ചെന്നൈ : രാജ്യത്തെ നാല് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്നു. തമിഴ്നാടിനു പിന്നാലെ കര്‍ണാടകയിലും തെലങ്കാനയിലും രോഗബാധിതര്‍ വര്‍ധിയ്ക്കുകയാണ്. മൂവായിരത്തിലധികം പേർക്ക് കോവിഡ് വരാൻ കാരണമായ, ചെന്നൈ, കോയമ്പേട് മാര്‍ക്കറ്റ് ക്ളസ്റ്ററിനു പിന്നാലെ, നഗരത്തിലെ കണ്ണകി നഗറുംആശങ്ക വര്‍ദ്ധിപ്പിക്കുന്നുണ്ട്. ഇരുപതിനായിരത്തോളം ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന കോളനിയില്‍ 23 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ 716 പേര്‍ക്കാണ് തമിഴ്നാട്ടില്‍ രോഗം കണ്ടെത്തിയത്. എട്ട് മരണങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. ഓരോ ദിവസവും മരണ സംഖ്യയും വര്‍ദ്ധിക്കുകയാണ്. 8718 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 61 മരണങ്ങള്‍ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ കുറിച്ച് ദിവസങ്ങളായി കര്‍ണാടകയിലും തെലങ്കാനയിലും രോഗബാധ റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. എന്നാൽ ഇപ്പോൾ ഈ സംസ്ഥാനങ്ങളിലും സ്ഥിതിഗതികള്‍ മാറിത്തുടങ്ങിയിരിക്കുകയാണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍ക്കാണ് ഇരുസംസ്ഥാനങ്ങളിലും രോഗബാധ കണ്ടെത്തിയത്. കര്‍ണാടകയില്‍ ഇന്നലെ 63 പേര്‍ക്കാണ് രോഗം കണ്ടെത്തിയത്. ഇതോടെ രോഗബാധിതരുടെ എണ്ണം 925 ആയി. 31 ആണ് സംസ്ഥാനത്തെ മരണസംഖ്യ.
തെലങ്കാനയില്‍ ഇന്നലെ രണ്ട് പേരാണ് മരിച്ചത്. മരണസംഖ്യ 32 ആയി. 51 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. രോഗബാധിതര്‍ 1326 ആയി. ആന്ധ്രാപ്രദേശിൽ ഇന്നലെ ഒരു മരണം കൂടി റിപ്പോര്‍ട്ടു ചെയ്തു. മരണസംഖ്യ 46 ആയി. 33 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. രോഗബാധിതർ 2051 ആണ്.
Post Your Comments