മൊഹാലി : സ്വതന്ത്ര ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഹോക്കി താരം ബല്‍ബീര്‍ സിങ് സീനിയര്‍ (96) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് മൊഹാലിയിലെ ഫോര്‍ട്ടിസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തിങ്കളാഴ്ച പുലര്‍ച്ച ആറരയ്ക്കായിരുന്നു അന്ത്യം. ന്യുമോണിയബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ബല്‍ബീര്‍ രണ്ടാഴ്ചയിലേറെയായി വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ജീവിച്ചത്. ഇതിനിടെ ആശുപത്രിയില്‍ വച്ച് രണ്ടു തവണ ഹൃദയാഘാതവും കഴിഞ്ഞ ദിവസം തലച്ചോറില്‍ രക്തസ്രാവവും ഉണ്ടായി. കോവിഡ് ടെസ്റ്റിന് വിധേയനായിരുന്നെങ്കിലും ഫലം നെഗറ്റീവായിരുന്നു.
എക്കാലത്തെയും മികച്ച താരങ്ങളായി അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി തെരഞ്ഞെടുത്ത 16 മാന്ത്രികരിൽ ഉൾപ്പെട്ട ഏക ഇന്ത്യൻ താരമാണ് ബൽബീർ. ഒളിംപിക്സ് ഫൈനലിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരത്തിനുള്ള ബൽബീറിന്‍റെ ലോക റെക്കോഡ് ഇന്നും നിലനിൽക്കുന്നു. 1952ലെ ഹെൽസിങ്കി ഒളിംപിക്സിൽ ഹോളണ്ടിനെതിരേ ഇന്ത്യയുടെ 6-1 വിജയത്തിലായിരുന്നു അത്. അന്നു ബൽബീർ നേടിയത് അഞ്ചു ഗോളുകൾ.
തുടർച്ചയായി ആറു തവണ ഹോക്കി സ്വർണം നേടിയ ഇന്ത്യയുടെ അഞ്ചാമത്തെ വിജയമായിരുന്നു അത്. 1948ൽ ലണ്ടനിലും 52ൽ ഹെൽസിങ്കിയിലും സ്വർണം നേടിയ ടീമിന്‍റെ വൈസ്ക്യാപ്റ്റനായിരുന്നു ബൽബീർ. 1956ൽ മെൽബണിൽ ക്യാപ്റ്റനും. 1975ൽ ലോകകപ്പ് നേടിയ ടീമിന്‍റെ മാനെജരും ബൽബീറായിരുന്നു.
Post Your Comments