കൊച്ചി: ജലാശ്വയ്ക്ക് പിന്നാലെ പ്രവാസികളുമായുള്ള രണ്ടാമത്തെ കപ്പൽ ഐഎൻഎസ് മഗർ ഇന്ന് രാത്രി കൊച്ചി തുറമുഖത്തെത്തും. 202 യാത്രക്കാരുമായി മാലിദ്വീപിൽ നിന്നും എത്തുന്ന കപ്പലിൽ 93 യാത്രക്കാർ സംസ്ഥാനത്തു നിന്നുള്ളവരും, 81 പേർ തമിഴ്നാട്ടിൽ നിന്നുള്ളവരാണ്.
രാത്രി 7 മണിയോടെ കൊച്ചി തുറമുഖത്തെ സമുദ്രികയിൽ എത്തുന്ന കപ്പലിൽ രാജ്യത്തെ 17 സംസ്ഥാനങ്ങളിൽ നിന്നായി 202 യാത്രക്കാരാണുള്ളത്. ആകെയുള്ള യാത്രക്കാരിൽ മൂന്നു കുട്ടികളും 14 ഗർഭിണികളുമുണ്ട്. സബ് കളക്ടർ സ്നേഹിൽ കുമാർ സിംഗും, ഐ.ജി വിജയ് സാക്കറയുടെയും നേതൃത്വത്തിലുള്ള സംഘം അവസാനവട്ട ഒരുക്കങ്ങൾ വിലയിരുത്തി. 698 യാത്രക്കാരുമായാണ് ഐഎൻഎസ് ജലാശ്വ എത്തിയത്.
തമിഴ്നാട്ടിൽ നിന്നുള്ളവരെ പ്രത്യേക ബസിൽ നാട്ടിൽ എത്തിക്കും. രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള യാത്രക്കാരെ കൊച്ചിയിൽ തന്നെ നിരീക്ഷണ കാലാവധി പൂർത്തീകരിച്ച് അവരവരുടെ നാടുകളിലേയ്ക്ക് അയക്കാനാണ് തീരുമാനം.
കപ്പലിൽ എത്തുന്ന എല്ലാവരെയും തെർമൽ സ്കാനർ അടക്കമുള്ള പരിശോധനകൾക്ക് വിധേയരാക്കുന്നതോടൊപ്പം അതാത് ജില്ലകളിലെ നിരീക്ഷണ കേന്ദ്രത്തിൽ എത്തിക്കാൻ ജില്ലകൾ തിരിച്ച് യാത്രയ്ക്കുള്ള ബസ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. കൂടാതെ പ്രത്യേക പരിഗണന ആവശ്യമുള്ളവർക്ക് ടാക്സികൾ തയ്യാറാക്കിയിട്ടുണ്ട്.
Post Your Comments