ഇടുക്കി : തമിഴ്നാട്ടിൽ നിന്നും അതിർത്തി മേഖലകളിലെ കാട്ടുപാതകളിലൂടെ എത്തുന്നവരെ കേരളത്തിൽ നീരീക്ഷണത്തിൽ പ്രവേശിപ്പിക്കേണ്ടന്ന് തീരുമാനം. ഇത്തരത്തിൽ എത്തുന്നവരെ പിടികൂടി തമിഴ്‌നാട് പൊലീസിന് കൈമാറുകയോ താക്കീതു നൽകി തിരിച്ചയക്കുകയോ ചെയ്യുവാനാണ് നിർദേശം. സ്‌പെഷ്യൽ ബ്രാഞ്ച് നടത്തിയ നിരീക്ഷണങ്ങളിൽ പതിനേഴ് പുതിയ കാട്ടുപാതകളാണ് കണ്ടെത്തിയിരിക്കുന്നത്.
ഇത്തരത്തിലുള്ള കാട്ടുപാതകളിലൂടെ നിരവധിയാളുകളാണ് കേരളത്തിലേക്ക് പ്രവേശിക്കുന്നത്. രണ്ടാം ഘട്ട ലോക്ക് ഡൗണിനു ശേഷം മുപ്പതോളം പേരെ പിടികൂടുകയും ക്വാറന്റീൻ സെന്ററുകളിലാക്കുകയും ചെയ്തിരുന്നു. എന്നാൽ, നിരീക്ഷണ കാലാവധി കഴിഞ്ഞതോടെ ഇവരെ തിരിച്ചയച്ചെങ്കിലും തമിഴ്‌നാട് പ്രവേശനാനുമതി നിഷേധിച്ചു. ഇതോടെ രോഗമോ രോഗലക്ഷണങ്ങളൊ ഇല്ലാത്തവരെ സംരക്ഷിക്കേണ്ട അധിക ചുമതല കേരളത്തിന് വന്നതോടെയാണ് ഇനി മുതൽ അതിർത്തിയിൽ പിടികൂടുന്നവരെ തമിഴ്‌നാട്ടിലേക്ക് തന്നെ തിരിച്ചയക്കുന്നത്. കഴിഞ്ഞ ദിവസം രാമക്കൽമേട്ടിൽ നിന്നും പിടികൂടിയ ഒമ്പതംഗ സംഘത്തെ തിരിച്ചയച്ചിരുന്നു.
നേരത്തെയുള്ള സമാന്തര പാതകളിൽ പരിശോധന കർശനമാക്കിയതോടെ പുതിയ കാട്ടുവഴികളിലൂടെ ആളുകൾ കേരളത്തിലേക്കു കടക്കുന്നുണ്ട് കുമളി ചെക്ക് പോസ്റ്റ് വഴി മാത്രമാണ് ഇതര സംസ്ഥാന ങ്ങളിൽ നിന്നുള്ള ആളുകളെ കടത്തി വിടുന്നത്.
Post Your Comments