ന്യൂഡൽഹി: രാജ്യത്ത് അവശേഷിക്കുന്ന സിബിഎസ്‌ഇ പത്താംക്ലാസ് പരീക്ഷകള്‍ നടത്തേണ്ടതില്ലെന്ന് കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം. മാനവ വിഭവ ശേഷി മന്ത്രാലയം ഇക്കാര്യം ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് വഴി ആണ് അറിയിച്ചിരിക്കുന്നത്. കോവിഡ് ലോക്ക്ഡൗണ്‍ നീട്ടിയ പശ്ചാത്തലത്തിലാണ് തീരുമാനം. മെയ് 17 വരെയാണ് രാജ്യത്ത് കൊവിഡ് വ്യാപനം തടയുന്നതിന് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
മൂന്നാം ഘട്ട ലോക്ക് ഡൗൺ സാഹചര്യത്തില്‍ പരീക്ഷ നടത്തേണ്ടെന്ന് വിവിധ സംസ്ഥാനങ്ങള്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. അതേസമയം വടക്ക്-കിഴക്കന്‍ ദില്ലിയിലെ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമാണ് ഇനി പരീക്ഷ നടത്തുക. പൗരത്വ നിയമവുമായി ബന്ധപ്പെട്ട പ്രക്ഷോഭങ്ങളും തുടര്‍ന്ന് ദില്ലിയിലുണ്ടായ കലാപവും കാരണം പരീക്ഷകള്‍ നടത്താന്‍ സാധിച്ചിരുന്നില്ല. വടക്ക്-കിഴക്കന്‍ ദില്ലിയില്‍ ആറ് പരീക്ഷകളാണ് നടക്കാനുളളത്.
ഈ പരീക്ഷകളുടെ തിയ്യതി പ്രഖ്യാപിച്ചിട്ടില്ല. ഇത് പിന്നീട് പ്രഖ്യാപിക്കും. അതേസമയം പ്ലസ് ടു പരീക്ഷകളുടെ കാര്യത്തില്‍ തീരുമാനമായിട്ടില്ല.
പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ ഭാഗമായി 29 പേപ്പറുകളാണ് ഇനി പരീക്ഷ നടത്താനുളളത്. ഈ പരീക്ഷകള്‍ എപ്പോള്‍ നടത്താനാകും എന്ന കാര്യം മാനവവിഭവശേഷി മന്ത്രാലയം വ്യക്തമാക്കിയിട്ടില്ല. ഇക്കാര്യത്തില്‍ രണ്ട് ദിവസത്തിനകം തീരുമാനമെടുക്കും എന്നാണ് കേന്ദ്ര മാനവ വിഭവശേഷി മന്ത്രി രമേഷ് പൊക്രിയാല്‍ നിഷാങ്ക് അറിയിച്ചത്.
വിദ്യാര്‍ത്ഥികളുമായി സംഘടിപ്പിച്ച വെബിനാറില്‍ സംസാരിക്കവേയാണ് കേന്ദ്രമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം ജെഇഇ മെയിന്‍ നീറ്റ് പരീക്ഷകളുടെ തിയ്യതികള്‍ കേന്ദ്രം പ്രഖ്യാപിച്ചിട്ടുണ്ട്. ജൂലൈ 18 മുതല്‍ 23 വരെയാണ് ജെഇഇ പരീക്ഷ നടത്തുക. നീറ്റ് പരീക്ഷ ജൂലൈ 26നും നടത്തുമെന്ന് മന്ത്രി രമേഷ് പൊക്രിയാല്‍ നിഷാങ്ക് അറിയിച്ചു. ഏപ്രില്‍, മെയ് മാസങ്ങളിലായിട്ടാണ് ജെഇഇ, നീറ്റ് പരീക്ഷകള്‍ നടക്കേണ്ടിയിരുന്നത്. എന്നാല്‍ കൊവിഡ് ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ പരീക്ഷകള്‍ മാറ്റി വെക്കുകയായിരുന്നു.
Post Your Comments