്പ് നടത്തും. പരമാവധി ശിക്ഷ സൂരജിന് ഉറപ്പാക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. സൂരജിന്റെ വീട്ടുകാർക്ക് കൃത്യത്തിൽ പങ്കുണ്ടോയെന്നും അന്വേഷിക്കും. എന്നാല്‍ പാമ്പിനെ നല്‍കിയ സുരേഷിനെതിരെ കൊലക്കുറ്റം ചുമത്തുന്നതില്‍ അന്തിമ തീരുമാനമായില്ല. ഗൂഡാലോചന, സഹായം ചെയ്യല്‍ തുടങ്ങിയ വകുപ്പുകളാവും ചുമത്തുക.
Post Your Comments