Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
KeralaLatest NewsNews

വാസ്തവത്തിൽ വളരെ ലളിതമായി ഈ ലോകത്ത് നമുക്ക് ജീവിച്ചു പോകാം എന്നും കോവിഡ് പഠിപ്പിച്ചു; ഭീകര കല്യാണങ്ങളുടെ ഓർമ്മയിൽ ഒരു ലളിതമായ കല്യാണം; വൈറലായി കൃഷ്‌ണ പൂജപ്പുരയുടെ കുറിപ്പ്

കോവിഡ് പശ്ചാത്തലത്തിൽ രാജ്യത്ത് ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ തുടരുകയാണ്. ആളുകൾ ഒത്തു കൂടുന്നതിനും, വിവാഹത്തിനും എല്ലാം കർശന നിയന്ത്രണങ്ങളാണ് ഉള്ളത്. കടന്നു പോയ വലിയ ആളും ആരവങ്ങളും ഉള്ള ഭീകര കല്യാണ ഓർമ്മകളും, ഇപ്പോൾ കണ്ട ലളിതമായ ഒരു കല്യാണത്തിന്റെ നല്ല നിമിഷണങ്ങളും പങ്കുവെച്ചിരിക്കുകയാണ് തിരക്കഥാകൃത്തായ കൃഷ്‌ണ പൂജപ്പുര.

കൃഷ്‌ണ പൂജപ്പുരയുടെ ഫേസ് ബുക്ക് കുറിപ്പിന്റെ പൂർണ രൂപം ചുവടെ

മരണം മുന്നിൽ കണ്ട നിമിഷങ്ങൾ
(ഒരു നല്ല കല്യാണവും)
**********************************
ഹോ!അത് ഭീകര നിമിഷങ്ങൾ ആയിരുന്നു. തീർന്നു എന്ന് തന്നെ ഉറപ്പിച്ചതാണ്.. സംഭവമോ?പറയാം. ഞാൻ ഒരു കല്യാണത്തിന് പോയതാണ്. കല്യാണത്തിൽ ശ്രദ്ധിക്കുകയാണ് എന്ന് മുഖഭാവം കൊണ്ട് വരുത്തി ഇരിക്കുകയാണ്.. എന്നാൽ കണ്ണും മനസ്സും സദ്യാലയത്തിൽ ആണ്.. താലികെട്ട് കഴിഞ്ഞു കഴിഞ്ഞില്ല എന്നായപ്പോൾ തന്നെ സദ്യ ഹാളിനു മുമ്പിൽ ഒരു ധ്രുവീകരണം കണ്ടുതുടങ്ങി.. ആദ്യ പന്തി കഴിഞ്ഞാൽ പിന്നെ നമ്മളെ വിളിക്കാനും ക്ഷണിക്കാനും ആരും കാണില്ലല്ലോ.. തനിക്ക് താനും പുരയ്ക്ക് തൂണും.. ഞാനും നൈസായി അങ്ങോട്ടു ചെന്നു.. അതാ ജനസഞ്ചയം വലുതാകുന്നു.. സദ്യ ഹാളിൽ പ്രവേശിക്കുന്നതിന്റെ ടെക്നിക്കൽ എക്സ്പെർട്ട് ആണ് ഞാൻ എങ്കിലും അന്ന് പിടി വിട്ടു പോയി.. ഹോളിന്റെ വാതിൽ തുറക്കുന്ന ആൾ തുറന്നിട്ട് ജീവനും കൊണ്ട് ഓടുകയാണ്.. ഒരു നിമിഷം വൈകിയാൽ മനുഷ്യ സുനാമി അയാളുടെ പുറത്തുകൂടി കയറിയിഇറങ്ങി അങ്ങ് പോകും.. ഹോ ഞാൻ പെട്ടു പോയി.. ശ്വാസം കിട്ടുന്നില്ല.. നിലവിളിക്കണമെന്നുണ്ട്… . പക്ഷേ ആരുടെയോ ബലിഷ്ഠമായ കൈമുട്ട് എന്റെ തൊണ്ടയെ ബ്ലോക്ക് ചെയ്തിരിക്കുകയാണ്.. ചെരിപ്പുകൾ പൊട്ടുന്ന ശബ്ദം.. ഷർട്ട് കീറുന്ന ശബ്ദം.. എല്ലുകൾ ഒടിയുന്ന ശബ്ദം.. ഒക്കെ കേൾക്കാം.. പണ്ട് മാമാങ്കത്തിൽ സാമൂതിരിയുടെ നിലപാട് തറയിലേക്ക് ചത്തും കൊന്നും പടവെട്ടി കയറുന്ന ചേകവന്മാരെ പോലെയായിരുന്നു ഓരോരുത്തരും.( തിരുവനന്തപുത്തൊക്കെ പന്തി എന്ന് പറയുന്നതിനു പകരം കളരി എന്ന പ്രയോഗിക്കുന്നത് ഇതൊക്കെ കൊണ്ടു കൂടിയാവാം.).. സമൂഹത്തിലെ ഒരു പരിച്ഛേദമാണ് ഞാനും എന്നോടൊപ്പം തള്ളുന്നവരും.. ഐഎഎസ്സുകാരൻ, ബാങ്ക് മാനേജർ, തൊഴിലാളി, ക്ലാർക്ക്, സൂപ്രണ്ട്, ഓട്ടോറിക്ഷാ ഡ്രൈവർ, സാംസ്കാരിക പ്രവർത്തകൻ,… പണ്ട് പടയോട്ടം 70mm സിനിമയുടെ ആദ്യദിവസം ടിക്കറ്റ് എടുക്കാൻ തീയേറ്റർ ഗുഹയിൽ ശ്വാസം മുട്ടിയത് ഇതിനു താഴയെ നിൽക്കു.. ഹോ.

അവസാനം അകത്തുകയറി..( അകത്തേക്ക് എറിയപ്പെട്ടു എന്നു പറയുന്നതാണ് ശരി) അപ്പോഴേക്കും ഹോൾ ഫുള്ളായി തുടങ്ങി.. അതാ അവിടെ ഒരു റോ ഒഴിവുണ്ട്..അങ്ങോട്ട് ഓടിയപ്പോൾ അത് തീർന്നു. അപ്പുറത്തെ വരിയിലേക്ക് ഓടി… ഞാൻ ചെന്നതും അവിടെ മറ്റൊരാൾ ഇരുന്നു കഴിഞ്ഞിരുന്നു.. ഞാൻ ചെല്ലുന്നിടമെല്ലാം ഫുൾ ആകുന്നു
ഇതിനിടെ “മതി ” “ഫുൾ ആയി” എന്നൊക്കെ ഔദ്യോഗിക അറിയിപ്പു വന്നു… ഞാൻ മൊബൈലിൽ ഒരു ഫോൺ വന്നത് പോലെ അഭിനയിച്ചു ചമ്മൽ മറച്ച് പുറത്തേക്ക് നടന്നു.. ജീവൻ തിരിച്ചുകിട്ടിയ സന്തോഷത്തിൽ,.

എന്റെ പ്രിയ സ്നേഹിതൻ സുധാകരന്റെ മകൾ അഞ്ജുവിന്റെ ലളിതവും മനോഹരവും ഹൃദ്യവും അനുകരണീയവു മായ കല്യാണത്തിന്റെ ഫോട്ടോകൾ നോക്കി ഇരുന്നപ്പോഴാണ് ഞാൻ മനുഷ്യമഹാസാഗരങ്ങളായ പരമ്പരാഗത കല്യാണത്തെക്കുറിച്ച് ചിന്തിച്ചത്.. വെൽഡൺ സുധാകരൻ വെൽഡൺ.. കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് വിവാഹം ലളിതമായി ഇപ്പോൾ നടത്തണമോ, അതോകോവിഡ് കഴിഞ്ഞു പിന്നീട് കുറച്ചൊന്ന് വിപുലമായിത്തന്നെ വേണമോ എന്ന് സുധാകരനും ചിന്തിച്ചത് ആണല്ലോ… എന്തായാലുംസുധാകരന്റെ ആശയങ്ങൾക്കും കാഴ്ചപ്പാടുകൾക്കും അനുസരിച്ച് അഞ്ജുവിന്റെ കല്യാണം ലളിതമായി നടത്തി.. 10 ആൾകാർ.. ഒരു വിളക്ക്.. പിന്നെ ലാളിത്യത്തിന്റെ സന്തോഷവും..

ആഹ്ലാദത്തോടൊപ്പം അസൂയയും ഉണ്ടാക്കി.

എനിക്ക് ചെയ്യാൻ സാധിക്കാത്തത് മറ്റൊരാൾ ചെയ്യുന്നത് കാണുമ്പോൾ ഉള്ള അസൂയ.. വാസ്തവത്തിൽ വളരെ ലളിതമായി ഈ ലോകത്ത് നമുക്ക് ജീവിച്ചു പോകാം എന്നും കോവിഡ് പഠിപ്പിച്ചു.

ഭീകര കല്യാണങ്ങൾ
*********************
ചില കല്യാണ ക്ഷണക്കത്തുകൾ കാണുമ്പോൾആലീസിന്റെഅത്ഭുതലോകത്തു ചെന്നത് പോലെയാണ്.. ചില കാർഡുകളുടെ കനം തന്നെ രണ്ടു രണ്ടര കിലോ വരും.. ചില കാർഡുകൾ ഹോം തിയേറ്റർപോലെയാണ്.. അലങ്കാര പണിയും മ്യൂസിക് സിസ്റ്റവും..
കല്യാണമണ്ഡപത്തിൽ നമ്മൾ ചെന്നുപെടുന്നത് എക്സിബിഷൻ ഹാളിൽ ചെന്നതുപോലെ ആണ്..ചുറ്റും സിസിടിവി.. മറ്റൊരിടത്ത് പാട്ട്. ഇതിനിടയിൽ നമ്മുടെ തലയ്ക്കുമുകളിലൂടെ ചന്നം പിന്നം പറക്കുന്ന ഡ്രോൺ.. ആദ്യമായി അത് കണ്ടപ്പോൾ ഏതോ ഒരു രാജ്യം നമ്മുടെ രാജ്യത്ത് ബോംബിടാൻ വേണ്ടി മൂളി പറന്ന് വരുന്നു എന്നാണ് വിചാരിച്ചത്.

ആഘോഷങ്ങൾ
*****************
ഒരുകാര്യംശരിയാണ്..ഇത്തരം
ആഘോഷങ്ങൾ, നമ്മെപ്പോലെ ഒരുപാടു പേരുടെ ജീവിതം കൂടിയാണ്..കാറ്ററിങ് കാർ അലങ്കാരപ്പണി നടത്തുന്നവർ.
കാശുള്ളവർ പൈസ മാർക്കറ്റിൽ റോൾ lചെയ്യുമ്പോഴേ എല്ലാവരുടെയും ജീവിതം മുൻപോട്ടു പോകൂ. ഒരാളിന്റെ ആഘോഷം മറ്റൊരാളിന്റെ ജീവിതവും കൂടിയാണ്..
പക്ഷേ ഇവിടെ നമ്മൾ സ്വന്തം പേഴ്സിലെ കാശ് നോക്കിയിട്ടല്ല മറ്റൊരാൾ ചെയ്യുന്നത് കണ്ടാണ് കാര്യങ്ങൾ നടത്തുന്നത്..

ആശാന്റെ നെഞ്ചത്തും കഴിഞ്ഞു കളരിക്ക് പുറത്ത് ആയിപ്പോയി…. കല്യാണം… അതിന്റെ തലേന്ന് മെഹന്തി.. അതിന്റെ തലേദിവസം ഹെൽദി.. അതിന്റെ തലേന്ന് സാരി ഉടുക്കൽ.
വളയിടൽ.. വരന്റെ വീട്ടിൽ പോകൽ.. നിശ്ചയം.. നിശ്ചയം എന്നു വേണമെന്ന് നിശ്ചയിക്കാൻ ഒരു ആഘോഷം. പെണ്ണുങ്ങൾ അങ്ങോട്ട് പോകൽ ആണുങ്ങൾ ഇങ്ങോട്ട് വരൽ.. അടുക്കള കാണൽ.. ഡൈനിങ് റൂം കാണൽ.. വരന്റെ പെങ്ങൾക്ക് സ്വർണ്ണം കൊടുക്കൽ.. തിരിച്ചിങ്ങോട്ട് മാലയിടൽ…… ഈ ആഘോഷങ്ങൾ ശരാശരികാരൻ ആചാരങ്ങൾ ആയിട്ട് എടുക്കുകയാണ്…
അതാണ് പ്രശ്നം.

സുധാകരന്റെ ഉറച്ച തീരുമാനങ്ങളിൽ അഭിനന്ദിക്കുന്നു.. കൂട്ടത്തിൽ പാടുകയും ഒഴുക്കിനൊത്ത് നീന്തുകയും ചെയ്യുന്ന എന്നെപ്പോലുള്ള ഭൂരിപക്ഷം പേരുടെ ഇടയിൽ സുധാകരനെ പോലുള്ളവരുടെ ചിന്തകൾ കുറച്ചുപേർക്കെങ്കിലും നല്ല മാതൃകകൾ ആകും.. ഒരു കല്യാണത്തോടെ യോ ഒരു വീട് വയ്‌പോടെയോ ഇരുന്നു പോകുന്ന ഒരുപാട് ജീവിതങ്ങൾ നമുക്ക് ചുറ്റുമുണ്ട്.. അവിടെയാണ് മാതൃകകൾ ആവശ്യമായി വരുന്നത്.
അഞ്ജു.. അഭിലാഷ്.. ആശംസകൾ..

shortlink

Related Articles

Post Your Comments

Related Articles


Back to top button