60 കഴിഞ്ഞ എല്ലാവര്‍ക്കും തുല്യ പെന്‍ഷന്‍… ഒരിന്ത്യ, ഒരു പെന്‍ഷന്‍ എന്ന ആശയത്തിലേയ്ക്ക് ഇന്ത്യ മാറണമെന്ന ആവശ്യം ശക്തമാകുന്നു. സാമ്പത്തിക മാന്ദ്യത്തിന് ഏക പരിഹാരം സാര്‍വ്വത്രിക പെന്‍ഷന്‍ മാത്രമാണ്. 60 വയസ്സ് കഴിഞ്ഞ എല്ലാവര്‍ക്കും തുല്യപെന്‍ഷന്‍ നല്‍കുന്ന സംവിധാനമാണ് സാര്‍വ്വത്രിക പെന്‍ഷന്‍. ഇതില്‍ സര്‍ക്കാര്‍ ജീവനക്കാരനെന്നോ കര്‍ഷകന്‍ എന്നോ കര്‍ഷക തൊഴിലാളി എന്നോ മത്സ്യ തൊഴിലാളി എന്നോ കച്ചവടക്കാരനെന്നോ
മുന്‍ ജനപ്രതിനിധി എന്നോ മന്ത്രിമാരുടെ മുന്‍ പേഴ്‌സണല്‍ സ്റ്റാഫ് എന്നോ മുന്‍ മന്ത്രി എന്നോ ഉള്ള വേര്‍തിരിവ് ആവശ്യമില്ല.
ഒരാള്‍ സര്‍ക്കാര്‍ ജോലിയില്‍ നിന്നും വിരമിക്കുന്നതിന് മുമ്പെ തന്നെ അദ്ദേഹത്തിന്റെ മക്കള്‍ക്ക് പ്രായ പൂര്‍ത്തിയാവുകയും ജോലി നേടുകയും ഒക്കെ ചെയ്തിട്ടുണ്ടാവും… അതുകൊണ്ട് പെന്‍ഷന്‍കാരനെയല്ലതെ, അദ്ദേഹത്തിന്റെ കുടുംബത്തെയും കൂടി പുലര്‍ത്താനുള്ള പെന്‍ഷന്‍ ജനങ്ങളുടെ നികുതി പണത്തില്‍ നിന്ന് നല്‍കുന്ന നിലവിലെ വ്യവസ്ഥിതി മാറിയേ തീരൂ..
കണക്കുകള്‍ ഇങ്ങനെ :
സര്‍ക്കാര്‍ നല്‍കുന്ന കണക്കനുസരിച്ച് 34,93,684 പേരാണ് കേരളത്തില്‍
60 വയസ്സ് കഴിഞ്ഞവരായിട്ടുള്ളത്. സര്‍ക്കാര്‍ നിലവില്‍ നല്‍കുന്ന ക്ഷേമ പെന്‍ഷന്‍ കേന്ദ്ര വിഹിതം ഉള്‍പ്പെടെ പ്രതിമാസം 1200 രൂപയാണ്. നിലവിലുള്ള എല്ലാ ക്ഷേമപെന്‍ഷന്‍കാര്‍ക്കും കൂടി പ്രതിമാസം സര്‍ക്കാര്‍ ചിലവഴിക്കുന്നത്, 419 കോടി രൂപയാണെങ്കില്‍ 3,97,448 സര്‍വ്വീസ് പെന്‍ഷന്‍കാര്‍ക്ക് മാത്രം ഒരു മാസം പെന്‍ഷന്‍ നല്‍കാന്‍ ചിലവഴിക്കുന്നത് 2018 കോടി രൂപയാണ്. അതായത് ഒരാള്‍ക്ക് പ്രതിമാസം ശരാശരി 50733 രൂപ !
60 വയസ്സ് കഴിഞ്ഞ എല്ലാവര്‍ക്കും പ്രതിമാസം 10000രൂപ വീതം പെന്‍ഷന്‍ നല്‍കാന്‍ ആകെ വേണ്ടത് പ്രതിമാസം 3891കോടി രൂപയാണ്. നിലവില്‍ സര്‍വ്വീസ് പെന്‍ഷനും ക്ഷേമ പെന്‍ഷനും മുന്‍ജനപ്രതിനിധികള്‍ക്കും മന്ത്രിമാരുടെ മുന്‍ പേഴ്‌സണല്‍ സ്റ്റാഫിനും പെന്‍ഷന്‍ നല്‍കാന്‍ ചിലവഴിക്കുന്ന തുകയും, അതിന്റെ കൂടെ സര്‍ക്കാര്‍ അനാവശ്യമായി ചിലവഴിക്കുന്ന തുകയും കൂടി ഉള്‍പ്പെടുത്തി 60 വയസ്സ് കഴിഞ്ഞ 3891132 പേര്‍ക്ക് പ്രതിമാസം 10000 രൂപ വെച്ച്, യാതൊരു ബുദ്ധിമുട്ടും ഇല്ലാതെ പ്രതിമാസം 10000 രൂപവീതം പെന്‍ഷന്‍ നല്‍കാന്‍ സാധിക്കും.
ഇപ്പോള്‍, വരവും ചിലവും കൂട്ടിമുട്ടിക്കാന്‍ കഴിയാത്ത സാധാരണക്കാരന്റെ കുടുംബങ്ങളില്‍ പ്രായമായവര്‍ ഒരു ബാധ്യതയായി മാറുകയാണ്. എന്നാല്‍ പ്രായമായ രക്ഷിതാക്കള്‍ക്ക് പ്രതിമാസം 10000 രൂപ പെന്‍ഷന്‍ ലഭിക്കാന്‍ തുടങ്ങിയാല്‍ രക്ഷിതാക്കളെ സംരക്ഷിക്കാന്‍ മക്കള്‍ തയ്യാറാവുക തന്നെ ചെയ്യും. ഇത് കേരളത്തിന്റെ സാമ്പത്തിക സാമൂഹ്യ മേഖലയില്‍ ഒരു വിപ്ലവം തന്നെ സൃഷ്ടിക്കുമെന്നതില്‍ തര്‍ക്കമില്ല.
Post Your Comments