Latest NewsNewsInternational

വര്‍ക്ക് ഫ്രെം ഹോം ജീവനക്കാരുടെ മാനസിക ആരോഗ്യത്തേയും സാമൂഹ്യ ഇടപെടലിനേയും എങ്ങനെ ബാധിക്കുമെന്ന് വ്യക്തമാക്കി മൈക്രോ സോഫ്റ്റ് സിഇഒ

ന്യൂഡൽഹി: വര്‍ക്ക് ഫ്രെം ഹോം ജീവനക്കാരുടെ മാനസിക ആരോഗ്യത്തേയും സാമൂഹ്യ ഇടപെടലിനേയും സാരമായി ബാധിക്കുമെന്ന് മൈക്രോ സോഫ്റ്റ് സിഇഒ സത്യ നാദല്ലെ. നേരിട്ട് ആളുകളെ കണ്ട് നടത്തുന്ന മീറ്റിംഗുകള്‍ക്ക് വീഡിയോ കോള്‍ പകരമാവില്ലെന്നും സത്യ നാദല്ലെ പറയുന്നു. ട്വിറ്റര്‍ ജീവനക്കാര്‍ക്ക് സ്ഥിരമായി വീടുകളിലിരുന്ന് ജോലി ചെയ്യാന്‍ അനുമതി നല്‍കിയതിന് പിന്നാലെയാണ് സത്യ നാദല്ലെയുടെ പ്രതികരണമെന്നാണ് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട്.

ന്യൂയോര്‍ക്ക് ടൈംസുമായുള്ള അഭിമുഖത്തിലാണ് സത്യ നാദല്ലെ ഇക്കാര്യം സംസാരിച്ചത്. ഒരു സിദ്ധാന്തത്തെ മറ്റൊരു സിദ്ധാന്തം കൊണ്ട് മറികടക്കുകയാണ് ചെയ്യുന്നത്. തൊട്ട് അടുത്ത് നില്‍ക്കുന്ന ആളോട് നേരിട്ട് ഒരു യോഗത്തില്‍ വച്ച് സംസാരിക്കുന്ന അനുഭവം താന്‍ മിസ് ചെയ്യുന്നുണ്ടെന്നും സത്യ നാദല്ലെ പറയുന്നു. ഒക്ടോബര്‍ വരെ വീടുകളില്‍ നിന്നും ജോലി ചെയ്യാനുള്ള അനുമതിയാണ് മൈക്രോസോഫ്റ്റ് ജീവനക്കാര്‍ക്ക് നല്‍കിയിട്ടുള്ളത്. ഓരോ ഇടങ്ങളിലും ലോക്ക്ഡൌണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുന്ന മുറയ്ക്ക് ജീവനക്കാര്‍ ഓഫീസിലേക്ക് മടങ്ങി വരുമെന്നാണ് കരുതുന്നതെന്നും സത്യ നാദല്ലെ പറയുന്നു.

കൊറോണ വൈറസും ലോക്ക്ഡൌണുമൊന്നും കമ്പനിയുടെ സാമ്പത്തിക സ്ഥിതിയെ കാര്യമായി ബാധിച്ചിട്ടില്ലെന്ന് സത്യ നാദല്ലെ വിശദമാക്കുന്നു. ടെക് ഭീമന്‍മാരായ ഗൂഗിളും ആപ്പിളും ജീവനക്കാര്‍ക്ക് ഈ വര്‍ഷാവസാനം വരെ വര്‍ക്ക് ഫ്രെം ഹോം സൌകര്യം ഉപയോഗിക്കാമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. ജീവനക്കാര്‍ക്ക് വീടുകളില്‍ നിന്നും ജോലി ചെയ്യാന്‍ അവര്‍ ആവശ്യപ്പെടുന്ന അത്രയും കാലം അനുവദിക്കുമെന്നായിരുന്നു ട്വിറ്റര്‍ സിഇഒ ജാക്ക് ഡോര്‍സ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button