റിയാദ്: റിയാദില്‍ കൊവിഡ് ബാധിച്ച മലയാളി രോഗിയുടെ ഭാര്യ കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യചെയ്തു. കോഴിക്കോട് വാളേരി സ്വദേശി ബിജുവിന്റെ ഭാര്യയും മകളുമാണ് മരിച്ചത്. മണിപ്പൂരി സ്വദേശിയാണ് ഭാര്യ. മകള്‍ക്ക് ആറുമാസമാണ് പ്രായം. കൊവിഡ് ബാധിച്ച ബിജു ആശുപത്രിയില്‍ വെന്റിലേറ്ററിൽ അത്യാസന്നനിലയില്‍ തുടരുകയാണ്.
ഇവരുടെ മരണവിവരമറഞ്ഞ ബിജുവിന്റെ അമ്മ ആശുപത്രിയിലായി.ഏതാനും ദിവസങ്ങള്‍ക്കു മുമ്പാണ് ബിജുവിനെ കൊവിഡ് ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അതിനു ശേഷം വിവരങ്ങളൊന്നും കുടുംബത്തിനു ലഭിച്ചിരുന്നില്ല. പിന്നീട് ബിജുവിന്റെ സഹോദരി നാട്ടില്‍ നിന്നും സുഹൃത്തുക്കളെ വിവരമറിയിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ബിജു മുവാസാത് ആശുപത്രിയില്‍ വെന്റിലേറ്ററില്‍ അത്യാസന്ന നിലയില്‍ കഴിയുകയാണെന്ന വിവരം അറിയുന്നത്. ഇതോടെയാണ് ഭാര്യ മകളുമായി ആത്മഹത്യ ചെയ്തതെന്നു കരുതുന്നു. രണ്ടു ദിവസം മുമ്പ് ഭാര്യയും മകളും ആത്മഹത്യ ചെയ്തെന്നാണ് ലഭിക്കുന്ന വിവരം.
ഇവര്‍ ഫ്ളാറ്റ് അകത്തു നിന്നും പൂട്ടിയിരുന്നു. എഴുപതുകാരിയായ അമ്മ അകത്തു കയറാനാകാതെ പുറത്തു നില്‍ക്കുകയായിരുന്നു. കഴിഞ്ഞ ദിവസം രാവിലെ മുതല്‍ ബിജുവിന്റെ അമ്മ ഫ്ളാറ്റിന് പുറത്തു നില്‍ക്കുന്നത് അയല്‍വാസികളുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. എന്നാല്‍, വൈകുന്നേരമായിട്ടും അതേ നിലയില്‍ കണ്ടതിനെ തുടര്‍ന്ന് കൂടുതല്‍ ചോദിച്ചപ്പോഴാണ് യുവതി മുറി അകത്തുനിന്നും കുറ്റിയിട്ടെന്നും കയറാന്‍ കഴിയുന്നില്ലെന്നുമുള്ള വിവരം ‘അമ്മ വെളിപ്പെടുത്തിയത്.
പിന്നീട് പൊലീസെത്തി തുറന്നു പരിശോധിച്ചപ്പോള്‍ ഇവരെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്നാണ് അമ്മ അവശയായത്. ഇവരെ ആശുപത്രിയിലാക്കിയെന്നും സ്ഥിതി മെച്ചപ്പെട്ടതായും സാമൂഹികപ്രവര്‍ത്തകര്‍ പറയുന്നു.നാട്ടിലുള്ള കുടുംബം നടത്തിയ അന്വേഷണത്തിലാണ് ആത്മഹത്യ വിവരം പുറംലോകമറിഞ്ഞത്.എട്ടു വര്‍ഷത്തോളമായി മദീന എയര്‍പോര്‍ട്ടില്‍ ജോലി ചെയ്യുന്ന ബിജുവിനു ഈ അടുത്ത സമയത്ത് ജോലി നഷ്ടപ്പെട്ടിരുന്നു .
മദീന എയര്‍പോര്‍ട്ടില്‍ വണ്ടര്‍ലാ എന്ന കമ്പനിക്ക് കീഴില്‍ ബെല്‍റ്റ് ടെക്നീഷ്യനായി ജോലി ചെയ്തു വരിയായിരുന്നു ഇദ്ദേഹം. നഴ്സിങ് മേഖലയിലുള്ള യുവതി ഇവിടെ ജോലി ശരിപ്പെടുത്താനുള്ള ശ്രമത്തിലായിരുന്നു.സുഹൃത്തുക്കളുമായി അകലം പാലിച്ചിരുന്ന വ്യക്തിയായതിനാല്‍ തന്നെ അദ്ദേഹത്തിന്റെ കുടുംബവുമായുള്ള കൂടുതല്‍ വിവരങ്ങള്‍ സുഹൃത്തുക്കള്‍ക്കും ലഭ്യമല്ല. ഭാര്യയായ മണിപ്പൂരി യുവതിയുടെ വിവരങ്ങളും ബിജുവിന് മാത്രമാണറിയുന്നത്.ബിജു വെന്റിലേറ്ററില്‍ കഴിയുന്നതിനാല്‍ തന്നെ വിവരങ്ങള്‍ ശേഖരിക്കാന്‍ കഴിയാത്ത കഴിയാത്ത അവസ്ഥയിലാണ് സുഹൃത്തുക്കള്‍.
Post Your Comments