KeralaLatest NewsNews

കോവിഡ് – 19 ഹോട്ടല്‍, ബേക്കറി, തട്ടുകട നടത്തുന്നവര്‍ ജാഗ്രത പാലിക്കണം

കൊല്ലം • കോവിഡ് 19 പ്രതിരോധ നടപടികളുടെ ഭാഗമായി ഹോട്ടല്‍, ബേക്കറി, തട്ടുകട എന്നിവ നടത്തുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ഫുഡ് സേഫ്റ്റി അസിസ്റ്റന്റ് കമ്മീഷണര്‍ അറിയിച്ചു.

പനി, ചുമ, ജലദോഷം എന്നിവയുള്ള ജീവനക്കാരെ യാതൊരു കാരണവശാലും ജോലിചെയ്യാന്‍ അനുവദിക്കരുത്. സ്ഥാപനത്തിന്റെ ഉടമ ജീവനക്കാര്‍ക്ക് മതിയായ ചികിത്സ ഉറപ്പു വരുത്തണം. ആഹാരം പാകം ചെയ്യുന്നവര്‍ സ്ഥാപനത്തില്‍ പ്രവേശിക്കുന്നതിന് മുമ്പ് മാസ്‌ക്ക്, ഗ്ലൗസ് എന്നിവ ധരിക്കണം. വള, മോതിരം എന്നിവ ഒഴിവാക്കണം. ജോലിക്ക് കയറുമ്പോള്‍ കൈകള്‍ സോപ്പ് ഉപയോഗിച്ച് 20 സെക്കന്റ് നേരം കഴുകുകണം. വെളിയില്‍ ഉപയോഗിക്കുന്ന ചെരുപ്പ് സ്ഥാപനത്തിനുള്ളില്‍ ഉപയോഗിക്കാന്‍ അനുവദിക്കരുത്. ഓരോ ഓര്‍ഡര്‍ ലഭിച്ചു കഴിയുമ്പോഴും പാചകം ചെയ്യുന്നതിനു മുമ്പ് കൈകള്‍ കഴുകുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. ജീവനക്കാര്‍ പാചകം തീരുന്നതുവരെ മാസ്‌ക്കില്‍ തൊടുകയോ താഴ്ത്തി ഇടുകയോ ചെയ്യരുത്. മറ്റ് പ്രതലങ്ങളിലും സ്പര്‍ശിക്കരുത്. നോട്ട്, മൊബൈല്‍ ഫോണ്‍ ഇവ കൈകാര്യം ചെയ്യരുത്. സ്ഥാപനത്തിലെ ക്ലീനിംഗ് ജോലികള്‍ പാകം ചെയ്യുന്നവരെ ഏല്പിക്കരുത്.

ഉച്ചയ്ക്ക് ആഹാരം കഴിച്ചതിനു ശേഷം കൈ സോപ്പിട്ട് കഴുകിയതിന് ശേഷമേ അകത്ത് പ്രവേശിക്കാവൂ. ആഹാരം പാകം ചെയ്യുവാനും കൈകാര്യം ചെയ്യുവാനും കൂടതല്‍ പേരെ അനുവദിക്കരുത്. സ്ഥാപനത്തിലെ കൗണ്ടര്‍ ടോപ്പുകള്‍, മേശകള്‍, തറ തുടങ്ങിയവ സോപ്പ് വെള്ളം അല്ലെങ്കില്‍ ലോഷന്‍ ഉപോഗിച്ച് വൃത്തിയാക്കണം. ഡോര്‍, ഹാന്റിലുകള്‍ എന്നിവയും സോപ്പ് ഉപയോഗിച്ച് തുടച്ച് വൃത്തിയാക്കണം. തട്ടുകളില്‍ വില്‍പ്പനയ്ക്കുള്ള ഭക്ഷണ സാധനങ്ങള്‍ കണ്ണാടി പെട്ടികളില്‍ സൂക്ഷിക്കുകയും ആവശ്യമനുസരിച്ച് ഉപഭോക്താവിന് ഫോഴ്‌സ് അപ്‌സ് ഉപയോഗിച്ചോ, ഗ്ലൗസ് ധരിച്ച കൈകൊണ്ടോ എടുത്തു നല്‍കണം. ഈ ഫോഴ്‌സ്പ്‌സോ ഗ്ലൗസോ അലക്ഷ്യമായി ഇടാന്‍ പാടില്ല. അവ വൃത്തിയുള്ള പാത്രത്തില്‍ അടച്ചു സൂക്ഷിക്കണം. പാത്രങ്ങളില്‍ നിന്ന് ആഹാരസാധനങ്ങള്‍ കൈയിട്ട് എടുക്കാന്‍ ആളുകളെ അനുവദിക്കരുത്. കഴുകി ഉപയോഗിക്കാവുന്ന തുണികൊണ്ടുള്ള മാസ്‌ക്ക് ഉപയോഗിക്കണം.

ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയത് വീടുകളില്‍ പാഴ്‌സല്‍ എത്തിക്കുന്നവര്‍ ആഹാര പായ്ക്കറ്റ് കൈയില്‍ എടുക്കുന്നതിന് മുന്‍പ് സാനിറ്റൈസര്‍ ഉപയോഗിച്ച് കൈവൃത്തിയാക്കണം. മാസ്‌ക് ധരിക്കണം. ഓരോ ഓര്‍ഡറും നല്‍കി കഴിഞ്ഞ് കൈ സാനിറ്റൈസര്‍ കൊണ്ട് വൃത്തിയാക്കണം. നോട്ട് കൈയില്‍ വാങ്ങാതെ ഓണ്‍ലൈന്‍ പെയ്‌മെന്റ് പ്രോത്സാഹിപ്പിക്കണം. ഗ്ലൗസ്, മാസ്‌ക്ക് എന്നിവ ആറു മണിക്കൂറിലധികം ഉപയോഗിക്കരുത്. ഹോം ഡെലിവറി നടത്തുന്നവര്‍ കോളിംഗ് ബെല്‍, ഗേറ്റ് ഡോര്‍, എന്നിവ സ്പര്‍ശിച്ചാല്‍ ഉടന്‍തന്നെ കൈ സാനിറ്റൈസര്‍ ഉപയോഗിച്ച് വൃത്തിയാക്കണം.

ലോക്ക് ഡൗണ്‍ സമയത്ത് തട്ടുകടകളില്‍ ചായ, നാരങ്ങാവെള്ളം, ജ്യൂസ് എന്നിവ നല്‍കാന്‍ പാടില്ല. പാഴ്‌സല്‍ മാത്രം നല്‍കാം. സൂപ്പര്‍മാര്‍ക്കറ്റുകള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളില്‍ അഞ്ച് ആളുകളില്‍ കൂടുതല്‍ പ്രവേശിപ്പിക്കരുത്. എല്ലാ സ്ഥാപനങ്ങളുടെയും പ്രവേശന കവാടത്തില്‍ സാനിറ്റൈസര്‍ സൂക്ഷിക്കേണ്ടതും അവ ആളുകള്‍ ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തിയതിനുശേഷം മാത്രം അകത്ത് പ്രവേശിപ്പിക്കണം.

നിര്‍ദേശങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ ഫൈന്‍ ഉള്‍പ്പെടെയുള്ള നിയമ നടപടികള്‍ സ്വീകരിക്കും. നിര്‍ദേശങ്ങള്‍ ലംഘിക്കുന്നതായി ബോധ്യപ്പെട്ടാല്‍ 18004251125, 0474-2766950 എന്നീ നമ്പരുകളില്‍ അറിയിക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button