KeralaLatest NewsNews

മഴ മുന്നിൽക്കണ്ട് അടിയന്തര തയാറെടുപ്പ് നടത്തും -മുഖ്യമന്ത്രി

തിരുവനന്തപുരം • ഈ വർഷം സാധാരണ നിലയിൽ കവിഞ്ഞ മഴയുണ്ടാകുമെന്ന കാലാവസ്ഥ വിദഗ്ധരുടെ സൂചന മുന്നിൽക്കണ്ട് അടിയന്തര തയാറെടുപ്പ് നടത്താൻ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

കാലവർഷം സാധാരണ നിലയിലായാൽ തന്നെ, ആഗസ്റ്റിൽ അതിവർഷം ഉണ്ടാകുമെന്ന മുന്നറിയിപ്പുമുണ്ട്. കോവിഡ് 19 മഹാമാരിയെ അകറ്റാൻ പോരാടുന്ന സംസ്ഥാനത്തിന് ഇതു മറ്റൊരു ഗുരുതര വെല്ലുവിളിയാകും. ഈ സാഹചര്യം മുന്നിൽകണ്ട് കാലവർഷക്കെടുതി നേരിടാൻ പദ്ധതി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി തയാറാക്കിയിട്ടുണ്ട്.

ക്വാറൻറൈൻ സൗകര്യങ്ങൾക്കായി സർക്കാർ 27,000 കെട്ടിടങ്ങൾ സംസ്ഥാനത്ത് കണ്ടെത്തിയിട്ടുണ്ട്. അവയിൽ ബാത്ത്റൂമോടു കൂടിയ രണ്ടര ലക്ഷത്തിലേറെ മുറികളുണ്ട്. അടിയന്തര സാഹചര്യം വന്നാൽ ഉപയോഗിക്കാനുള്ള കെട്ടിടങ്ങൾ വേറെയും കണ്ടെത്തിയിട്ടുണ്ട്. ഇതിന് സമാന്തരമായാണ് വെള്ളപ്പൊക്കമുണ്ടായാൽ ആളുകളെ മാറ്റിപ്പാർപ്പിക്കാനുള്ള വെല്ലുവിളി. ഇതിനുവേണ്ടി ഏറ്റെടുക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഏതു മോശമായ സാഹചര്യവും നേരിടാൻ നാം തയ്യാറെടുക്കണം.

കോവിഡ് 19 വ്യാപന ഭീഷണിയുള്ളതുകൊണ്ട് വെള്ളപ്പൊക്കം കാരണം ഒഴിപ്പിക്കപ്പെടുന്നവരെ സാധാരണപോലെ ഒന്നിച്ച് പാർപ്പിക്കാൻ കഴിയില്ല. നാലുതരത്തിൽ കെട്ടിടങ്ങൾ വേണ്ടിവരുമെന്നാണ് ദുരന്തനിവാരണ അതോറിറ്റി കാണുന്നത്. പൊതുവായ കെട്ടിടം, പ്രായം കൂടിയവർക്കും മറ്റു രോഗങ്ങൾ ഉള്ളവർക്കും പ്രത്യേക കെട്ടിടം, കോവിഡ് രോഗലക്ഷണമുള്ളവർക്ക് വേറെ, വീടുകളിൽ ക്വാറൻറൈനിൽ കഴിയുന്നവർ ഇങ്ങനെ നാലു വിഭാഗങ്ങൾ.

ഉന്നതതല യോഗം ചേർന്ന് സ്ഥിതഗതികൾ വിലയിരുത്തിയതായി മുഖ്യമന്ത്രി പറഞ്ഞു. വെള്ളത്തിന്റെ ഒഴുക്ക് തടസ്സപ്പെടാതിരിക്കാൻ നദികളിലെയും തോടുകളിലെയും ചാലുകളിലെയും എക്കലും മാലിന്യവും മഴ തുടങ്ങും മുമ്പ് നീക്കാനുള്ള നടപടികൾ നേരത്തെ ആരംഭിച്ചിട്ടുണ്ട്. ബാക്കിയുള്ള പ്രവൃത്തികൾ രണ്ടാഴ്ചയ്ക്കകം തീർക്കണം. അണക്കെട്ടുകളിലെ സ്ഥിതിയും തുടർച്ചയായി വിലയിരുത്തുന്നുണ്ട്. ഇടുക്കി ഉൾപ്പെടെ വലിയ അണക്കെട്ടുകളൊന്നും തുറക്കേണ്ടിവരില്ല.
സർക്കാരിന്റെ സന്നദ്ധം പോർട്ടലിൽ രജിസ്റ്റർ ചെയ്ത വളണ്ടിയർമാർക്ക് അടിയന്തരമായി ദുരന്തപ്രതികരണ കാര്യങ്ങളിൽ പരിശീലനം നൽകണമെന്ന് നിർദേശിച്ചിട്ടുണ്ട്. ദുരന്തനിവാരണ അതോറിറ്റിക്കായിരിക്കും ഇതിന്റെ ചുമതലയെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button