തൃശൂര്‍: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഗുരുവായൂര്‍ ദേവസ്വം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് കോടി രൂപ നല്‍കിയതിനെതിരെ കോണ്‍ഗ്രസും രംഗത്ത്. വിഷയത്തില്‍ ബി.ജെ.പി നിലപാടിനോട് പൂര്‍ണ്ണമായി യോജിച്ച് കോണ്‍ഗ്രസ് രംഗത്ത് വന്നു. ക്ഷേത്രത്തിന്റെ പണം ക്ഷേത്രത്തിന്റെ ചിലവുകള്‍ക്ക് മാത്രമേ ഉപയോഗിക്കാവൂ എന്ന് കോണ്‍ഗ്രസ് തൃശൂര്‍ ജില്ലാ നേതൃത്വം ആവശ്യപ്പെട്ടു.
തൃശൂര്‍ ഡി.സി.സിയുടെ ചാര്‍ജ് വഹിക്കുന്ന പദ്മജാ വേണുഗോപാലാണ് ജില്ലാ നേതൃത്വത്തിന്റെ നിലപാട് വ്യക്തമാക്കിയത്. ദേവസ്വം ബോര്‍ഡ് ചെയര്‍മാന്റേത് വെറും രാഷ്ട്രീയക്കളിയാണെന്നും തൃശൂര്‍ ഡി.സി.സി ആരോപിച്ചു.ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിനെതിരെ കഴിഞ്ഞ ദിവസം ഡി.സി.സി പിന്തുണയോടെ ഗുരുവായൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റി പ്രതിഷേധിച്ചിരുന്നു. ബ്ലോക്ക് പ്രസിഡണ്ട് സി. ഗോപപ്രതാപന്‍, മണ്ഡലം പ്രസിഡന്റെ ബാലന്‍ വാറണാട് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
കെ. മുരളീധരനും നേരത്തെ ഗുരുവായൂര്‍ ദേവസ്വത്തിനെതിരെ രംഗത്ത് വന്നിരുന്നു.ബി.ജെ.പിയുടെയും ഹിന്ദു ഐക്യവേദിയുടെയും ആരോപണങ്ങള്‍ തന്നെയാണ് കോണ്‍ഗ്രസും ആവര്‍ത്തിക്കുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായം നല്‍കിയതിനെതിരെ ഭക്തജനങ്ങള്‍ രംഗത്ത് വരണമെന്നായിരുന്നു കുമ്മനം രാജശേഖരന്‍ ആവശ്യപ്പെട്ടത്. സംഭവത്തിൽ ഹിന്ദു ഐക്യവേദി കോടതിയിൽ പരാതി നൽകിയിട്ടുണ്ട്.
Post Your Comments