Latest NewsNewsIndia

കേരളത്തിന് ഫിക്കിയുടെ പ്രശംസ, പിന്തുണ

തിരുവനന്തപുരം • കോവിഡാനന്തര കാലത്ത് കേരളത്തെ പ്രധാന വ്യവസായ നിക്ഷേപ കേന്ദ്രമായി മാറ്റാനുള്ള ശ്രമങ്ങൾക്ക് ഇന്ത്യൻ വ്യവസായികളുടെ പ്രധാന സംഘടനയായ ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്സ് ഓഫ് കൊമേഴ്സ് ആന്റ് ഇൻഡസ്ട്രി (ഫിക്കി) പൂർണ പിന്തുണയും സഹകരണവും പ്രഖ്യാപിച്ചു.

വ്യാഴാഴ്ച മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ വീഡിയോ കോൺഫറൻസിൽ, കേരളത്തിലേക്ക് വ്യവസായികളെ ആകർഷിക്കാൻ ഏതാനും നിർദേശങ്ങളും ഫിക്കി ഭാരവാഹികൾ മുന്നോട്ടുവെച്ചു. കോവിഡ്-19 നിയന്ത്രിക്കുന്നതിനും അതോടൊപ്പം സാമ്പത്തിക രംഗം ചലിപ്പിക്കുന്നതിന് ഉത്തേജക പാക്കേജ് നടപ്പാക്കുന്നതിനും നേതൃത്വം കൊടുത്ത മുഖ്യമന്ത്രിയെ ഫിക്കി പ്രസിഡണ്ട് ഡോ. സംഗീത റെഡ്ഡിയും സെക്രട്ടറി ജനറൽ ദിലീപ് ഷെണോയിയും അഭിനന്ദിച്ചു. രാജ്യത്തിനു മാത്രമല്ല, ലോകത്തിനാകെ മാതൃകയാണ് കേരളത്തിന്റെ നടപടികൾ. അതിഥി തൊഴിലാളികളെ സംരക്ഷിക്കുന്നതിന് സംസ്ഥാനം എടുത്ത നടപടികളെയും അവർ പ്രശംസിച്ചു.

ടൂറിസം, അരോഗ്യപരിപാലനം, ആയുർവേദം, ഇൻഫർമേഷൻ ടെക്നോളജി, ഉന്നതവിദ്യാഭ്യാസം, കൃഷി, ഏയ്റോസ്പേസ് തുടങ്ങിയ രംഗങ്ങളിൽ കേരളത്തിന് വലിയ സാധ്യതകളുണ്ട്. അമേരിക്കയിലും യൂറോപ്പിലും നഴ്സുമാരടക്കമുള്ള ആരോഗ്യ പ്രവർത്തർക്ക് വലിയ ആവശ്യമുണ്ട്. ഈ അവസരം ഏറ്റവുമധികം പ്രയോജനപ്പെടുത്താൻ കേരളത്തിന് കഴിയും. നഴ്സുമാരടക്കമുള്ളവരെ കൂടുതൽ വിദേശ ഭാഷകൾ പഠിപ്പിക്കണമെന്നും അവർ നിർദ്ദേശിച്ചു.

ലോകത്തെ ഏറ്റവും സുരക്ഷിതസ്ഥാനമായി കേരളം മാറിയിരിക്കയാണെന്നും മികച്ച നിക്ഷേപ കേന്ദ്രമായി സംസ്ഥാനത്തെ മാറ്റാനുള്ള ശ്രമങ്ങൾ നടക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ചെറുകിട – സൂക്ഷ്മ – ഇടത്തരം വ്യവസായങ്ങൾ ഏറ്റവുമധികം സ്ഥാപിതമായത് കഴിഞ്ഞ നാലുവർഷത്തിനടിയിലാണ്. വ്യവസായ അനുമതികൾ വേഗത്തിലാക്കുന്നതിന് പ്രത്യേക നിയമങ്ങൾതന്നെ നിർമിച്ചു. ചട്ടങ്ങൾ ലളിതമാക്കി ഏഴുദിവസത്തിനകം വ്യവസായ ലൈസൻസ് നൽകുമെന്ന് സർക്കാർ ഇപ്പോൾ പ്രഖ്യാപിച്ചിട്ടുണ്ട്. ആരോഗ്യമേഖലയിലെ പ്രവർത്തകർക്ക് ഭാഷാപരവും തൊഴിൽപരവുമായ വൈദഗ്ധ്യം ലഭിക്കുന്നതിന് സർക്കാർ നടപടിയെടുക്കും. ഉപഭോക്തൃ സംസ്ഥാനമായ കേരളത്തെ ഉല്പാദന സംസ്ഥാനമായി മാറ്റാനുള്ള പരിപാടിയാണ് നടപ്പാക്കുന്നത്. പുതിയ സാഹചര്യത്തിൽ കേരള ബ്രാൻഡ് വികസിപ്പിക്കുകയാണ്. ഇതിന് ഫിക്കിയുടെ പിന്തുണ മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. വിദേശമലയാളികൾ നാട്ടിലേക്ക് അയക്കുന്ന പണം ഉല്പാദനപരമായ പദ്ധതികൾക്ക് ഉപയോഗിക്കും. അതിനുള്ള തന്ത്രമാണ് സർക്കാർ ആവിഷ്‌കരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഫിക്കിയുടെ മുൻപ്രസിഡണ്ട് ഡോ. ജ്യോത്സനസുരി, സിംബിയോസിസ് സർവകലാശാല പ്രൊചാൻസലർ ഡോ. വിദ്യ യെരവ്ദെകർ, സഞ്ജയ് ഗുപ്ത (ഫിക്കി സ്പോർട്സ് കമ്മിറ്റി), ഡോ. ഹാരിഷ് പിള്ള, ഗോയങ്കെ (ആർ.പി.ജി. ഗ്രൂപ്പ്), ഡോ. സുബ്ബറാവു, ബിജോയ് സാബു, അജയ് ദാസ്, ദീപക് അദ്വാനി തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. വ്യവസായ മന്ത്രി ഇ.പി. ജയരാജൻ, വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ. ഇളങ്കോവൻ എന്നിവർ മുഖ്യമന്ത്രിയോടൊപ്പമുണ്ടായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button