കോട്ടയം : നാട്ടുകാരില്‍നിന്ന് രക്ഷപ്പെടാന്‍ ബൈക്ക് മോഷ്ടാക്കള്‍ പുഴയില്‍ ചാടി. പുഴയില്‍ നീര്നായയുണ്ടെന്നും കടി കിട്ടാന്‍ സാധ്യതയുണ്ടെന്നുമുള്ള നാട്ടുകാരുടെ മുന്നറിയിപ്പിന് പിന്നാലെ മോഷ്ടാക്കള്‍ തിരിച്ച് കരയില്‍ കയറി. തുടര്‍ന്ന് പോലീസ് എത്തി മോഷ്ടാക്കളെ കസ്റ്റഡിയില്‍ എടുത്തു. കോട്ടയം വെള്ളൂപ്പറമ്പിലാണ് സംഭവം.
കുമ്മനം സ്വദേശി താരിഖിന്റെ ബൈക്കാണ് യുവാക്കൾ മോഷിട്ടിച്ചത്. തുടർന്ന് ബൈക്കിന്റെ നമ്പര്‍ സഹിതം താരിഖ് ഫെയ്സ്ബുക്കില്‍ കുറിപ്പിട്ടു. ഇതോടെ വെള്ളിയാഴ്ച രാവിലെ മീനച്ചിലാറ്റില്‍ വെള്ളൂപ്പറമ്പ് പാലത്തിന് സമീപമുള്ള കടവില്‍ കുളിക്കാന്‍ വന്ന ജെറിന് എന്നയാള്‍ മോഷണം പോയ ബൈക്ക് അവിടെ ഇരിക്കുന്നത് കണ്ടു. കളവ് പോയ ബൈക്കിന്റെ നമ്പര്‍ സാമൂഹിക മാധ്യമങ്ങളില്‍ നിന്ന് ജെറിന് അറിയാമായിരുന്നു. തുടര്‍ന്ന് അദ്ദേഹം വിവരം അറിയിച്ചു.
ഇതോടെ ബൈക്കിന് സമീപത്ത് ഇരുന്ന മോഷ്ടാക്കള്‍ സാഹചര്യം പന്തിയല്ലെന്ന് മനസ്സിലാക്കി പുഴയിലേക്ക് ചാടുകയായിരുന്നു. അക്കരെ മിഡാസ് കമ്പനി ഭാഗത്തേക്ക് പോയെങ്കിലും അവിടെ ജനം കൂടി. ഇതോടെ തിരിച്ച് നീന്തി. ഇരുവരും കര കയറാതെ ആറ്റുവഞ്ചിപ്പുല്ലില് പിടിച്ച് കിടന്നു. ഇതിനിടെയാണ് നാട്ടുകാര്‍ നീര്‍നായയുടെ കാര്യം ഓര്‍മ്മിപ്പിച്ചത്. ഇതോടെ രണ്ടുപേരും കരയില്‍ എത്തി. തുടര്‍ന്ന് ഗാന്ധിനഗര്‍ പോലീസ് ഇവരെ കസ്റ്റഡിയില്‍ എടുത്തു.
Post Your Comments