ഭോപ്പാല്‍ : മൂര്‍ഖന്‍ പാമ്പുകളുടെ ശല്യം കാരണം ഒരാഴ്ചയായി മധ്യപ്രദേശിലെ ഒരു കുടുംബത്തിന് ഉറക്കം നഷ്ടമായ അവസ്ഥയാണ്. 123 വിഷപ്പാമ്പുകളാണ് മധ്യപ്രദേശിലെ ഭിന്ദ് ജില്ലയിലെ റോണ്‍ ഗ്രാമത്തിലെ ജീവന്‍ സിങ് കുഷ്വാഹിന്റെ വീട്ടില്‍ തലങ്ങും വിലങ്ങും ഇഴഞ്ഞു നീങ്ങിയത്. എന്നാൽ പാമ്പുകൾ എവിടെ നിന്നാണ് എത്തുന്നതെന്ന് വ്യക്തമല്ല.
”വീടനകത്ത് മൂർഖൻ പാമ്പുകൾ, വീടിന് പുറത്ത് കൊറോണ വൈറസ്. ഞാനെന്ത് ചെയ്യും”? ജീവൻ സിംഗ് ചോദിക്കുന്നു. രാത്രിയാകുമ്പോഴാണ് പാമ്പുകൾ മാളത്തിൽ നിന്ന് പുറത്തിറങ്ങി വീടിനുള്ളിൽ ഇഴഞ്ഞു നടക്കുന്നത്. ഒരു കസേരയിലിരുന്ന് പാമ്പുകളുടെ വീട്ടിനുള്ളിലെ സഞ്ചാരം ശ്രദ്ധിക്കുകയാണ് ജീവന്‍ സിങ് ചെയ്യുന്നത്. എന്നാൽ ഇയാളൊഴികെ ബാക്കി കുടുംബാംഗങ്ങളെല്ലാം മറ്റൊരു ഗ്രാമത്തിലേക്ക് താമസം മാറ്റിയിരിക്കുകയാണ്.
അതേസമയം ഇവയുടെ മാളം കണ്ടുപിടിക്കാനുള്ള ശ്രമത്തിലാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ. പാമ്പിന്റെ മുട്ട വിരിഞ്ഞ് കുഞ്ഞുങ്ങള്‍ പുറത്തു വരാന്‍ തുടങ്ങിയിട്ട് മൂന്നോ നാലോ ദിവസമേ ആയിട്ടുണ്ടാവുകയുള്ളു എന്നാണ് വനം വകുപ്പുദ്യോഗസ്ഥര്‍ പറയുന്നത്. വലിയ പാമ്പുകളേക്കാള്‍ അപകടം ചെറിയ പാമ്പുകളില്‍ നിന്നാണെന്നും ഇവര്‍ പറയുന്നു. വീടിന്റെ തറയുടെ അടിയില്‍നിന്നാണ് പാമ്പിന്‍ കുഞ്ഞുങ്ങള്‍ ആദ്യമായി പ്രത്യക്ഷപ്പെട്ടതെന്നാണ് ജീവന്‍ സിങ് പറയുന്നത്. 51 പാമ്പുകളെ വനം വകുപ്പുദ്യോഗസ്ഥര്‍ പിടികൂടി. അതിന് ശേഷം ദിവസവും അഞ്ചോ ആറോ പാമ്പുകള്‍ പ്രത്യക്ഷപ്പെടാറുണ്ടെന്നും ജീവന്‍ സിങ് പറഞ്ഞു.
Post Your Comments