ഛത്തീസ്ഗഡ് • ഹൃദയാഘാതത്തെത്തുടർന്ന് കഴിഞ്ഞദിവസം വെന്റിലേറ്ററിൽ പ്രവേശിപ്പിച്ച ഛത്തീസ്ഗഡ് മുന്‍ മുഖ്യമന്ത്രി അജിത് ജോഗി കോമയിലേക്ക് വഴുതി വീണതായി റിപ്പോര്‍ട്ട്.
അജിത് ജോഗി കോമയിലാണെന്നും അദ്ദേഹത്തിന്റെ നില ഗുരുതരമാണെന്നും അദ്ദേഹത്തെ ചികിത്സിക്കുന്ന റായ്പൂരിലെ ശ്രീ നാരായണ ആശുപത്രി അറിയിച്ചു. അടുത്ത 48 മണിക്കൂറിനുള്ളിൽ അദ്ദേഹത്തിന്റെ ശരീരം മരുന്നുകളോട് എങ്ങനെ പ്രതികരിക്കുന്നുവെന്നത് നിര്‍ണായകമാണ്.
74 കാരനായ നേതാവും ഛത്തീസ്ഗഡിലെ ആദ്യ മുഖ്യമന്ത്രിയുമായ അജിത് ജോഗിയെ ശനിയാഴ്ച ഉച്ചയ്ക്ക് 12: 30 നാണ് റായ്പൂരിലെ ശ്രീ നാരായണ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പൂന്തോട്ടത്തില്‍ വച്ച് കുഴഞ്ഞുവീഴുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ഭാര്യ രേണു ജോഗി, എംഎൽഎയും മകനുമായ അമിത് ജോഗി എന്നിവരും ആശുപത്രിയിൽ ഉണ്ട്.
ഉദ്യോഗസ്ഥ പദവിയില്‍ നിന്ന് രാഷ്ട്രീയക്കാരനായ അജിത് ജോഗി സംസ്ഥാനം നിലവിൽ വന്നതിനുശേഷം 2000 നവംബർ മുതൽ 2003 നവംബർ വരെ മുഖ്യമന്ത്രിയായിരുന്നു.
2016 ൽ കോൺഗ്രസ് വിട്ട് അദ്ദേഹം പുതിയ രാഷ്ട്രീയ സംഘടനയായ ജനത കോൺഗ്രസ് ഛത്തീസ്ഗഡ് (ജെ) രൂപീകരിച്ചു.
ബി.ജെ.പിയുടെ ബി ടീം ആയി സംസ്ഥാന കോൺഗ്രസ് പ്രവർത്തിക്കുന്നുവെന്ന് ജോഗി ആരോപിച്ചിരുന്നു. അതേസമയം, താന്‍ ഗോത്രവര്ഗക്കാരനാണെന്ന് കാണിക്കുന്ന വ്യാജ ജാതി സർട്ടിഫിക്കറ്റ് നേടിയെന്ന് ആരോപിച്ച് അജിത് ജോഗിക്കെതിരെ കഴിഞ്ഞ വർഷം എ.ഫ്.ഐആർ രജിസ്റ്റർ ചെയ്തിരുന്നു.
Post Your Comments