തിരുവനന്തപുരം : എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ മാറ്റിവെക്കില്ലെന്നും നിശ്ചയിച്ച തീയതികളില്‍ തന്നെ നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പരീക്ഷ നടത്തിപ്പ് മാറ്റിവെക്കണമെന്ന പ്രതിപക്ഷ ആവശ്യം തള്ളി. കേരളത്തില്‍ ഇപ്പോള്‍ പരീക്ഷ നടക്കാനുള്ള അവസ്ഥയുണ്ടായതുകൊണ്ടാണ് പരീക്ഷ നടത്തുന്നത്. വിദ്യാര്‍ത്ഥികള്‍ക്കും മാതാപിതാക്കള്‍ക്കും ആശങ്കയുണ്ടാകേണ്ട ആവശ്യമില്ല. എല്ലാ സുരക്ഷാ ക്രമീകരണങ്ങളും പരീക്ഷാ ഹാളില്‍ ഉണ്ടാകും. സുരക്ഷാ ക്രമീകരണങ്ങള്‍ പാലിച്ചാണ് കുട്ടികളെ ഹാളില്‍ എത്തിക്കുക. മറ്റ് ജില്ലകളില്‍ കുടുങ്ങിപ്പോയ വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷക്കെത്താനുള്ള സൗകര്യം ഒരുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ക്വാറന്ൈറനിലിരിക്കുന്ന വിദ്യാര്‍ഥികള്‍ക്കു പരീക്ഷ എഴുതാന്‍ ആവശ്യമായ ക്രമീകരണം ഒരുക്കും. ആവശ്യക്കാര്‍ക്ക്, ബസുകള്‍ ഉള്‍പ്പെടെ ഉള്ള സൗകര്യം വിദ്യാഭ്യാസ വകുപ്പ് ഏർപ്പെടുത്തും. ബുദ്ധിമുട്ട് നേരിട്ടാല്‍ അവിടങ്ങളിലെ പരീക്ഷകള്‍ മാറ്റിവയ്ക്കേണ്ടി വരും. അടിസ്ഥാനമില്ലാത്ത ആരോപണങ്ങലാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. എസ്.എസ്.എല്‍.സി, പ്ലസ് ടൂ പരീക്ഷകള്‍ക്ക് ആവശ്യമെങ്കില്‍ ഗള്‍ഫിലും ലക്ഷ്യദ്വീപിലും കേന്ദ്രങ്ങള്‍ ഒരുക്കും. ഇതിനുള്ള നടപടികള്‍ വിദ്യാഭ്യാസ വകുപ്പ് സ്വീകരിക്കും. എന്നാല്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ഇതിന് പ്രായോഗിക തടസമുണ്ടായാല്‍ അവിടങ്ങളില്‍ പരീക്ഷ നടത്താന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. അതോടൊപ്പം തന്നെ എല്ലാവരും പരീക്ഷക്ക് തയ്യാറെടുക്കണമെന്നും നല്ല രീതിയില്‍ പരീക്ഷ എഴുതി വിജയിക്കണമെന്നും മുഖ്യമന്ത്രി ആശംസിച്ചു. മെയ് 26 മുതലാണ് മുടങ്ങിക്കിടക്കുന്ന പരീക്ഷകള്‍ വീണ്ടും ആരംഭിക്കുന്നത്.
അതേസമയം ഗള്‍ഫ് പ്രവാസി വിദ്യാര്‍ഥികള്‍ക്ക് നീറ്റ് ഉള്‍പ്പെടെയുള്ള പ്രവേശന പരീക്ഷ എഴുതാന്‍ കഴിയുമോ എന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. ജൂണ്‍ 26-നാണ് നീറ്റ് പരീക്ഷ. യാത്രാവിലക്ക് നിലനില്‍ക്കുന്നതിനാല്‍ വിദേശ വിദ്യാര്‍ഥികള്‍ക്ക് ഇന്ത്യയില്‍ എത്തി പരീക്ഷ എഴുതുക ഏറെ പ്രയാസമാണ്. അതിനാൽ യുഎഇയിലും ഗള്‍ഫ് രാജ്യങ്ങളിലും പരീക്ഷാകേന്ദ്രങ്ങള്‍ തുറക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യര്‍ഥിച്ചതായി മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.
Post Your Comments