കൊച്ചി: ലോക്ക് ഡൗൺ മൂലം രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലായിരിക്കുന്ന ജനം ബാങ്ക് വായ്‌പകളില്‍ ആശ്വാസം തേടുന്നു. മാര്‍ച്ച്-ഏപ്രില്‍ കാലയളവില്‍ 41.81 ലക്ഷം ഇടപാടുകാര്‍ക്കായി പൊതുമേഖലാ ബാങ്കുകള്‍ മാത്രം അനുവദിച്ച വായ്‌പ 5.66 ലക്ഷം കോടി രൂപയാണ്. എം.എസ്.എം.ഇകള്‍, കര്‍ഷകര്‍, വ്യക്തികള്‍, കോര്‍പ്പറേറ്രുകള്‍ തുടങ്ങിയവരെല്ലാം വായ്‌പയ്ക്കായി തിരക്കുകൂട്ടി. വായ്പാത്തുക വിതരണം ലോക്ക്ഡൗണിന് ശേഷമായിരിക്കും.
മാര്‍ച്ച് ഒന്നിനും മേയ് നാലിനും ഇടയില്‍ ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ (എന്‍.ബി.എഫ്.സി), ഹൗസിംഗ് ഫിനാന്‍സ് കമ്ബനികള്‍ (എച്ച്.എഫ്.സി) എന്നിവയ്ക്ക് 77,383 കോടി രൂപയുടെ വായ്‌പയും അനുവദിച്ചു. റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ച മൂന്നുമാസ മോറട്ടോറിയം പൊതുമേഖലാ ബാങ്കുകളിലെ 3.20 കോടി അക്കൗണ്ടുടമകള്‍ പ്രയോജനപ്പെടുത്തിയെന്ന് ധനമന്ത്രാലയം വ്യക്തമാക്കി. മാര്‍ച്ച് ഒന്നുമുതല്‍ മേയ് 31 വരെയുള്ള വായ്‌പാ തിരിച്ചടവുകള്‍ക്കാണ് മോറട്ടോറിയം. വായ്‌പാ തിരിച്ചടവിന് മൂന്നുമാസം ആശ്വാസം കിട്ടുമെങ്കിലും ഇക്കാലയളവിലെ പലിശ ബാങ്കുകള്‍ ഈടാക്കും.
കഴിഞ്ഞ രണ്ടുമാസക്കാലയളവില്‍ 2.37 ലക്ഷം എം.എസ്.എം.ഇകള്‍ക്കായി പൊതുമേഖലാ ബാങ്കുകള്‍ അനുവദിച്ച വായ്‌പ 26,500 കോടി രൂപയാണ്. അടിയന്തര വായ്‌പ, വര്‍ദ്ധിപ്പിച്ച പ്രവര്‍ത്തന മൂലധന വായ്പാ വിഭാഗങ്ങളിലായാണ് ഇവ അനുവദിച്ചത്.
രാജ്യത്ത് വിപുലമായ രണ്ടാം രക്ഷാപാക്കേജ് ഉടനുണ്ടാകുമെന്നാണ് സൂചന. വലുപ്പം വ്യക്തമല്ലെങ്കിലും ജി.ഡി.പിയുടെ രണ്ടു ശതമാനം വരെ അതായത്, മൂന്നുലക്ഷം കോടി രൂപ പ്രതീക്ഷിക്കാം. നിര്‍ദ്ധനര്‍, സ്ത്രീകള്‍, കുടിയേറ്റ തൊഴിലാളികള്‍, കര്‍ഷകര്‍, എം.എസ്.എം.ഇകള്‍, തൊഴില്‍ നഷ്‌ടമായവര്‍ എന്നിവര്‍ക്കായിരിക്കും മുന്‍ഗണന.
Post Your Comments