Latest NewsNewsGulf

ഗള്‍ഫ് രാഷ്ട്രങ്ങളില്‍ നിന്നു ജോലി നഷ്ടമായി ഏറ്റവും കൂടുതല്‍ മലയാളികള്‍ മടങ്ങി വരുന്നത് പ്രധാനമായും രണ്ടു രാജ്യങ്ങളിൽ നിന്ന്

ജിദ്ദ: കോവിഡ് പശ്ചാത്തലത്തിൽ ഗള്‍ഫ് രാഷ്ട്രങ്ങളില്‍ നിന്നു ജോലി നഷ്ടമായി ഏറ്റവും കൂടുതല്‍ മലയാളികള്‍ മടങ്ങി വരുന്നത് യു.എ.ഇയില്‍ നിന്ന്. രണ്ടാം സ്ഥാനം സഊദിയില്‍ നിന്നും തൊട്ടടുത്ത് ഖത്തറില്‍ നിന്നും. അതേ സമയം ഇവരുടെ പുനരധിവസാമായിരിക്കും സംസ്ഥാനം നേരിടുന്ന വലിയ വെല്ലുവിളി. ഇക്കാര്യത്തില്‍ വേഗം മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കണമെന്നാണ് വിദഗ്ധരുടെ നിര്‍ദ്ദേശം. എന്നാല്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഇതുവരെ നടപടികള്‍ ഒന്നും ആയിട്ടില്ല.

നിലവില്‍ സംസ്ഥാനത്തേക്ക് മടങ്ങവരുന്നതിന് 4,42,238 പ്രവാസികളാണ് നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 196039 പേര്‍ യു.എ.ഇയില്‍ നിന്ന് മാത്രമാണ്. ഇതില്‍ 61009 പേരാണ് ജോലി നഷ്ടപ്പെട്ട് കേരളത്തിലേക്ക് വരുന്നത്. വിസാ കാലവധി തീര്‍ന്നവരുടെ പട്ടിക വേറേ. സഊദിയില്‍ നിന്ന് രജിസ്റ്റര്‍ ചെയ്തവരില്‍ 10,000 പേര്‍ തൊഴില്‍ നഷ്ടപ്പെട്ട് മടങ്ങി വരാന്‍ തയ്യാറെടുക്കുന്നു.

ഖത്തില്‍ നിന്ന് 8000 പേരും. കുവൈത്തില്‍ പൊതുമാപ്പ് പ്രയോജനപ്പെടുത്തി മലയാളികളടക്കം 6000 ഇന്ത്യക്കാരെയാണ് നാടുകടത്തല്‍ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുള്ളത്. ഇവരെ കുവൈത്ത് എയര്‍വേയ്സിന്റെ വിമാനങ്ങളില്‍ ഇന്ത്യയിലെത്തിക്കാനുള്ള ശ്രമം കൊറോണ വ്യാപനത്തെ തുടര്‍ന്ന് അവസാന നിമിഷം പരാജയപ്പെടുകയായിരുന്നു. ഇന്ത്യന്‍ സര്‍ക്കാരിന്റെ അനുമതി ലഭിക്കാത്തതിനെ തുടര്‍ന്ന് ഈ നീക്കം ഉപേക്ഷിക്കുകയായിരുന്നു. ഈജിപ്ത്സ, ഫിലിപ്പൈന്‍സ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരെ കുവൈത്ത് എയര്‍വേയ്സ് വിമാനത്തില്‍ അതാത് രാജ്യത്ത് എത്തിച്ചിട്ടുണ്ട്.

അതേ സമയം നിലവിലെ പ്രതിസന്ധി മറികടക്കാന്‍ കുറഞ്ഞത് ആറുമാസമെങ്കിലും സമയം എടുക്കുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. കൊറോണ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഗള്‍ഫ് നാടുകളുടെ ജിഡിപി 0.6 ശതമാനത്തിലേക്ക് താഴുമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ടൂറിസം മേഖലയിലും വലിയ തിരിച്ചടിയാണ് കൊറോണ വരുത്തിവെച്ചത്.

ഗള്‍ഫ് പണമൊഴുക്ക് കുറയുന്നത് സംസ്ഥാനത്തെ എല്ലാ മേഖലയെയും ബാധിക്കും. ഒരു ലക്ഷം കോടി രൂപയാണ് കേരളത്തിലെ ബാങ്കുകളിലെ പ്രവാസി നിക്ഷേപം. ഇതില്‍ വലിയൊരു ശതമാനം പിന്‍വലിക്കപ്പെടും. ഇത് ബാങ്കുകള്‍ക്കുണ്ടാക്കുക ചില്ലറ പ്രതിസന്ധിയാകില്ല.

മടങ്ങിയെത്തുന്ന പ്രവാസികളില്‍ ചുരുങ്ങിയത് രണ്ട് ലക്ഷം പേരെങ്കിലും തൊഴില്‍ നഷ്ടപ്പെട്ടവരായിരിക്കുമെന്നാണ് കണക്ക്. പ്രവാസികളെ മുന്‍നിര്‍ത്തിയുള്ള പുനരധിവാസ പാക്കേജ് വേണമെന്നാണ് വിവിധ പ്രവാസി സംഘടനകള്‍ ആവിശ്യപ്പെടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button