ബീജിംഗ് : ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന് സഹായ വാഗ്ദാനം നല്‍കി ചൈന. കോവിഡ് ഉത്തര കൊറിയയ്ക്ക് ഭീഷണിയായേക്കുമെന്ന് ആശങ്ക പ്രകടിപ്പിച്ചാണ് ചൈനീസ് പ്രസിഡന്റ് ഷീ ജിംഗ് പിംഗ് രംഗത്ത് എത്തിയത്. ഉത്തര കൊറിയയ്ക്ക് ചൈനയുടെ സഹായവും ഷീ വാഗ്ദാനം ചെയ്തു. ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോംഗ് ഉന്‍ ചൈനയുടെ കൊവിഡ് പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ച് കൊണ്ട് കഴിഞ്ഞ ദിവസം അയച്ച കത്തിന് മറുപടിയായിട്ടാണ് ഷീയുടെ പ്രസ്ഥാവന.
രാജ്യത്ത് ഇതേവരെ ഒരൊറ്റ കൊവിഡ് കേസ് പോലും രേഖപ്പെടുത്തിയിട്ടില്ലെന്നാണ് ഉത്തര കൊറിയ വ്യക്തമാക്കുന്നത്. എന്നാല്‍ വിദഗ്ദര്‍ ഇതില്‍ ശക്തമായ സംശയം പ്രകടിപ്പിക്കുന്നുണ്ട്. കോവിഡിന്റെ പശ്ചാത്തലത്തില്‍ വിനോദ സഞ്ചാരം നിറുത്തലാക്കിയ ആദ്യ രാജ്യം ഉത്തര കൊറിയയാണ്. ജനുവരി മൂന്നാം ആഴ്ചയോടെ തന്നെ ഉത്തര കൊറിയ തങ്ങളുടെ അതിര്‍ത്തികളെല്ലാം അടച്ചിരുന്നു. ദുര്‍ബലമായ ആരോഗ്യ മേഖലയായതിനാല്‍ വൈറസിന്റെ ചെറിയ സാന്നിദ്ധ്യം പോലും ഉത്തര കൊറിയയെ അപകടത്തിലാക്കുമെന്ന് വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു.
പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ചൈനയെ അഭിനന്ദിച്ച കിമ്മിന് അതിയായ നന്ദിയറിയിച്ച ഷീ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമാക്കണമെന്നും കൊവിഡ് പോരാട്ടത്തിന് ഉത്തര കൊറിയയ്ക്ക് തങ്ങളാല്‍ കഴിയുന്ന എല്ലാ സഹായങ്ങളും നല്‍കുമെന്നും അറിയിച്ചു. ഇന്നലെയാണ് കിം ചൈനയെ അഭിനന്ദിച്ച് കൊണ്ട് ശബ്ദ സന്ദേശം അറിയിച്ചതായി ഉത്തര കൊറിയന്‍ വാര്‍ത്താ ഏജന്‍സി അറിയിച്ചത്.
Post Your Comments