കോട്ടയം: സംസ്ഥാനത്ത് വീണ്ടും രാഷ്ട്രീയ ചേരിപ്പോര് തലപ്പൊക്കുന്നു. കേരള കോണ്‍ഗ്രസ് എം ലാണ് ചേരിപ്പോര് മറനീക്കി പുറത്തുവന്നത്. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവിയെ ചൊല്ലിയാണ് ഇപ്പോഴത്തെ തര്‍ക്കം. പി.ജെ ജോസഫ് ആണ് കലഹത്തിന് വഴിവെച്ചിരിക്കുന്നത്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി അജിത് മുതിരമലയെ സ്ഥാനമേല്‍പിക്കണമെന്നാണ് ജോസഫ് ആവശ്യപ്പെടുന്നത്. യു.ഡി.എഫ് സംസ്ഥാന നേതൃത്വം ഇക്കാര്യത്തില്‍ ഇടപെടണമെന്നാണ് ജോസഫിന്റെ ആവശ്യം. പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി മോന്‍സ് ജോസഫ് എം.എല്‍.എ, പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി ജോയി ഏബ്രഹാം എന്നിവര്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബഹന്നാന്‍ എന്നിവര്‍ക്ക് കത്ത് നല്‍കി കഴിഞ്ഞു.
കേരള കോണ്‍ഗ്രസില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവിയെ സംബന്ധിച്ച് തര്‍ക്കമുണ്ടായപ്പോള്‍ യു.ഡി.എഫ് നേതൃത്വം ഇടപെട്ട് കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തിലെ സെബാസ്റ്റ്യന്‍ കുളത്തുങ്കലിനെ സ്ഥാനം ഏല്‍പിച്ചിരുന്നു. എന്നാല്‍ പ്രസിഡന്റ് സ്ഥാനം പങ്കിടണമെന്നായിരുന്നു അന്നുള്ള ധാരണ. എന്നാല്‍ അങ്ങനെയൊരു ധാരണ ഉണ്ടായിട്ടില്ലെന്നാണ് ജോസ് വിഭാഗം ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം വ്യക്തമാക്കുന്നത്.
എന്നാല്‍, കേരള കോണ്‍ഗ്രസില്‍ തര്‍ക്കമുണ്ടായപ്പോള്‍ പ്രസിഡന്റ് സ്ഥാനം പങ്കിടുന്നത് സംബന്ധിച്ച് യു.ഡി.എഫ് സംസ്ഥാന തലത്തില്‍ ധാരണയുണ്ടാക്കിയിരുന്നെന്നും തുടര്‍നടപടികള്‍ സംസ്ഥാന നേതൃത്വം തന്നെ ഇടപെടണമെന്നും ഡി.സി.സി പ്രസിഡന്റ് ജോഷി ഫിലിപ്പ് പറയുന്നു.
Post Your Comments