ന്യൂഡൽഹി: രാജ്യത്ത് ലോക്ക് ഡൗൺ മൂന്നാം ഘട്ടം പൂർത്തിയാകുന്നതോടെ അടുത്ത നാലാം ഘട്ടം ആരംഭിക്കുമെന്നാണ് ഇപ്പോൾ പുറത്തു വരുന്ന സൂചന. എന്നാൽ ഈ ഘട്ടത്തിൽ നിരവധി ഇളവുകൾ ഉണ്ടാവും. നിയന്ത്രണങ്ങള്‍ തീവ്രബാധിത പ്രദേശങ്ങളില്‍ മാത്രമായിരിക്കുമെന്ന് റിപ്പോര്‍ട്ട്.
റെഡ് സോണുകളൊഴികെ നിയന്ത്രണങ്ങള്‍ നീക്കാനും സംസ്ഥാന മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായതായാണ് ഒരു ദേശീയ മാധ്യമത്തിന്‍റെ റിപ്പോര്‍ട്ട്.
മെയ് 17ന് ശേഷം സുരക്ഷാ മുൻകരുതലുകള്‍ പാലിച്ച് ജനജീവിതം സാധാരണ നിലയിലാക്കാനായിരിക്കും കേന്ദ്രസര്‍ക്കാരിൻ്റെ ശ്രമം. ലോക്ക്ഡൗൺ ഇളവുകളുടെ ഭാഗമായി വിവിധ നഗരങ്ങളെ ബന്ധിപ്പിക്കുന്ന ട്രെയിൻ സര്‍വീസുകള്‍ ഇന്നു മുതല്‍ ആരംഭിക്കുകയാണ്.
അതേസമയം, ഇതിനോട് തമിഴ്നാട്, തെലങ്കാന എന്നീ സംസ്ഥാനങ്ങള്‍ എതിര്‍പ്പ് അറിയിച്ചിട്ടുണ്ട്. നഗരം മൊത്തത്തില്‍ അടച്ചിടുന്നത് ഒഴിവാക്കി നിയന്ത്രണങ്ങള്‍ തീവ്രബാധിത പ്രദേശങ്ങള്‍ക്ക് മാത്രമായി ചുരുക്കുന്നത് സാമ്പത്തിക മേഖലയ്ക്ക് ഉത്തേജനമാകുമെന്നാണ് കേന്ദ്രവും വിവിധ സംസ്ഥാനങ്ങളും കരുതുന്നത്.
കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഉള്‍പ്പെടെ മിക്ക മുഖ്യമന്ത്രിമാരും ലോക്ക്ഡൗൺ നീയന്ത്രണങ്ങളില്‍ മാറ്റങ്ങള്‍ വരുത്താനുള്ള അവകാശം സംസ്ഥാനങ്ങള്‍ക്ക് വിട്ടുകൊടുക്കണണെന്ന ആവശ്യം ഉന്നയിച്ചിട്ടുണ്ട്. കൊവിഡ്-19 വാക്സിൻ തയ്യാറാകുന്നതു വരെ ജനങ്ങളെ കൊറോണ വൈറസിനൊപ്പം ജീവിക്കാൻ പ്രാപ്തരാക്കണമെന്നും മുൻകരുതല്‍ നടപടികള്‍ സ്വീകരിച്ച് കൂടുതല്‍ ഇളവുകള്‍ നല്‍കണമെന്നും ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി ആവശ്യപ്പെട്ടു.
ലോക്ക്ഡൗൺ സംബന്ധിച്ച് വ്യക്തമായ നിര്‍ദേശം നല്‍കിയാല്‍ മതിയെന്നും സംസഥാന സര്‍ക്കാരുകള്‍ അത് നടപ്പാക്കാമെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ വ്യക്തമാക്കി. നഗരങ്ങളിലടക്കം ബസുകള്‍ക്കും മെട്രോ റയിലിനും അനുമതി നല്‍കണമെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍റെ നിര്‍ദേശം.
Post Your Comments