തൊടുപുഴ: ദേവികുളം എം.എല്‍.എ എസ്. രാജേന്ദ്രന്റെ വീടിന്റെ മുകള്‍ നിലയില്‍ നടത്തുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് സ്റ്റോപ്പ് മെമ്മോ. മൂന്നാറിലെ ഇക്കാനഗറിലുള്ള വീടിന്റെ രണ്ടാം നിലയുടെ നിര്‍മാണം പുരോഗമിക്കവേയാണ് ദേവികുളം സബ് കളക്ടര്‍ പ്രേം കൃഷ്ണന്റെ നടപടി. മൂന്നാറിലെ നിര്‍മാണങ്ങള്‍ക്ക് റവന്യൂ വകുപ്പിന്റെ അനുമതി വേണം. അതില്ലാതെയായിരുന്നു വീടുപണി. നിര്‍മാണം, ഭൂമിയുടെ പട്ടയം എന്നിവ സംബന്ധിച്ച് വിശദമായ അന്വേഷണം നടത്താന്‍ വില്ലേജ് ഓഫീസറെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
ഇക്കാനഗറില്‍ സര്‍വേ നമ്പര്‍ 912 ല്‍പ്പെടുന്ന എട്ട് സെന്റ് ഭൂമിയിലാണ് വീട്. നിര്‍മ്മാണത്തിനെതിരെ കോണ്‍ഗ്രസ് രംഗത്ത് വന്നിരുന്നു. കോണ്‍ക്രീറ്റ് തൂണുകള്‍ക്ക് മുകളില്‍ ഇരുമ്പ് പൈപ്പുകള്‍ സ്ഥാപിച്ച് ഷീറ്റുകള്‍ പാകുന്ന പണിയാണ് നടന്നുവന്നത്. ഇന്നലെ രാവിലെ റവന്യൂ ഉദ്യോഗസ്ഥര്‍ എത്തി നോട്ടീസ് നല്‍കുകയായിരുന്നു. അതെ സമയം എംഎൽഎയുടെ പ്രതികരണം ഇങ്ങനെ,
‘ഉദ്യോഗസ്ഥര്‍ സര്‍ക്കാര്‍ ഉത്തരവ് മനസിലാക്കാതെയാണ് സ്റ്റോപ്പ് മെമ്മോ നല്‍കിയത്. 5-5- 2018ലെ ജില്ലാ കളക്ടറുടെ ഉത്തരവ് പ്രകാരം മേല്‍ക്കൂര മാറ്റുന്നതിന് റവന്യൂ വകുപ്പിന്റെ എന്‍.ഒ.സി ആവശ്യമില്ല. കൂടുതല്‍ നിര്‍മാണങ്ങള്‍ക്കാണ് എന്‍.ഒ.സി. ഭൂമിക്ക് പട്ടയം ഉണ്ട്. മേല്‍ക്കൂര കെട്ടാന്‍ പഞ്ചായത്ത് സെക്രട്ടറി അനുവാദം നല്‍കിയിരുന്നു. ഈ രേഖകളെല്ലാം സബ് കളക്ടര്‍ക്ക് നല്‍കിയിട്ടുണ്ട്.’
‘പില്ലറിലൂടെ മഴവെള്ളം ഒലിച്ചിറങ്ങി വീട് ചോരുന്നതിനാലാണ് റൂഫിംഗ് നടത്താന്‍ ശ്രമിച്ചത്. സര്‍ക്കാര്‍ ഉത്തരവ് മനസിലാക്കാതെ നടപടി സ്വീകരിച്ച സബ് കളക്ടര്‍ ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കും”. അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments