Latest NewsKeralaNews

കേരളത്തിലെ ലോക്ക്ഡൗണ്‍ 4.0 മാനദണ്ഡങ്ങള്‍ : സമ്പൂര്‍ണ വിവരങ്ങള്‍

തിരുവനന്തപുരം • മെയ് 31 വരെ കേന്ദ്ര സർക്കാർ ലോക്ക്ഡൗൺ നീട്ടിയ സാഹചര്യത്തിൽ പൊതു മാനദണ്ഡങ്ങൾ അനുസരിച്ച് സംസ്ഥാനത്ത് ആവശ്യമായ നിയന്ത്രണങ്ങൾ വരുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

സ്‌കൂളുകൾ, കോളേജുകൾ, മറ്റു ട്രെയിനിങ് കോച്ചിങ് സെൻററുകൾ എന്നിവ അനുവദനീയമല്ല. എന്നാൽ, ഓൺലൈൻ/വിദൂര വിദ്യാഭ്യാസം എന്നിവ പരമാവധി പ്രോൽസാഹിപ്പിക്കും.

ജില്ലകൾക്കുള്ളിൽ നിയന്ത്രണങ്ങളോടെ പൊതുഗതാഗതം (ജലഗതാഗതം) ഉൾപ്പെടെ അനുവദിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. സീറ്റിംഗ് കപ്പാസിറ്റിയുടെ 50 ശതമാനം യാത്രക്കാരെ മാത്രമേ അനുവദിക്കൂ. യാത്രക്കാരെ നിർത്തിയുള്ള യാത്ര അനുവദിക്കുന്നതല്ല. അന്തർജില്ലാ പൊതുഗതാഗതം അനുവദിക്കില്ല.

എന്നാൽ സ്വകാര്യ വാഹനങ്ങളിലെ യാത്രയ്ക്ക് രാവിലെ ഏഴുമുതൽ രാത്രി ഏഴു വരെ തടസ്സമില്ല. ഇതിനായി പ്രത്യേക പാസ് വേണ്ട തിരിച്ചറിയൽ കാർഡ് മതി. കോവിഡ് നിർവ്യാപന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്കും അവശ്യസർവീസുകാർക്കും സമയപരിധി ബാധകമല്ല.

അതത് ജില്ലക്കുള്ളിലെ വാഹനങ്ങളുടെയും ആളുകളുടെയും സഞ്ചാരം അനുവദിക്കും. ഇലക്ട്രീഷ്യൻമാർ, മറ്റു ടെക്നീഷ്യൻമാർ തങ്ങളുടെ ട്രേഡ് ലൈസൻസ് കോപ്പി കയ്യിൽ കരുതണം. സമീപത്തുള്ളതല്ലാത്ത ജില്ലകളിലേക്ക് അനുവദനീയമല്ലാത്ത യാത്രകൾക്ക് പാസ് വേണം.

സമീപമല്ലാത്ത ജില്ലകളിലേക്ക് അനുവദനീയമായ ആവശ്യങ്ങൾക്കായി യാത്ര ചെയ്യുന്നതിന് ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനിൽ നിന്നോ ജില്ലാ കളക്ടറിൽ നിന്നോ അനുമതി നേടിയിരിക്കണം. അവശ്യ സർവ്വീസുകളിൽ ജോലിചെയ്യുന്ന ജീവനക്കാർക്ക് ഇത് ബാധകമല്ല.

ജോലി ആവശ്യങ്ങൾക്കായി സ്ഥിരമായി ദൂരെ ജില്ലകളിലേക്ക് യാത്ര ചെയ്യുന്നവർ പ്രത്യേക യാത്രപാസ് ജില്ലാ കളക്ടർ/പൊലീസ് മേധാവിയിൽ നിന്നും നേടണം. എന്നാൽ ഹോട്ട്സ്പോട്ടുകളിലെ കണ്ടയിൻമെന്റ് സോണുകളിൽ പ്രവേശനത്തിന് കൂടുതൽ ശക്തമായ നിരീക്ഷണം ഉണ്ടാകും.

അനുവദനീയമായ പ്രവൃത്തികൾക്ക് പുറമെ ലോക്ക്ഡൗൺമൂലം ഒറ്റപ്പെട്ടുപോയ വിദ്യാർത്ഥികൾ, ബന്ധുക്കൾ എന്നിവരെ കൂട്ടിക്കൊണ്ടുവരുന്നതിനും അവരവരുടെ വീടുകളിലേക്ക് പോകുന്നതിനും, ജോലിയിടങ്ങളിൽ കുടുങ്ങിപ്പോയ തൊഴിലാളികൾക്കും ജീവനക്കാർക്കും വീടുകളിൽ പോകുന്നതിനും അനുമതി നൽകും. മറ്റ് അടിയന്തിരാവശ്യങ്ങളുമായി ബന്ധപ്പെട്ടും അന്തർജില്ലാ യാത്ര അനുവദിക്കും.

സ്വകാര്യ വാഹനങ്ങൾ, ടാക്സി ഉൾപ്പെടെ നാലുചക്ര വാഹനങ്ങളിൽ ഡ്രൈവർക്കു പുറമെ രണ്ടു പേരെ അനുവദിക്കും. കുടുംബമാണെങ്കിൽ മൂന്നുപേർക്ക് യാത്രയാകാം. ഓട്ടോറിക്ഷകളിൽ ഡ്രൈവർക്കും ഒരാൾക്കുമാണ് യാത്രാനുമതി. കുടുംബാംഗങ്ങളാണെങ്കിൽ മൂന്നുപേരാകാം. ഇരുചക്രവാഹനയാത്രക്ക് ഒരാൾക്കാണ് അനുമതി. കുടുംബാംഗമാണെങ്കിൽ പിൻസീറ്റ് യാത്രയുമാകാം. ആരോഗ്യകാരണങ്ങൾ ഉൾപ്പെടെയുള്ള അത്യാവശ്യ കാര്യങ്ങൾക്കായി പോകുന്നവർക്ക് ഇളവ് അനുവദിക്കാൻ പൊലീസ് പ്രത്യേക ശ്രദ്ധ പതിപ്പിക്കും.

വിവിധ സോണുകളിലെ കണ്ടയിൻമെന്റ് സോണുകളിലേക്കും അതിനു പുറത്തേക്കുമുള്ള യാത്രകൾ അനുവദനീയമല്ല. അടിയന്തര ഘട്ടങ്ങളിൽ ഇത്തരം യാത്ര നടത്തുന്നവർ എത്തിച്ചേരുന്ന സ്ഥലത്ത് 14 ദിവസത്തെ ഹോം/സ്ഥാപന ക്വാറൻറയിനിൽ ഏർപ്പെടണം. എന്നാൽ, മാർഗനിർദ്ദേശങ്ങൾ അനുസരിച്ച് അനുവദനീയമായ പ്രവൃത്തികൾക്കുള്ള യാത്രകൾ നടത്തുന്ന സർക്കാർ ജീവനക്കാർ/സന്നദ്ധ സേവകർ ഉൾപ്പെടെയുള്ളവർക്ക് ഇത് ബാധകമല്ല. 65 വയസ്സിനു മുകളിൽ പ്രായമുള്ളവർ, തുടർ രോഗബാധയുള്ളവർ, ഗർഭിണികൾ, 10 വയസ്സിനു താഴെയുള്ള കുട്ടികൾ എന്നിവർ അടിയന്തര/ചികിത്സ ആവശ്യങ്ങൾക്കൊഴികെ പരമാവധി വീടുകളിൽതന്നെ കഴിയണം.

മാളുകൾ തുറക്കില്ല. വാണിജ്യസ്ഥാപനങ്ങളിൽ ഷോപ്പിംഗ് കോംപ്ലക്സുകളിൽ ആകെ കടകളുടെ 50 ശതമാനത്തിന് പ്രവർത്തിക്കാം. ഏതൊക്കെ കടകൾ ഏതെല്ലാം ദിവസം തുറക്കണമെന്ന് കോംപ്ലക്സിലെ കടയുടമകളുടെ കൂട്ടായ്മ തദ്ദേശസ്ഥാപന അധികൃതരുമായി ചർച്ച നടത്തി തീരുമാനത്തിലെത്തണം.

ബാർബർ ഷോപ്പുകളിൽ എ.സി ഒഴിവാക്കി ഹെയർ കട്ടിംഗ്്, ഹെയർ ഡ്രെസിംഗ്, ഷേവിംഗ് എന്നീ ജോലികൾ ചെയ്യാം. ഒരുസമയം രണ്ടുപേരിൽ കൂടുതൽ കാത്തിരിക്കാൻ അനുവദിക്കില്ല. ഒരേ ടവ്വൽ പലർക്കായി ഉപയാഗിക്കാൻ പാടില്ല. ഏറ്റവും നല്ലത് മുടിവെട്ടാൻ വരുന്നവർ തന്നെ അവരവർക്ക് വേണ്ട ടവ്വൽ കൊണ്ടുവരുന്നതാണ്. തിരക്കൊഴിവാക്കാൻ ഫോൺ വഴി സമയം തീരുമാനിച്ച് ബുക്കിംഗ് എടുക്കുന്നത് നല്ലതായിരിക്കും.

ഭക്ഷണശാലകളിൽ പാഴ്സൽ കൗണ്ടറുകൾ രാവിലെ ഏഴുമുതൽ രാത്രി ഒൻപതു മണി വരെ പ്രവർത്തിക്കാം. ഭക്ഷണ ഓൺലൈൻ ഡോർ ഡെലിവറി രാത്രി 10 വരെ അനുവദിക്കും.

ബിവറേജസ് ഔട്ട്ലെറ്റുകൾ ഓൺലൈൻ ബുക്കിങ് സജ്ജമാകുന്ന മുറയ്ക്ക് നിബന്ധനകൾ പാലിച്ചുകൊണ്ട് പാഴ്സൽ സർവ്വീസിനായി തുറക്കാം. ബാറുകളിൽ മദ്യ വിതരണത്തിനും ആഹാര വിതരണത്തിനും ഈ നിബന്ധനകൾ ബാധകമാണ്.
ഈ സംവിധാനം നിലവിൽ വരുന്ന ദിവസം മുതൽ ക്ലബുകളിൽ ഒരു സമയത്ത് അഞ്ച് ആളുകളിലധികം വരില്ല എന്നുള്ള നിബന്ധനയ്ക്ക് വിധേയമായി സാമൂഹിക അകലം പാലിച്ചുകൊണ്ട് മെമ്പർമാർക്ക് മദ്യവും ആഹാരവും പാഴ്സലായി വിതരണം ചെയ്യാം. ടെലിഫോൺ വഴിയുള്ള ബുക്കിങ്ങോ അനുയോജ്യമായ മറ്റു മാർഗങ്ങളോ ക്ലബുകൾ ഇതിനായി സ്വീകരിക്കണം. ക്ലബുകളിൽ മെമ്പർമാരല്ലാത്തവരുടെ പ്രവേശനം അനുവദനീയമല്ല. കള്ളു ഷാപ്പുകളിൽ നിലവിലുള്ള വ്യവസ്ഥകൾക്ക് വിധേയമായി കള്ളും ആഹാരവും വിതരണം ചെയ്യാം.

സർക്കാർ ഓഫീസുകളിലും സ്ഥാപനങ്ങളിലും എല്ലാ വിഭാഗം ജീവനക്കാരും 50 ശതമാനം പേർ ഹാജരാകണം. ശേഷിക്കുന്ന ജീവനക്കാർ വീടുകളിലിരുന്ന് ഔദ്യോഗിക കൃത്യങ്ങൾ നിർവ്വഹിക്കണം. ആവശ്യമെങ്കിൽ മേലുദ്യോഗസ്ഥന്റെ നിർദ്ദേശാനുസരണം ഓഫീസിൽ എത്തണം. പൊതുജനങ്ങൾക്കുള്ള സേവനം നൽകാൻ ആവശ്യമായ ജീവനക്കാരെ വിന്യസിക്കണം. ഇനി ഒരു ഉത്തരവുണ്ടാകുന്നതുവരെ ശനിയാഴ്ച ദിവസം സർക്കാർ ഓഫീസുകൾക്ക് അവധി ദിവസമായിരിക്കും.

തൊട്ടടുത്തുള്ള ജില്ലകളിലേക്ക് ജീവനക്കാർക്ക് ഔദ്യോഗിക തിരിച്ചറിയൽ രേഖ ഉപയോഗിച്ച് യാത്ര ചെയ്യാം. മറ്റു ജില്ലകളിൽ നിന്നും സ്ഥിരമായി ഓഫീസിലേക്ക് യാത്രചെയ്യുന്നവരുണ്ടെങ്കിൽ മേലധികാരിയുടെ സാക്ഷ്യപത്രം കയ്യിൽ കരുതണം. ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനു ശേഷം ഓഫീസുകളിൽ ഹാജരാകാൻ സാധിക്കാത്ത സർക്കാർ ജീവനക്കാർ രണ്ടു ദിവസത്തിനകം ജോലി ചെയ്യുന്ന ജില്ലകളിലേക്ക് മടങ്ങണം. ഇപ്രകാരം യാത്ര ചെയ്യാൻ കഴിയാത്തവർ അതത് ജില്ലാ കളക്ടറുടെ മുമ്പിൽ റിപ്പോർട്ട് ചെയ്യേണ്ടതും ജില്ലാ കളക്ടർ കോവിഡ് 19 നിർവ്യാപന പ്രവർത്തനങ്ങൾക്കായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലോ ജില്ലാ കളക്ടറേറ്റിലോ സേവനം ഉപയോഗിക്കണം.

പരീക്ഷാ നടത്തിപ്പിനാവശ്യമായ മുന്നൊരുക്കങ്ങൾ നടത്തുന്നതിനായി വിദ്യാഭ്യാസ സ്ഥാപനങ്ങൾ (സർക്കാർ, എയ്ഡഡ്, അൺഎയ്ഡഡ് ഉൾപ്പെടെ) പ്രവർത്തിക്കാം. ഇതിന് ശനിയാഴ്ച ഒഴിവ് ബാധകമല്ല.

കേന്ദ്ര സർക്കാർ ഓഫീസുകൾ കേന്ദ്ര സർക്കാർ പുറപ്പെടുവിച്ചിട്ടുള്ള നിബന്ധനകൾക്ക് അനുസൃതമായി പ്രവർത്തിക്കും. ഉൽപാദന പ്രക്രിയയിൽ ഏർപ്പെട്ടിരിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ അധിക സാമ്പത്തികബാധ്യത ഇല്ലാതെ ആവശ്യമായ ക്രമീകരണങ്ങൾ നടപ്പിലാക്കണം.

വിവാഹച്ചടങ്ങുകൾ പരമാവധി 50 ആൾക്കാരെ വച്ചും അനുബന്ധ ചടങ്ങുകൾ പരമാവധി 10 പേരെ വച്ചും മാത്രം നടത്തണം. മരണാനന്തര ചടങ്ങുകൾ പരമാവധി 20 ആൾക്കാരെ വെച്ചുമാത്രം നടത്തണം.

വർക്കിങ് മെൻ/വിമൺ ഹോസ്റ്റലുകളുടെ സുഗമമായ പ്രവർത്തനം സ്ഥാപനമേധാവികൾ ഉറപ്പാക്കണം.
ബ്രേക്ക് ദ ചെയിൻ ക്യാമ്പയിനുമായി ബന്ധപ്പെട്ട പ്രവൃത്തികൾ ഊർജിതമാക്കണം. കടകളിലും, ബാർബർഷോപ്പുകൾ അടക്കമുള്ള എല്ലാ അനുവദനീയമായ സ്ഥാപനങ്ങളിലും സാനിറ്റൈസറിന്റെ ഉപയോഗം കൃത്യമായി ഉറപ്പാക്കണം. അടഞ്ഞു കിടന്ന സ്ഥാപനങ്ങൾ ശുചിയാക്കിയശേഷം ബുധനാഴ്ച മുതൽ പ്രവർത്തികൾ ആരംഭിച്ചാൽ മതിയാകും.
അനുവദനീയമായ എല്ലാ പ്രവൃത്തികളും കൃത്യമായ ശാരീരിക അകലം (6 അടി അഥവാ 1.8 മീറ്റർ) പാലിച്ച് മാത്രമെ നിർവ്വഹിക്കാൻ പാടുള്ളൂ. അനുവദനീയമല്ലാത്ത രാത്രി യാത്രകൾ ഒഴിവാക്കുന്നതിനായി സിആർപിസി സെക്ഷൻ 144 അനുസരിച്ചുള്ള നിരോധിത ഉത്തരവുകൾ നടപ്പാക്കുവാൻ ബന്ധപ്പെട്ടവർ ശ്രദ്ധിക്കണം. നേരത്തെ യാത്ര തുടങ്ങി ഏഴുമണിക്കു അവസാനിപ്പിക്കാൻ സാധിക്കാത്തവരുടെ രാത്രിയാത്രകൾ ഈ ഗണത്തിൽ പെടുത്തേണ്ടതില്ല.

സ്വർണ്ണം, പുസ്തകം തുടങ്ങി ഉപഭോക്താക്കളുടെ സ്പർശനം കൂടുതലായി ഉണ്ടാകുന്ന ഇടങ്ങളിൽ പരമാവധി ശ്രദ്ധ ചെലുത്തേണ്ടതും അതില്ലാതാക്കാനും അണുവിമുക്തമാക്കുന്നതിനും കൂടുതൽ ശ്രദ്ധ പതിപ്പിക്കണം. ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നതുവരെ ഞായറാഴ്ച പൂർണ്ണമായും ലോക്ക്ഡൗൺ പാലിക്കണം.

തുടർപ്രവർത്തനം ആവശ്യമായ നിർമാണ യൂണിറ്റുകളും അവയുടെ സപ്ലൈ ചെയിനുകളും പ്രവർത്തിക്കും. ചരക്ക് വാഹനങ്ങളുടെ ഗതാഗതം അനുവദിക്കും. ആരാധനയുടെ ഭാഗമായി കർമ്മങ്ങളും ആചാരങ്ങളും നടത്താൻ ചുമതലപ്പെട്ടവർക്ക് ആരാധനാലയങ്ങളിലേക്ക് യാത്ര ചെയ്യാനുള്ള അനുവാദമുണ്ട്. പ്രഭാത നടത്തം/സൈക്ലിങ് എന്നിവ അനുവദിക്കാം. മറ്റ് അടിയന്തര ഘട്ടങ്ങളിൽ ജില്ലാ അധികാരികളുടെ/പൊലീസ് വകുപ്പിന്റെ പാസ്സിന്റെ അടിസ്ഥാനത്തിൽ മാത്രമെ ഞായറാഴ്ചകളിൽ യാത്രചെയ്യാൻ പാടുള്ളൂ.

എല്ലാ ജില്ലകളിലും ആവശ്യമെങ്കിൽ ഈ മാർഗനിർദ്ദേശങ്ങൾക്കുപരിയായുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തുവാൻ ജില്ലാ ദുരന്തനിവാരണ അതോറിറ്റിക്ക് അധികാരം ഉണ്ടായിരിക്കും. കണ്ടെയിൻമെൻറ് സോണുകളിൽ പ്രത്യേക ശ്രദ്ധ ചെലുത്താനും ആവശ്യമായ നിയന്ത്രണം കൊണ്ടുവരാനും ബന്ധപ്പെട്ട അധികാരികൾ ശ്രദ്ധിക്കണം.

ലോക്ക്ഡൗണുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ ഏതെങ്കിലും ആളുകൾ ലംഘിക്കുകയാണെങ്കിൽ 2005ലെ ദുരന്തനിവാരണ നിയമത്തിന്റെ 51 മുതൽ 60 വരെയുള്ള വകുപ്പുകൾ പ്രകാരവും, ഇന്ത്യൻ പീനൽ കോഡിൻറെ 188-ാം വകുപ്പ് പ്രകാരവും, ഉചിതമായ മറ്റ് ചട്ടങ്ങൾ പ്രകാരവും നിയമനടപടികൾക്ക് വിധേയനാകേണ്ടിവരുമെന്നും മുഖ്യമന്ത്രി ഓർമിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button