Latest NewsKeralaNews

വിദേശത്തു നിന്നും തിരികെയെത്തിയ ഗര്‍ഭിണികള്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍

കൊല്ലം • വിദേശത്തുനിന്നും ഇതരസംസ്ഥാനങ്ങളില്‍ നിന്നും മടങ്ങിയെത്തിയ ഗര്‍ഭിണികളുടെ സുരക്ഷയ്ക്കായി ആരോഗ്യവകുപ്പ് മാനദണ്ഡങ്ങള്‍ പുറത്തിറക്കി. കോവിഡ് ഹോട്ട് സ്‌പോട്ടുകളില്‍ നിന്നുള്‍പ്പെടെ തിരികെയെത്തിയ പ്രവാസികളില്‍ മുന്‍ഗണനാ വിഭാഗത്തില്‍ കൂടുതല്‍ പേരും ഗര്‍ഭിണികളായതിന്റെ അടിസ്ഥാനത്തിലാണ് നടപടി. കോവിഡ് ഭീഷണി ഏറ്റവുമധികം ബാധിക്കുന്ന വിഭാഗമാണ് ഗര്‍ഭിണികള്‍. ആശുപത്രിയില്‍ പരിശോധനയ്ക്ക് വരുമ്പോഴും വാര്‍ഡ്തല ആരോഗ്യ സംരക്ഷണ സമിതികള്‍ ഗൃഹ സന്ദര്‍ശനത്തിലൂടെയും ബോധവത്കരണം നടത്തി വരുന്നുണ്ട്. ജില്ലാ മെഡിക്കല്‍ ഓഫീസ് മാസ് മീഡിയ വിഭാഗം രൂപകല്പന ചെയ്ത ലഘുലേഖയും വിതരണം ചെയ്യുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ആര്‍ ശ്രീലത അറിയിച്ചു.

ഗര്‍ഭിണികള്‍ ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങള്‍

താമസസ്ഥലത്തെ പ്രാഥമികാരോഗ്യ/കുടുംബാരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസര്‍ അറിയാതെ ഒരു യാത്രയും നടത്തരുത്. സാധാരണയുള്ള ചെക്കപ്പുകളും റ്റി ഡി വാക്സിനേഷനും നിരീക്ഷണ കാലയളവില്‍ നടത്തേണ്ടതില്ല. 12-13 ആഴ്ചകളില്‍ നടത്തേണ്ട എന്‍ റ്റി സ്‌കാനും 18-20 ആഴ്ചകളില്‍ നടത്തേണ്ട അനോമലി സ്‌കാനുകളും അല്ലാതെ മറ്റു സ്‌കാനുകളൊന്നും ഈ നിരീക്ഷണ കാലയളവില്‍ ചെയ്യേണ്ടതില്ല. ഗര്‍ഭിണി ഉപയോഗിക്കുന്ന വസ്ത്രങ്ങള്‍, തോര്‍ത്ത്, പുതപ്പ് തുടങ്ങിയവ മറ്റുള്ളവരുമായി പങ്കു വയ്ക്കാന്‍ പാടില്ല. സന്ദര്‍ശകരെ ഒരു കാരണവശാലും അനുവദിക്കരുത്.

നിര്‍ബന്ധമായും ചെയ്യേണ്ട കാര്യങ്ങള്‍

ഗൃഹനിരീക്ഷണത്തില്‍ അഥവാ റൂം ക്വാറന്റയിനില്‍ 14 ദിവസം കഴിയണം. വീട്ടില്‍ ക്വാറന്റയിനില്‍ ആയിരിക്കുമ്പോള്‍ കെയര്‍ടേക്കര്‍/പരിചരിക്കുകയും ഭക്ഷണം നല്‍കുകയും ചെയ്യുന്ന ആളില്‍ നിന്നും ഒരു മീറ്റര്‍ എങ്കിലും സാമൂഹിക അകലം പാലിക്കണം. ഭക്ഷണം, വെള്ളം, വസ്ത്രം തുടങ്ങിയവ റൂമിന് പുറത്തുവച്ച ശേഷം അറിയിക്കുകയും വന്നെടുക്കുകയും ചെയ്യുന്നതാണ് അഭികാമ്യം. മാസ്‌ക് ധരിക്കുക, ഇടയ്ക്കിടയ്ക്ക് കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുക. ധാരാളം വെള്ളം കുടിക്കുക, പോഷകാഹാരം കഴിക്കുക.

ഗര്‍ഭകാലത്തെ ആദ്യ മൂന്നു മാസങ്ങളില്‍ ഫോളിക് ആസിഡ് ഗുളികകള്‍ തീര്‍ച്ചയായും കഴിക്കണം. നാലാം മാസം മുതല്‍ അയണ്‍, കാല്‍സ്യം ഗുളികകള്‍ ഉറപ്പായും കഴിക്കണം. പനി, ചുമ, തൊണ്ട വേദന, വയറിളക്കം തുടങ്ങിയവ അനുഭവപ്പെട്ടാല്‍ ഉടന്‍തന്നെ ആരോഗ്യപ്രവര്‍ത്തകരെ വിവരം അറിയിക്കണം.

ഗര്‍ഭകാലത്ത് എന്തെങ്കിലും റിസ്‌ക് ഫാക്ടറുകള്‍ (രക്തസമ്മര്‍ദം, പ്രമേഹം, രക്തസ്രാവം, കുട്ടിയുടെ അനക്കക്കുറവ്) ഉള്ളവര്‍ അതത് പി എച്ച് സി/സി എച്ച് സി മെഡിക്കല്‍ ഓഫീസറെ വിവരം അറിയിക്കണം. ഏഴ്, എട്ട്, ഒന്‍പത് മാസങ്ങളില്‍ ഗര്‍ഭസ്ഥ ശിശുവിന്റെ അനക്കം പ്രത്യേകം ശ്രദ്ധിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button