ന്യൂയോര്‍ക്ക് : ലോകം മുഴുവന്‍ കോവിഡ് ഭീഷണിയിൽ കഴിയുന്ന സാഹചര്യത്തിലും അന്താരാഷ്ട്ര തലത്തില്‍ അമേരിക്ക ചൈനയ്‌ക്കെതിരേ ആരോപണം തുടരുന്നു. കഴിഞ്ഞ ഇരുപതുവര്‍ഷത്തിനുള്ളില്‍ ചൈനയില്‍ നിന്നും ലോകത്ത് പൊട്ടിപ്പുറപ്പെട്ടത് അഞ്ച് മഹാമാരികളാണെന്നാണ് അമേരിക്ക പറയുന്നത്. ഈ പകര്‍ച്ച വ്യാധികള്‍ ചൈന നിര്‍മ്മിച്ചതാണെങ്കിലും തനിയെ ഉണ്ടായത് ആണെങ്കിലും അത് അംഗീകരിക്കാനാകില്ലെന്നും, ഈ അണുവ്യാപനം കൊണ്ട് ചൈന മാത്രമല്ല ദുരിതം പേറേണ്ടി വന്നതെന്നും അമേരിക്കന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് റോബര്‍ട്ട് ഒബ്രിയാന്‍ ആരോപിച്ചു.
‘ജനങ്ങളുടെയും സമൂഹത്തിന്റെയും ആരോഗ്യത്തെ പരിപാലിക്കേണ്ടതെങ്ങനെ എന്ന് ചൈന ശരിയായ തീരുമാനത്തിലെത്തണം. ഇനിയൊരു മഹാമാരി ചൈനയില്‍ നിന്നുണ്ടായിക്കൂട. മറ്റ് രാജ്യങ്ങളില്‍ നിന്ന് മഹാമാരിയെ തടയാന്‍ സഹായം തീര്‍ച്ചയായും ചൈനക്ക് ആവശ്യമുണ്ട്.’ ഒബ്രയാന്‍ അഭിപ്രായപ്പെട്ടു.
സാര്‍സ്, ഏവിയന്‍ഫ്‌ളൂ, പന്നിപ്പനി, കോവിഡ് 19 എന്നിവയെല്ലാം പൊട്ടിപ്പുറപ്പെട്ടത് ചൈനയില്‍ നിന്നുമാണെന്നാണ് അദ്ദേഹം പറയുന്നത്. അതേസമയം അഞ്ചാമത് രോഗമേതെന്ന് ഒബ്രയാന്‍ വെളിപ്പെടുത്തിയില്ല. ഇത്തരം രോഗങ്ങള്‍ പടരുന്നത് തടയാന്‍ അമേരിക്ക വിദഗ്ധ സംഘത്തെ അയക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചെങ്കിലും ചൈന അനുമതി നല്‍കിയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ചൈനയിലെ വുഹാനില്‍ നിന്നും ആരംഭിച്ച കൊറോണയുടെ തിക്തഫലം ഏറ്റവും അനുഭവിക്കേണ്ടി വന്ന പാശ്ചാത്യ രാജ്യങ്ങളില്‍ ഒന്നാണ് അമേരിക്ക. രോഗത്തിന്‍റെ തുടക്കത്തില്‍ അതിനെ ഗൗരവമായി എടുക്കാതിരുന്ന അമേരിക്കയിലാണ് ഇപ്പോൾ ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ലാഘവത്തോടെ കാര്യങ്ങള്‍ കാണുകയും ഇപ്പോള്‍ പിടിവിട്ട നിലയിലാകുകയും ചെയ്തതോടെ ചൈനയ്‌ക്കെതിരേ അമേരിക്ക രൂക്ഷ വിമര്‍ശനം പതിവാക്കിയിട്ടുണ്ട്.
Post Your Comments