KeralaLatest NewsIndia

നിപയ്ക്ക് രണ്ടാണ്ട്, ഇപ്പോഴും എവിടെ നിന്ന് എന്നതിന് ഉത്തരം കിട്ടാതെ സാബിത്തിന്റെ കുടുംബം

കോഴിക്കോട് ചെങ്ങരോത്തിനടുത്തുള്ള സൂപ്പിക്കടയിലെ ഒരു കുടുംബത്തിലുണ്ടായ തുടര്‍ മരണങ്ങളിലൂടെയാണ് നിപ എന്ന ഭീതി മലയാളികളുടെ മനസില്‍ കയറിക്കൂടുന്നത്.

സംസ്ഥാനത്തെ ആകെ നടുക്കിയ നിപ എന്ന മഹാമാരിക്ക് മുന്നില്‍ കേരളം പകച്ച്‌ നിന്നിട്ട് രണ്ട് വര്ഷം. നിപ വൈറസ് മറ്റുള്ളവരിലേക്ക് വ്യാപിച്ചത് കോഴിക്കോട് ചങ്ങരോത്ത് പഞ്ചായത്തിലെ സൂപ്പിക്കടയില്‍ വളച്ച്‌ കെട്ടില്‍ മൂസയുടെ മകന്‍ സാബിത്തില്‍ നിന്നായിരുന്നു. എന്നാല്‍ സാബിത്തിന് എങ്ങനെയാണ് നിപ വൈറസ് ബാധിച്ചതെന്ന് ഇപ്പോഴും കണ്ടെത്തിയിട്ടില്ല. കോഴിക്കോട് ചെങ്ങരോത്തിനടുത്തുള്ള സൂപ്പിക്കടയിലെ ഒരു കുടുംബത്തിലുണ്ടായ തുടര്‍ മരണങ്ങളിലൂടെയാണ് നിപ എന്ന ഭീതി മലയാളികളുടെ മനസില്‍ കയറിക്കൂടുന്നത്.

മെയ് അഞ്ചിനു മരിച്ച മുഹമ്മദ് സാബിത്ത് എന്നയാള്‍ക്കാണ് കേരളത്തില്‍ ആദ്യമായി നിപ പിടിപെട്ടതെന്നാണ് ആരോഗ്യവകുപ്പിന്റെ നിഗമനം. രണ്ട് ആഴ്ചക്ക് ശേഷം സാബിത്തിന്റെ മൂത്ത സഹോദരനായ സാലിയും പിതാവിന്റെ സഹോദരിയായ മറിയവും പിതാവായ മൂസയും ഇതേ ലക്ഷണങ്ങളോടെ മരണമടഞ്ഞു. മസ്തിഷ്‌കജ്വരമാണെന്ന ആശങ്കയില്‍ സാലിഹിനെ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനെ തുടര്‍ന്ന് ലക്ഷണങ്ങളില്‍നിന്ന് നിപ ആണോയെന്ന സംശയം ആദ്യമായി മുന്നോട്ടുവെച്ചത് അവിടുത്തെ ഫിസിഷ്യനായിരുന്ന ഡോ. അനൂപ് കുമാർ ആയിരുന്നു.

തുടര്‍ന്ന് മണിപ്പാല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ച പരിശോധന ഫലം നിപ ശരിവെച്ചു. കൂടാതെ മറിയം, മൂസ എന്നിവര്‍ക്കും രോഗബാധയുണ്ടെന്ന് സ്ഥിരീകരിച്ചു. പരിശോധന ഫലം വന്ന മെയ് 20നാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍വെച്ച് നഴ്‌സ് ലിനി മരിക്കുന്നത്. ആദ്യം രോഗം പിടിപെട്ട സബിത്തിനെ പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ പരിചരിക്കുമ്പോഴാണ് ലിനിയും നിപയുടെ പിടിയിലമരുന്നത്. എന്നാല്‍ സാബിത്തിന് എങ്ങനെയാണ് നിപ വൈറസ് ബാധിച്ചതെന്ന് നിഗമനങ്ങള്‍ക്കപ്പുറം ഇപ്പോഴും കണ്ടെത്തിയിട്ടില്ല. സൂപ്പിക്കടയില്‍ വളച്ച്‌ കെട്ടില്‍ മൂസയുടെ കുടുംബത്തില്‍ ഇപ്പോഴുള്ളത് ഭാര്യ മറിയവും മകന്‍ മുത്തലീബും.

കുടുംബത്തിലെ മൂന്ന് ജീവനുകള്‍ നിപ കവര്‍ന്നെടുത്ത് രണ്ട് വര്‍ഷത്തിനിപ്പുറവും ഈ കുടുംബം അറിയാനാഗ്രഹിക്കുന്ന ഒന്നുണ്ട്. കേരളത്തെ ആകെ പിടിച്ചുലച്ച നിപ വൈറസിന്‍റെ തുടക്കകാരനായ സാബിത്തിന് എങ്ങനെയാണ് നിപ ബാധിച്ചത്? നിപയുടെ ഉറവിടം എവിടെയാണ്? പഠനങ്ങള്‍ തുടരുമ്ബോഴും ഇപ്പോഴും ഉത്തരം കിട്ടിയിട്ടില്ല.പനി മൂലമുള്ള സാബിത്തിന്‍റെ മരണം നടന്ന് 13 ദിവസത്തിന് ശേഷം സഹോദരന്‍ സ്വാലിഹും പനിയെ തുടര്‍ന്ന് മരിക്കുന്നു. ഇതോടെയാണ് നിപയെന്ന മഹാമാരിയാണ് പിടിമുറുക്കുന്നതെന്ന് ആരോഗ്യ മേഖല തിരിച്ചറിയുന്നത്.

തുടര്‍ന്നുള്ള നാളുകളില്‍ മലയാളിയുടെ മനസില്‍ ഭയം വിതച്ചുകൊണ്ട് മരണസംഖ്യയും ഉയര്‍ന്നുകൊണ്ടിരുന്നു. സര്‍ക്കാര്‍ കണക്ക് പ്രകാരം 17 പേര്‍ നിപ ബാധിച്ചു മരിച്ചു. എന്നാല്‍ നിപ ലക്ഷണങ്ങളോടെ ചികിത്സ തേടിയവരും ഇതേ ലക്ഷണങ്ങളോടെ മരിച്ചവരുടെയും കണക്ക് സര്‍ക്കാര്‍ പുറത്തുവിട്ടതില്‍നിന്ന് വ്യത്യസ്തമാണ്. അന്താരാഷ്ട്ര ഗവേഷണ റിപ്പോര്‍ട്ട് പ്രകാരം 23 പേര്‍ക്ക് രോഗം പിടിപെട്ടെന്നും 21 പേര്‍ മരിച്ചെന്നുമാണ്. എന്നാല്‍ അടുത്തിടെ പുറത്തുവന്ന ഈ റിപ്പോര്‍ട്ട് സര്‍ക്കാര്‍ തള്ളിക്കളഞ്ഞിരുന്നു.

ആരോഗ്യവകുപ്പ് സെക്രട്ടറി രാജീവ് സദാനന്ദന്‍ ഉള്‍പ്പടെയുള്ള സംഘം തയ്യാറാക്കിയ റിപ്പോര്‍ട്ട് പുറത്തുവന്നതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ എക്‌സ്‌റേ വിഭാഗത്തിലെ ജീവനക്കാരിയായ സുധയുടെ മരണം നിപ ബാധിച്ചാണെന്നും, ഇക്കാര്യം പരിശോധിക്കാന്‍ അധികൃതര്‍ തയ്യാറായില്ലെന്നുമുള്ള ആരോപണവുമായി അവരുടെ ഭര്‍ത്താവ് രംഗത്തെത്തിയിരുന്നു.മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്ക് പകരുന്നതാണ് നിപ വൈറസ്, വവ്വാല്‍, പന്നി എന്നിവയില്‍ നിന്നാണ് കൂടുതലായി പടരാന്‍ സാധ്യത.

പിന്നീട് മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്കും. രോഗം ബാധിച്ചവരെ പരിചരിക്കുന്നവരും ആശുപത്രി ജീവനക്കാരും വേണ്ടത്ര മുന്‍കരുതലുകള്‍ സ്വീകരിച്ചില്ലെങ്കില്‍ രോഗം പടരാന്‍ വലിയ സാധ്യതയുണ്ട്. വൈറസ് ബാധയുള്ള വവ്വാലുകളുടെ കാഷ്ഠം കലര്‍ന്ന പാനീയങ്ങളും വവ്വാല്‍ കടിച്ച പഴങ്ങളും മറ്റും കഴിക്കുന്നതിലൂടെയും പകരാം. കേരളത്തില്‍ നിപ പിടിപെട്ടത് എങ്ങനെയെന്ന് കൃത്യമായി കണ്ടെത്താനായിട്ടില്ല.

ആദ്യം അസുഖം പിടിപെട്ട സബിത്ത് വിദേശത്തുനിന്ന് അസുഖവുമായി കേരളത്തിലെത്തിയെന്നതാണ് നിഗമനം. നാട്ടില്‍വെച്ചാണ് സബിത്തിന് അസുഖം പിടിപെട്ടതെന്ന് കണ്ടെത്താനായിട്ടില്ല. സബിത്തിന്റെ വീടിന് സമീപത്തുനിന്നുള്ള മൃഗങ്ങളെയും വവ്വാലുകളെയും കേന്ദ്രീകരിച്ചു അന്വേഷണം നടത്തിയെങ്കിലും ഇക്കാര്യം തെളിയിക്കാനായില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button