Latest NewsKeralaNews

കേരളം നേരത്തെ തീരുമാനിച്ച മുൻഗണന പട്ടികയിലെ പ്രവാസികളെ ആദ്യ ഘട്ടത്തിൽ തന്നെ നാട്ടിലെത്തിക്കണമെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം :  കേരളം നേരത്തെ തീരുമാനിച്ച മുൻഗണനാ പട്ടികയിലെ പ്രവാസികളെ ആദ്യ ഘട്ടത്തിൽ തന്നെ നാട്ടിലെത്തിക്കണമെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഈ ലിസ്റ്റ് കേന്ദ്രത്തിന് നൽകിയിരുന്നു. തൊഴിൽ നഷ്ടപ്പെട്ടവർ, കരാർ പുതുക്കിയിട്ടില്ലാത്തവർ, ജയിൽ മോചിതർ, ഗർഭിണികൾ, വിസിറ്റ് വിസ കാലാവധി കഴിഞ്ഞവർ, ലോക്ക്ഡൗൺ കാരണം മാതാപിതാക്കളിൽ നിന്ന് വേറിട്ട് കഴിയേണ്ടി വന്ന കുട്ടികൾ, പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികൾ എന്നിവരാണ് കേരളത്തിന്റെ മുൻഗണനയിലുള്ളത്.

ഇപ്പോൾ ലഭിച്ച വിവരം അനുസരിച്ച് ആദ്യ അഞ്ച് ദിവസം 2250 പേരെ വിമാനത്തിലെത്തിക്കുമെന്നാണ് അറിയുന്നത്. കേരളത്തിലേക്ക് ആകെ 80000 പേരെ എത്തിക്കുന്നതിനാണ് കേന്ദ്രം തീരുമാനിച്ചിരിക്കുന്നതെന്ന് വിവരമുണ്ട്. മുൻഗണനയനുസരിച്ച് കേരളം കണക്കാക്കിയത് 1,69,136 പേരെയാണ്. തിരിച്ചുവരാൻ 4.42 ലക്ഷം പ്രവാസി മലയാളികളാണ് രജിസ്റ്റർ ചെയ്തത്. കേരളത്തിൽ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളിലാണ് വിമാനങ്ങളെത്തുക. കണ്ണൂർ വിമാനത്താവളത്തെ ഒഴിവാക്കിയിരിക്കുകയാണ്. കണ്ണൂർ വഴി എത്തുന്നതിന് 69,179 പേരാണ് രജിസ്റ്റർ ചെയ്തിരുന്നത്. കൊറോണ വൈറസ് ബാധയ്ക്ക് പരിശോധന നടത്താതെയാണ് വിദേശത്തു നിന്ന് പ്രവാസികളെ കൊണ്ടുവരുന്നതെന്നതെന്നാണ് കേന്ദ്രത്തിന്റെ അറിയിപ്പ്. ഇത് വലിയ അപകടം സൃഷ്ടിക്കുന്ന രീതിയാണ്. ഒരു വിമാനത്തിൽ 200 പേരാണ് വരിക. ഒന്നോ രണ്ടോ പേർക്ക് വൈറസ് ബാധയുണ്ടെങ്കിൽ യാത്രക്കാർ മുഴുവൻ പ്രശ്‌നത്തിലാകും. കേന്ദ്രത്തിന്റെ ഈ തീരുമാനം പുനപരിശോധിക്കണം. ഇറ്റലിയിൽ നിന്നും ഇറാനിൽ നിന്നും ആദ്യം ആളുകളെ കൊണ്ടുവന്നപ്പോൾ ഇന്ത്യൻ മെഡിക്കൽ സംഘം അവിടെ പോയി പരിശോധിച്ചിരുന്നു. യാത്രതിരിക്കും മുമ്പ് പരിശോധന നടത്തണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്. ഇപ്പോൾ പ്രഖ്യാപിച്ച രീതിയിലാണ് പ്രവാസികൾ വരുന്നതെങ്കിൽ ചുരുങ്ങിയത് ഏഴു ദിവസം സർക്കാരിന്റെ ക്വാറന്റൈൻ സംവിധാനത്തിൽ കഴിയണം. ഇതരസംസ്ഥാനങ്ങളിലെ ഹോട്ട്‌സ്‌പോട്ടുകളിൽ നിന്ന് മടങ്ങിവരുന്ന മലയാളികളും ഇത്തരത്തിൽ ഏഴു ദിവസം സർക്കാർ ക്വാറന്റൈനിൽ കഴിയണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Also read : തിരക്ക് കൂടുന്നു : കടകള്‍ തുറക്കുന്നതിന് നിയന്ത്രണങ്ങള്‍ വരുന്നു

ഏഴാം ദിവസം പി. സി. ആർ ടെസ്റ്റ് നടത്തും. ഫലം അടുത്ത ദിവസം വരും. നെഗറ്റീവ് ആകുന്നവരെ വീട്ടിലേക്കയക്കും. പോസിറ്റീവായാൽ ചികിത്‌സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റും. നെഗറ്റീവ് ഫലം വന്ന് വീട്ടിലേക്ക് പോകുന്നവർ തുടർന്നും ഒരാഴ്ച ക്വാറന്റൈനിൽ കഴിയണം. ക്വാറന്റൈനിൽ കഴിയുന്നവർക്ക് ആന്റിബോഡി ടെസ്റ്റ് വ്യാപകമായി നടത്തും. രണ്ടു ലക്ഷം ടെസ്റ്റ് കിറ്റുകൾക്ക് സർക്കാർ ഓർഡർ നൽകിയിട്ടുണ്ട്. വിമാനത്താവളങ്ങൾക്ക് പുറമെ എല്ലാ ജില്ലകളിലും ക്വാറന്റൈന് സംവിധാനമുണ്ടാവും. വിവിധ ജില്ലകളിലായി 2.5 ലക്ഷം കിടക്കകൾക്കുള്ള സൗകര്യം കണ്ടെത്തിയിട്ടുണ്ട്. ഇതിൽ 1,63,000 കിടക്കകൾ ഇപ്പോൾ തന്നെ ഉപയോഗയോഗ്യമാണ്. ഒഴിഞ്ഞു കിടക്കുന്ന വീടുകളും ആവശ്യമെങ്കിൽ ക്വാറന്റൈൻ സംവിധാനമാക്കും. മാലദ്വീപിൽ നിന്ന് രണ്ടും യു. എ. ഇയിൽ നിന്ന് ഒരു കപ്പലിലും പ്രവാസികളെ എത്തിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇതിനായി കൊച്ചി തുറമുഖത്ത് പോർട്ട് ട്രസ്റ്റുമായി ബന്ധപ്പെട്ട് ക്രമീകരണം ഒരുക്കും. നാവിക സേന അധികൃതരുമായി ചീഫ് സെക്രട്ടറി ഈ വിഷയം ചർച്ച ചെയ്തിട്ടുണ്ട്. ഇത്തരത്തിൽ കപ്പലിലെത്തുന്ന മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവരെ അവരവരുടെ സംസ്ഥാനങ്ങളിലേക്കയക്കും.
45,000ത്തിലധികം പി. സി. ആർ ടെസ്റ്റ് കിറ്റുകൾ സംസ്ഥാനത്തുണ്ട്. കൂടുതൽ കിറ്റുകൾക്ക് ഓർഡർ നൽകി.

ഈ മാസം അവസാനത്തോടെ 60000 ടെസ്റ്റുകൾ നടത്താനാവുമെന്നാണ് പ്രതീക്ഷ. അടുത്ത ആഴ്ചയോടെ വിമാനത്തിൽ 20000 പ്രവാസികളെത്തുമെന്നാണ് കരുതുന്നത്. മറ്റു സംസ്ഥാനങ്ങളിൽ നിന്ന് 1,80,540 പേരാണ് തിരികെവരാൻ രജിസ്റ്റർ ചെയ്തത്. ഇതിൽ 25,410 പേർക്ക് പാസ് നൽകി. 3363 പേർ തിരിച്ചെത്തി. മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർ ഇവിടത്തെ പാസിനൊപ്പം വരുന്ന സംസ്ഥാനത്തെ പാസും കരുതണം. അതിർത്തിയിൽ നിശ്ചയിക്കപ്പെട്ട ഉദ്യോഗസ്ഥരുടെ മാത്രം സാന്നിധ്യം മതിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മറ്റു സംസ്ഥാനങ്ങളിൽ നിന്ന് മലയാളികളെ എത്തിക്കുന്നതിന് പ്രത്യേക ട്രെയിൻ ഏർപ്പെടുത്താൻ ശ്രമം തുടരുന്നു. വളരെ അകലെയുള്ള സംസ്ഥാനങ്ങളിൽ കുടുങ്ങിയ വിദ്യാർത്ഥികളെ എത്തിക്കുന്നതിന് ശ്രമം നടക്കുന്നു. അന്തർസംസ്ഥാന യാത്രയ്ക്ക് വാഹനം ലഭിക്കുന്നില്ലെന്ന പരാതി പരിഹരിക്കുന്നതിന് സംവിധാനം ആലോചിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button