ന്യൂഡല്‍ഹി: സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന ആസിഡ് ആക്രമണത്തെ ന്യായീകരിച്ച് വീഡിയോ പ്രചരിപ്പിച്ച ഫൈസല്‍ സിദ്ദിഖിക്ക് വിലക്ക് ഏര്‍പ്പെടുത്തി ടിക് ടോക്. ഒന്നിലധികം മാര്‍ഗ നിര്‍ദ്ദേശങ്ങളുടെ ലംഘനം ചൂണ്ടിക്കാട്ടിയാണ് ടിക് ടോക് സിദ്ദിഖിയെ വിലക്കിയിരിക്കുന്നത്. വീഡിയോയില്‍ ഒരു സ്ത്രീയെക്കൂടി ഉള്‍പ്പെടുത്തിയാണ് പ്രതീകാത്മകമായി ആസിഡ് ആക്രമണത്തെ ഇയാള്‍ ന്യായീകരിച്ചത്. തന്നെ ഉപേക്ഷിച്ചുപോയ കാമുകിയോടുള്ള ദേഷ്യം തീര്‍ക്കുന്നതാണ് വീഡിയോ ചിത്രീകരിച്ചത്.
വീഡിയോയില്‍ ഗ്ലാസില്‍ നിന്നും ഒരു ദ്രാവകം ഒരു സ്ത്രീയുടെ മുഖത്തേക്ക് ഒഴിക്കുന്നതായും പിന്നീട് മുഖം വികൃതമാകുന്ന തരത്തിലുള്ള മേക്കപ്പ് ചെയ്തിട്ടുമുള്ള രംഗങ്ങളാണ് വീഡിയോയില്‍ കാണിക്കുന്നത്. അക്കൗണ്ടിനു നിരോധനം ഏര്‍പ്പെടുത്തിയെങ്കിലും സിദ്ദിഖിയുടെ മുന്‍ വീഡിയോകളും മറ്റും കാണാനും ഡൗണ്‍ലോഡ് ചെയ്യാനും കഴിയും.വീഡിയോ പുറത്തുവന്നതിനു പിന്നാലെ, ജീവിതത്തില്‍ ആസിഡ് ആക്രമണത്തിന് ഇരയായ ലക്ഷ്മി അഗര്‍വാള്‍ എന്ന യുവതിയും സിദ്ദിഖിക്കെതിരെ രംഗത്തുവന്നിരുന്നു.
നിങ്ങളുടെ ഒരു വിരലില്‍ ഒരു തുള്ളി ആസിഡ് വീണാല്‍ അനുഭവപ്പെടുന്ന വേദന നിങ്ങള്‍ക്ക് അറിയില്ലെന്നായിരുന്നു ലക്ഷ്മിയുടെ പ്രതികരണം. നേരത്തെ, സ്ത്രീവിരുദ്ധത ചൂണ്ടിക്കാട്ടി ഫൈസല്‍ സിദ്ദിഖിക്കെതിരെ ദേശീയ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിരുന്നു. സംഭവം വിവാദമായതോടെ താരം തന്റെ പേജില്‍ നിന്നും വീഡിയോ നീക്കം ചെയ്യുകയും ചെയ്തിരുന്നു. ഇയാള്‍ക്കെതിരെ പോലീസ് എഫ്‌ഐആറും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
Post Your Comments