തിരുവനന്തപുരം : പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ 10 പേരെ താമസിപ്പിക്കേണ്ട സ്ഥലത്ത് കൊറോണ കാലത്ത് 35 തടവുകാരെ പാര്‍പ്പിച്ചിരിപ്പിക്കുന്നുവെന്ന പരാതിയുമായി ബന്ധുക്കള്‍. യാതൊരു വിധത്തിലുള്ള പരിശോധനയും നടത്താതെയാണ് പരോള്‍ കഴിഞ്ഞ് എത്തുന്നവരെ ജയിലിലേക്ക് തിരികെ കയറ്റിയതെന്ന ആക്ഷേപവുമുണ്ട്. കോവിഡ് ഭീതി ഒഴിയുന്നത് വരെ നിലവില്‍ പരോളില്‍ കഴിയുന്നവര്‍ക്ക് പരോള്‍ നീട്ടി നല്‍കണമെന്നാവശ്യപ്പെട്ട് ബന്ധുക്കള്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസിനും, മുഖ്യമന്ത്രിക്കും കത്തയച്ചു. അതേസമയം കോറോണയുടെ പശ്ചാത്തലത്തില്‍ തടവുകാരുടെ എണ്ണം കുറക്കുന്നതിന് വേണ്ടി പരോള്‍ അനുവദിക്കാന്‍ സുപ്രീംകോടതി നിര്‍ദ്ദേശിച്ചിരുന്നു.
ഏപ്രില്‍ 25 മുതല്‍ സംസ്ഥാനത്തെ ജയിലില്‍ ശിക്ഷയില്‍ കഴിയുന്ന പ്രതികള്‍ക്ക് സര്‍ക്കാര്‍ പരോള്‍ അനുവദിച്ചിരുന്നു. ഇതില്‍ ചിലരുടെ പരോള്‍ കാലാവധി നാലാം തീയതി അവസാനിച്ചതോടെ തിരികെ പ്രവേശിപ്പിച്ചു. എന്നാൽ തിരികെ പ്രവേശിപ്പിച്ചവരിൽ ഒരു തരത്തിലുള്ള പരിശോധനയുമുണ്ടായിരുന്നില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്.
10 പേർ കഴിയേണ്ട മുറിയില്‍ 35 പേരാണ് കഴിയുന്നത്. എല്ലാവര്‍ക്കും കൂടി ഒരു ശുചിമുറിയും, കുളിക്കുന്നതിന് ഒരു ടാങ്കുമാണ് അനുവദിച്ചിട്ടുള്ളത്. പരോള്‍ ലഭിച്ച 1500ഓളം തടവുകാര്‍ക്ക് ഈ മാസം 30ന് മുന്‍പ് കാലാവധി തീരും. കോവിഡ് പശ്ചാത്തലത്തിലും, മറ്റ് പരാതികളൊന്നും ഉയരാത്ത സാഹചര്യത്തിൽ
ഇവരുടെ പരോള്‍ നീട്ടണമെന്നാവശ്യപ്പെട്ടാണ് ബന്ധുക്കള്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസിനും മുഖ്യമന്ത്രിക്കും പരാതി നല്‍കിയിരിക്കുന്നത്.
Post Your Comments