തിരുവനന്തപുരം • കേരളത്തിൽ തിങ്കളാഴ്ചയും ആർക്കും കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കഴിഞ്ഞദിവസവും ആർക്കും സ്ഥിരീകരിച്ചിരുന്നില്ല. അതേസമയം വിവിധ ജില്ലകളിലായി 61 പേരുടെ പരിശോധനാഫലം നെഗറ്റീവായി രോഗമുക്തി നേടി. ഇതോടെ 462 പേരാണ് ഇതുവരെ കോവിഡിൽ നിന്നുംമുക്തി നേടിയത്. 34 പേരാണ് നിലവിൽ സംസ്ഥാനത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത്.
കണ്ണൂർ ജില്ലയിൽ നിന്നുള്ള 19 പേരും കോട്ടയം ജില്ലയിൽ നിന്നുള്ള 12 പേരും ഇടുക്കി ജില്ലയിൽ നിന്നുള്ള 11 പേരും കൊല്ലം ജില്ലയിൽ നിന്നുള്ള 9 പേരും കോഴിക്കോട് ജില്ലയിൽ നിന്നുള്ള 4 പേരും മലപ്പുറം, കാസർഗോഡ്, തിരുവനന്തപുരം ജില്ലകളിൽ നിന്നുള്ള രണ്ടു പേരുടെ വീതവും പരിശോധനാ ഫലമാണ് നെഗറ്റീവായത്. ഇതോടെ തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ കോവിഡ് രോഗികൾ ഇല്ലാത്ത ജില്ലയായി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 21,724 പേർ നിരീക്ഷണത്തിലാണ്. ഇവരിൽ 21,352 പേർ വീടുകളിലും 372 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 62 പേരെയാണ് തിങ്കളാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതുവരെ 33,010 വ്യക്തികളുടെ (ഓഗ്മെന്റഡ് സാമ്പിൾ ഉൾപ്പെടെ) സാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിൽ ലഭ്യമായ 32,315 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റിവ് ആണ്. ഇതുകൂടാതെ സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി ആരോഗ്യ പ്രവർത്തകർ, അതിഥി തൊഴിലാളികൾ, സാമൂഹിക സമ്പർക്കം കൂടുതലുള്ള വ്യക്തികൾ മുതലായ മുൻഗണനാ ഗ്രൂപ്പുകളിൽ നിന്ന് 2431 സാമ്പിളുകൾ ശേഖരിച്ചതിൽ 1846 സാമ്പിളുകൾ നെഗറ്റീവ് ആയി.
സംസ്ഥാനത്ത് തിങ്കളാഴ്ച പുതിയ ഹോട്ട് സ്‌പോട്ടുകൾ ഇല്ല. ആകെ 84 ഹോട്ട് സ്‌പോട്ടുകളാണ് നിലവിലുള്ളത്.
Post Your Comments