ലണ്ടൻ: യൂറോപ്പിൽ കോവിഡ് മരണ സംഖ്യ മുപ്പതിനായിരത്തിനു മുകളിലെത്തിയ ആദ്യ രാജ്യമായി ബ്രിട്ടൻ. 649 ആളുകളാണ് ഇന്നലെയും മരിച്ചത്. രോഗത്തിന്റെ മൂർധന്യാവസ്ഥ മറികടന്നുവെന്ന് സർക്കാർ അവകാശപ്പെടുമ്പോഴും കുറവില്ലാതെ നിൽക്കുന്ന മരണനിരക്കും അനുദിനം വർധിക്കുന്ന രോഗികളുടെ എണ്ണവും ഏവരെയും ആശങ്കപ്പെടുത്തുന്ന സ്ഥിതിയാണ്.
30,076 പേര്‍ ഇതുവരെ മരിച്ചതായാണു സർക്കാരിന്റെ കണക്ക്. ഇതിലും ഏതാനും ആയിരങ്ങൾ കൂടുതലാണ് മരണങ്ങളെന്നാണു വിവിധ ഏജൻസികളുടെയും മാധ്യമങ്ങളുടെയും കണ്ടെത്തൽ. ഇതിനോടകം 29,684 പേർ മരിച്ച ഇറ്റലിയിലും ഇരുപത്തയ്യായിരത്തിനു മുകളിൽ ആളുകൾ മരിച്ച സ്പെയിൻ, ഫ്രാൻസ് എന്നിവിടങ്ങളിലുമെല്ലാം മരണനിരക്കു ഗണ്യമായി കുറയുന്ന സ്ഥിതിയാണ്. എന്നാൽ ബ്രിട്ടനിൽ ഈ കുറവ് കാണാത്തതാണ് ആശങ്കപ്പെടുത്തുന്ന ഘടകം.
ഈമാസം അവസാനത്തോടെ ദിവസേന രണ്ടുലക്ഷം ടെസ്റ്റിങ്ങുകൾ എന്ന ലക്ഷ്യമാണ് സർക്കാരിനുള്ളതെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഇന്നലെ പാർലമെന്റിൽ വ്യക്തമാക്കി. ദിവസേന ആറായിരത്തിലേറെ ആളുകൾക്കാണ് ഇപ്പോൾ ബ്രിട്ടനിൽ രോഗം സ്ഥിരീകരിക്കുന്നത്. രാജ്യം ലോക്ഡൗണിലായിട്ടും ആളുകൾ സാമൂഹിക അകലം പാലിച്ചിട്ടും രോഗവ്യാപനത്തിൽ കുറവില്ലെന്നാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നത്. രോഗം ബാധിച്ച് മരിക്കുന്ന ആരോഗ്യ പ്രവർത്തകരുടെ എണ്ണവും ദിനംപ്രതി കൂടിവരികയാണ്. ഡോക്ടർമാരും നഴ്സുമാരും അടക്കം ഇതിനോടകം 110 ആരോഗ്യ പ്രവർത്തകരും 19 കെയർഹോം ജീവനക്കാരുമാണ് കോവിഡ് ബാധിച്ച് മരിച്ചത്.
Post Your Comments