മെക്സിക്കോ സിറ്റി : കൊല്ലപ്പെട്ട തന്റെ യജമാനന്റെ മൃതദേഹത്തോട് ചേര്‍ന്ന് കിടക്കുന്ന വളര്‍ത്തുനായയുടെ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ഉള്ളുലയ്ക്കുന്നത്.
മെക്‌സിക്കോയിലെ ജലിസ്‌കോയില്‍ അജ്ഞാത സംഘത്തിന്റെ വെടിവെപ്പിലാണ് ഇരുപത്തിയഞ്ചുകാരനായ യുവാവ് കൊല്ലപ്പെട്ടത്. ഞായറാഴ്ച പുലര്‍ച്ചെയാണ് ജലിസ്‌കോയിലെ ഒരു പട്ടണത്തിന് നടുവിലെ പൊതുനിരത്തില്‍ വെച്ച് ഇവർ യുവാവിനെ നേരെ നിരവധി തവണ വെടിയുതിര്‍ത്തത്. തുടർന്ന് യുവാവ് മരണപ്പെടുകയായിരുന്നു.
പുലര്‍ച്ചെ വെടിയൊച്ച കേട്ടിരുന്നതായി സമീപവാസികള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. എന്നാല്‍ കൊലപാതകം നടന്നത് സമീപവാസികള്‍ അറിയുന്നത് പൊലീസ് എത്തുമ്പോള്‍ മാത്രമാണ്. റോഡിലൂടെ കടന്നുപോയ യാത്രക്കാരാണ്, ‘പിറ്റ് ബുള്‍’ ഇനത്തില്‍പ്പെടുന്ന പട്ടിയേയും താഴെ വീണ് കിടക്കുന്ന യുവാവിനേയും കണ്ടത്. ഇവരാണ് പൊലീസില്‍ വിവരമറിയിച്ചത്.
പൊലീസെത്തിയപ്പോഴും തന്റെ യജമാനന്റെ അരികില്‍ നിന്നും വളര്‍ത്തുനായ മാറിയില്ല.
മരണം ഉറപ്പിച്ചതോടെപോലീസ് ഇന്‍ക്വസ്റ്റ് നടപടികളിലേക്ക് കടന്നു. അപ്പോഴും യജമാനന്റെ മൃതദേഹത്തോട് തൊട്ടുകൊണ്ട് ആ വളര്‍ത്തുനായ കിടന്നു.
ഒരുപക്ഷേ തന്റെ യജമാനന്‍ മരിച്ചുപോയതാണെന്ന് അതിന് മനസിലായിക്കാണും, അല്ലെങ്കില്‍ ഒന്നും മനസിലാകാതെ അയാള്‍ ഉണരുന്നതും നോക്കി കാത്തിരിക്കുന്നതാകാം. എന്തായാലും ആരുടെയും കണ്ണ് നനയ്ക്കുന്ന ഒന്നാണ് ഈ കാഴ്ച. പ്രാദേശിക മാധ്യമങ്ങളില്‍ തുടര്‍ദിവസങ്ങളില്‍ ‘കൊല്ലപ്പെട്ട യജമാനന് കാവലിരിക്കുന്ന വളര്‍ത്തുനായയുടെ ചിത്രം വന്നതോടെ സോഷ്യല്‍ മീഡിയയും ഇത് ഏറ്റെടുത്തു. അതേസമയം കൊല്ലപ്പെട്ട യുവാവിന്റെ വിവരങ്ങള്‍ പൊലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല.
Post Your Comments