ഇരിട്ടി; വിവാഹമോതിരമെത്തിച്ച് നൽകി ഫയർഫോഴ്സ്, വിവാഹച്ചടങ്ങില്‍ വധൂവരന്മാര്ക്ക് അണിയേണ്ട മോതിരം കടയില്‍നിന്ന് എത്തിച്ചുനല്‍കി മാതൃകയായിരിക്കുകയാണ് ഇരിട്ടി അഗ്നിശമന സേന, ഇരിട്ടി കരിക്കോട്ടക്കരിയിലെ താളുകണ്ടത്തില്‍ ഇമ്മാനുവേല്‍-ലില്ലി ദമ്പതികളുടെ മകള്‍ മറിയ ഇമ്മാനുവേലും കണിച്ചാര്‍ ചെങ്ങോത്തെ ഒറ്റപ്ലാക്കല്‍ ജോസ്-മേരിക്കുട്ടി ദമ്ബതികളുടെ മകന് ജോമിനും തമ്മിലുള്ള വിവാഹമാണ് ഇന്ന് നടക്കേണ്ടത്.
എന്നാലാദ്യം ഏപ്രില്‍ 16നായിരുന്നു വിവാഹം നിശ്ചയിച്ചിരുന്നതെങ്കിലും അന്ന് നടന്നില്ല, മുംബൈയില്‍ മാനുഫാക്ച്ചറിങ് കമ്പനിയില്‍ ജോലിചെയ്യുന്ന ജോമിന് ലോക്ഡൗണ്‍ പ്രഖ്യാപിച്ച ഉടന്‍ നാട്ടില്‍ എത്തിയെങ്കിലും നിരീക്ഷണത്തില്‍ കഴിയേണ്ടി വന്നു, ഏപ്രിലില്‍ തീരുമാനിച്ച വിവാഹം മേയ് ഏഴിലേക്ക് മാറ്റിവെക്കേണ്ടി വന്നു. വിവാഹസമയത്ത് കൈമാറേണ്ട മോതിരങ്ങള്‍ കണ്ണൂരിലെ സ്വര്‍ണക്കടയില്‍ ബുക്ക് ചെയ്തിരുന്നു. കണ്ണൂര്‍ ജില്ല റെഡ് സോണായി പ്രഖ്യാപിച്ചതും ലോക്ഡൗണ്‍ യാത്രാ പ്രതിസന്ധിയും നിലനില്‍ക്കുന്നതിനാല്‍ മോതിരമില്ലാതെ വിവാഹം നടത്തിയാലോ എന്ന് വീട്ടുകാര്‍ ആലോചിക്കുന്നതിനിടെയാണ് അഗ്നിരക്ഷാ സേനയുടെ വിവിധ സേവന പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍ എത്തുന്നത്.
തുടർന്ന് ഇരിട്ടി അഗ്നിരക്ഷാ നിലയത്തിലേക്ക് വിളിച്ച് ഇവര്‍ തങ്ങളുടെ കാര്യങ്ങള്‍ ബോധിപ്പിച്ചു, സേന ദൗത്യം ഏറ്റെടുക്കുകയുമായിരുന്നു. ചൊവ്വാഴ്ച വൈകുന്നേരത്തോടെ കണ്ണൂരില്‍നിന്ന് അസി. സ്റ്റേഷന് ഓഫിസര്‍ ടി. മോഹനന്റെ നേതൃത്വത്തില്‍ എത്തിച്ച മോതിരങ്ങള്‍ സീനിയര്‍ ഫയര്‍ ആന്‍ഡ് റസ്ക്യൂ ഓഫിസര്‍ ബെന്നി ദേവസ്യ, ഫയര്‍ ആന്‍ഡ് റസ്ക്യൂ ഓഫിസര്‍ ആന്‍ഡ് ഡ്രൈവര്‍ വി. രാജന് എന്നിവരുടെ നേതൃത്വത്തില്‍ രാത്രി എട്ടോടെ നവവധു മറിയ ഇമ്മാനുവേലിന് കരിക്കോട്ടക്കരിയിലെ വീട്ടിലെത്തി കൈമാറുകയായിരുന്നു.
Post Your Comments